എന്താണ് ജാതി സെന്‍സസ്?
ജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. - ജാതി സെന്‍സസിന്റെ അനിവാര്യതക്കൊരു മുഖവുര - ഭാഗം: 02
ജാതി സെന്‍സസ് ലളിതമായി പറഞ്ഞാല്‍ ജാതിതിരിച്ചുള്ള ആളുകളുടെ എണ്ണമാണ്. കേവലം എണ്ണം എന്നതല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണ് അത്. എന്തിനാണ് ഈ കണക്കിനെ ചിലര്‍ ഭയപ്പെടുന്നത്? ഉത്തരം ലളിതമാണ്;
ആ കണക്കുകള്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തും. പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് മനസ്സിലാകും. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകള്‍ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തില്‍ രാജ്യം എവിടെനില്‍ക്കുന്നു എന്നകാര്യം വെളിപ്പെടും. അപ്പോള്‍ പിന്നെ അധികാരം കൈവശം വെച്ചിരിക്കുന്നവര്‍ ആ കണക്കിനെ ഭയപ്പെടുന്നത് സ്വാഭാവികം.
ജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. അതിനാല്‍ത്തന്നെ വിവിധ ജാതിവിഭാഗങ്ങളെ കുറിച്ച കൃത്യവും കണിശവുമായ പഠനം ഇന്ത്യന്‍ സാമൂഹിക അവസ്ഥയെ മനസ്സിലാക്കാനും ഭരണപരമായ നടപടിക്രമങ്ങളെ കൂടുതല്‍ സൂക്ഷ്മതയിലും കൃത്യതയിലും പ്രയോഗിക്കാനും ഏറെ അനിവാര്യമാണ്, ജാതി സെന്‍സസ് എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4), 16(4) പ്രകാരം, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘുകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആര്‍ട്ടിക്കിള്‍ 38(2) പറയുന്നു. ഇതൊക്കെ കൃത്യമായി കണക്കാക്കാന്‍ നിലവില്‍ ഓരോ വിഭാഗത്തിന്റെയും എണ്ണവും സാമൂഹ്യാവസ്ഥയും അറിയണം.
ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക -തൊഴില്‍ -വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതു നിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. ഇന്ത്യന്‍ ജനതയില്‍ (75%) എഴുപത്തി അഞ്ചു ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ്. ജനസംഖ്യയിലെ മുക്കാല്‍ പങ്ക് വരുന്ന ആളുകള്‍ ആവശ്യപ്പെട്ടിട്ടും അങ്ങനെയൊന്ന് നടപ്പാക്കാന്‍ ഒരു ഭരണകൂടവും സന്നദ്ധമായില്ല എന്നത് വിചിത്രമാണ്. അതായത്, രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ ഭരണവര്‍ഗ്ഗമായ/ന്യൂനപക്ഷമായ അധീശ ജാതി വിഭാഗം ജാതി സെന്‍സസിനെ പേടിക്കുന്നു. ഇന്ത്യയിലിപ്പോള്‍ ജാതി വിവേജനങ്ങള്‍ ഒന്നുമില്ല, എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്, അതിനാല്‍ സംവരണത്തിന്റെ ആവശ്യമില്ല എന്നൊക്കെയുള്ള വാദങ്ങള്‍ ഇക്കൂട്ടര്‍ ഉയര്‍ത്താറുണ്ട്. അങ്ങനെയെങ്കില്‍ പിന്നെ എന്തിന് നിങ്ങള്‍ ജാതി സെന്‍സസിനെ എതിര്‍ക്കുന്നുവെന്ന് ചോദിച്ചാല്‍ ജാതി സെന്‍സസ് നടത്തിയാല്‍ ജാതി സ്പര്‍ധ വളരാന്‍ കാരണമാകുമെന്ന പ്രതിലോമവാദത്തിനപ്പുറം കൃത്യമായ ഉത്തരം അവര്‍ക്കുണ്ടാവില്ല.
ജാതിസെന്‍സസിന്റെ അനിവാര്യത
ആര്‍ക്കൊക്കെ, ഏതൊക്കെ അളവില്‍ സംവരണം കൊടുക്കണം എന്നത് തിട്ടപ്പെടുത്താന്‍ ജാതിസെന്‍സസ് അനിവാര്യമാണ്. അഥവാ അധികാരപങ്കാളിത്തം പ്രാതിനിധ്യം എന്നിവയില്‍ ആരൊക്കെയാണ് പിന്തള്ളപ്പെട്ടത്, ആര്‍ക്കൊക്കെ പ്രത്യേക പരിഗണന നല്‍കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കും. വികസന പദ്ധതികള്‍ സന്തുലിതമാക്കാനും ജാതിസെന്‍സസ് അനിവാര്യം തന്നെയാണ്.
നിലവില്‍ ലഭ്യമായ ജാതിതിരിച്ച ഡാറ്റാ വിവരങ്ങള്‍ക്ക് 90 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതേസമയം നിരവധി ക്ഷേമ പരിപാടികള്‍ക്ക് ജാതികളെ അടിസ്ഥാനമായി കണക്കാക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4), 16(4) പ്രകാരം, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘുകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആര്‍ട്ടിക്കിള്‍ 38(2) പറയുന്നു. ഇതൊക്കെ കൃത്യമായി കണക്കാക്കാന്‍ നിലവില്‍ ഓരോ വിഭാഗത്തിന്റെയും എണ്ണവും സാമൂഹ്യാവസ്ഥയും അറിയണം. ജാതിസെന്‍സസ് അനിവാര്യമാകുന്നത് അവിടെയാണ്.
ജാതി കണക്കിന്റെ ചരിത്രം
ബ്രിട്ടീഷ് ഇന്ത്യയില്‍ 1931 വരെ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. ഭരണഘടനയുടെ 340-ാം അനുഛേദ പ്രകാരം ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ (Other Backward Communities) അവസ്ഥയെയും പ്രാതിനിധ്യത്തെയും പറ്റി വിലയിരുത്താന്‍ ജനുവരി 29, 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ കാക്കാ-കലേല്‍ക്കര്‍ കമീഷനെ നിയോഗിക്കുകയും 1955 മാര്‍ച്ച് 30 ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിലുള്ള നിഗമനങ്ങളോട് സര്‍ക്കാറിനുള്ള വിയോജിപ്പ്മൂലം തള്ളിക്കളയുകയാണുണ്ടായത്. പിന്നീട് വിവിധ തലങ്ങളില്‍നിന്നുള്ള സമ്മര്‍ദഫലമായി 1979ല്‍ അന്നത്തെ പ്രധാനമന്ത്രി മോറാര്‍ജി ദേശായി മേല്‍പ്പറഞ്ഞ വിഷയത്തെത്തന്നെ ആധാരമാക്കി പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.പി മണ്ഡലിനെ നിയമിച്ചു. 1980ല്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒന്നര പതിറ്റാണ്ടോളം അതിന്മേല്‍ നടപടിയൊന്നുമുണ്ടായില്ല. സാമൂഹിക ക്രമത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും ദലിതുകള്‍ക്കുമിടയില്‍ ധാരാളമായുള്ള മറ്റു പിന്നാക്ക ജാതികള്‍ എന്ന വിഭാഗത്തിന് അധികാരത്തിലും പദവിയിലും തക്കതായ പ്രാതിനിധ്യം ലഭിക്കാന്‍ ഉതകും വിധം സംവരണത്തിന്റെ ഗണ്യമായ വിപുലീകരണത്തിന് കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. 1931ലെ അവസാന ജാതി സെന്‍സസിലെ ഡാറ്റ ഉപയോഗിച്ച് കമീഷന്‍ നിര്‍ണ്ണയിച്ച ഇക്കൂട്ടര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 52% ആയിരുന്നു.
ബീഹാറാല്‍ ജാതി സെന്‍സ് നടത്തുന്ന ഉദ്യോഗസ്ഥ
1955ലെ കാക്കാ-കലേല്‍ക്കര്‍ കമീഷന്‍ സര്‍ക്കാരിന് മുമ്പാകെ വെച്ച ശിപാര്‍ശകളില്‍ ആദ്യത്തേത് 1961 മുതല്‍ ജാതി സെന്‍സസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എണ്‍പതുകളില്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ജാതി സെന്‍സസ് എന്നത് വീണ്ടും സജീവ ചര്‍ച്ചാവിഷയമായി. 1990ല്‍ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരായ വി.പി സിങ് സര്‍ക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന പുതിയ വിഭാഗത്തെ ഉള്‍പ്പെടുത്തി മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ദലിത്, ആദിവാസി സംവരണങ്ങള്‍ക്കൊപ്പം ഇന്ന് ഒ.ബി.സി സംവരണവും ഭരണഘടനാപരമായി സാധുതയുള്ള ഒരു സംവരണ വിഭാഗമാണ്.
എന്തുകൊണ്ട് ജാതി സെന്‍സസിനെ എതിര്‍ക്കുന്നു?
മൊത്തം ജനസംഖ്യയില്‍ 25.2 ശതമാനം വരുന്ന പട്ടികജാതി/പട്ടിക്കവര്‍ഗത്തിന്റെ വിദ്യാഭ്യാസപരവും ഉദ്യോഗപരവും നിയമനിര്‍മാണ സഭകളിലെ പ്രാതിനിനിധ്യപരവുമായ സംവരണം ഭരണഘടനയുടെ ഖണ്ഡികകളിലൂടെ ഉറപ്പാക്കപ്പെട്ടിരിക്കെ അതിന്മേല്‍ തൊട്ടുകളിക്കുക തല്‍ക്കാലം നടപ്പുള്ള കാര്യമല്ല. എന്നാല്‍, സാമൂഹികവും വദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ അഥവാ ഒ.ബി.സി കൂടി സംവരണത്തിന് അര്‍ഹരാണെന്ന ഭരണഘടന നല്‍കുന്ന ഉറപ്പ് പലപ്പോഴും പല സംസ്ഥാനങ്ങളിലും ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് മാറ്റതിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്. തല്‍സംബന്ധമായ പരാതികളും വിവാദങ്ങളും ഇപ്പോഴും സജ്ജീവമാണ്.
പുതിയ സെന്‍സസിലൂടെ മറ്റു പിന്നോക്ക സമുദായങ്ങളുടെ യഥാര്‍ഥ കണക്ക് കണ്‍മുമ്പാകെ വന്നാല്‍ കേന്ദ്ര - സംസ്ഥാന സര്‍വീസുകളിലെ സവര്‍ണ്ണ കുത്തക അനിഷേധ്യമായി വെളിപ്പെടും. ജനസംഖ്യാപരമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ നഗ്‌നമായ ചിത്രം തെളിയും. ഇതാകട്ടെ, ഏറ്റവും അലോസരപ്പെടുത്തുക സവര്‍ണ്ണ മേധാവിത്വത്തെയാവും എന്നതും സുനിശ്ചിതമാണ്. കൂടാതെ, പല സംസ്ഥാനങ്ങളിലും ചില ജാതികള്‍ പിടിച്ചുവാങ്ങിയ അമിത പ്രാതിനിധ്യവും ശക്തമായി ചോദ്യം ചെയ്യപ്പെടും. അപ്പോള്‍ പിന്നെ അത്തരമൊരു കണക്കേ ഇല്ലെന്ന് നടിക്കലാണല്ലോ ബുദ്ധി.
അതുകൊണ്ട് തന്നെയാണ് 2023 ജൂലൈ 25ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഒരു ചോദ്യത്തിനുത്തരമായി ലോക് സഭയില്‍ പറഞ്ഞത്: 'സ്വാതന്ത്ര്യത്തിന് ശേഷം എസ്. സി/എസ്.ടി യുടേതല്ലാത്ത ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഇന്ത്യന്‍ ഗവണ്മെന്റ് എടുത്തിട്ടില്ല' എന്ന്. പക്ഷെ, നാഷ്ണല്‍ സാമ്പിള്‍ സര്‍വ്വേ തുടരുന്നേടത്തോളം കാലം വിവിധ ജാതികളുടെ ജനസംഖ്യ പൂര്‍ണ്ണമായി തമസ്‌ക്കരിക്കുക സാധ്യമല്ല. കൃത്യമായ കണക്ക് ലഭ്യമാവില്ല എന്നേയുള്ളൂ. മതം തിരിച്ച കണക്ക് സെന്‍സസില്‍ രേഖപ്പെടുത്തുന്നുണ്ടെന്നിരിക്കെ ജാതി ഒഴിവാക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
രണ്ടാം പിന്നാക്ക വിഭാഗ കമീഷന്റെ റിപ്പോര്‍ട്ട് ബി.പി മണ്ഡല്‍ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന് സമര്‍പ്പിക്കുന്നു.
ജാതി സെന്‍സസിന്റെ കേരളീയ പരിസരം
ബീഹാറില്‍ ജാതിസെന്‍സസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകും മുമ്പ്തന്നെ കേരളത്തില്‍ ജാതിസെന്‍സസുമായി ബന്ധപ്പെട്ട നിയമചര്‍ച്ചകള്‍ കോടതിയുടെ മുമ്പാകെ എത്തിയിട്ടുണ്ട്. ഇന്ദ്രാ/സാഹ്നി കേസില്‍ സുപ്രീം കോടതി പറഞ്ഞ പ്രകാരം പത്തു വര്‍ഷം കൂടുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റ് പുനഃപരിശോധിക്കണം. അതില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ തക്കതായ (Adequate) പ്രാതിനിധ്യം ലഭിച്ചുവെന്ന് വിശകലനം നടത്തി സംവരണ തോത് പുതുക്കി നിശ്ചയിക്കണം. ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഓരോ സമുദായങ്ങളുടെയും പ്രാതിനിധ്യവും അതിനനുസരിച്ചുള്ള സംവരണ തോതും കണക്കാക്കാന്‍ സമുദായങ്ങളുടെ ജാതി തിരിച്ച കണക്ക് ലഭ്യമല്ല എന്നായിരുന്നു കേരളസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. മാത്രമല്ല, 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സോഷ്യോ - ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനാല്‍ സംവരണ തോത് പുതുക്കി നിശ്ചയിക്കാന്‍ കഴിയില്ലെന്നുള്ള ന്യായവും കേരള സര്‍ക്കാര്‍ നിരത്തുകയുണ്ടായി.
(തുടരും)
അവലംബം: ജാതിസെന്‍സ്, എയ്ഡഡ് സ്പാനങ്ങളിലെ നിയമനം, ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി പഠനരേഖ.