ബി.ജെ.പിയുമായി സഖ്യം ചേരാത്തവരാര് എന്നതാവണോ ചര്‍ച്ചാ വിഷയം
കേരളത്തിന് പുറത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യാനും പ്രചരണം നടത്താനും സി.പി.എമ്മുകാരും തിരിച്ച് ചുരുക്കം ഇടങ്ങളിലാണെങ്കിലും അരിവാളിന് വോട്ട് ചെയ്യാനും പ്രചരണം നടത്താനും കോണ്‍ഗ്രസ്സുകാരും പ്രയത്‌നിക്കുന്ന കാലമാണ് എന്ന വസ്തുത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മറക്കാനാവുന്നതല്ല.
ബി.ജെപിയിലേക്കുള്ള കൂടുമാറ്റവും ബി.ജെ.പി ധാരണയും ഒക്കെ കേരളത്തില്‍ വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണല്ലോ നടക്കുന്നത്. എന്നാല്‍, ബി.ജെ.പിയുമായി ഇതുവരെ ധാരണയുണ്ടാക്കിയവര്‍ ആരെല്ലാം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എളുപ്പമല്ല. ആരാണ് ധാരണയുണ്ടാക്കാത്തത് എന്നതാണ് ഉത്തരം തേടേണ്ട ചോദ്യം.
ആംആദ്മി പോലുള്ള ന്യൂ ജനറേഷന്‍ പാര്‍ട്ടികള്‍ മാറ്റി നിര്‍ത്തിയാല്‍ മതേതര പാര്‍ട്ടികളായി അറിയപ്പെടുന്നതും പ്രഖ്യാപിക്കപ്പെട്ടതുമായ ഒട്ടുമിക്ക പാര്‍ട്ടികളും ബി.ജെ.പിയുമായോ അവരുടെ പൂര്‍വ്വ രൂപമായ ജനസംഘവുമായോ നേരിട്ട് രാഷ്ട്രീയ സഖ്യം ചേര്‍ന്നവരാണ്. അവരുമായി രാഷ്ട്രീയ സഖ്യം ചേരാത്ത വലിയ പാര്‍ട്ടികളായി പറയാവുന്നത് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും മാത്രമാണ്. (ഈ പാര്‍ട്ടികളിലെയും പല നേതാക്കളും ബി.ജെ.പിയിലേക്ക് കൂടുമാറിയിട്ടുണ്ട്, ഇനിയും മാറിയേക്കും എന്നതിനെയും നിഷേധിക്കാനാവില്ല)
1989 ല്‍ ജനതാദള്‍, ബി.ജെ.പി എന്നിവയുമായി നേരിട്ട് സഖ്യമില്ലെങ്കിലും പരസ്പരം മത്സരിക്കാതെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏകോപിത നിലപാടില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും അതുവരെ രണ്ട് സീറ്റുള്ള ബി.ജെ.പിക്ക് 89 സീറ്റുകളായി ലോക്‌സഭയില്‍ അംഗസംഖ്യ ഉയര്‍ത്താനും കഴിഞ്ഞത് ജനതാദളും ഇടതുപാര്‍ട്ടികളും തെലുങ്കുദേശം ഡി.എംകെ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന ദേശീയ മുന്നണിയുടെ പിന്തുണയാണ്.
സി.പി.ഐ(എം), സി.പി.ഐ, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി, ജനതാദള്‍ (ഇപ്പോള്‍ പോലും കര്‍ണാടകയില്‍ ബി.ജെ.പി പക്ഷവും കേരളത്തില്‍ ഇടതുപക്ഷവുമാണ് അവര്‍), അകാലി ദള്‍, എ.ഐ.ഡി.എം.കെ തുടങ്ങി ഇന്‍ഡ്യ മുന്നണിയില്‍ ഉള്ളവരും ഇല്ലാത്തവരുമായ പാര്‍ട്ടികളെല്ലാം പല സന്ദര്‍ഭങ്ങളിലും ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യവും ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പി വിരുദ്ധ നിലപാടില്‍ ചാരിത്ര പ്രഖ്യാപനം നടത്തുന്ന സി.പി.എം രണ്ടുതവണ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപങ്ങളുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. സി.പി.ഐ (എം) 1977 ല്‍ ജനസംഘം ലയിച്ച ആര്‍.എസ്.എസ് പിന്തുണയുള്ള ജനതാപാര്‍ട്ടിയുമായി ചേര്‍ന്നാണ് തെരഞ്ഞെടപ്പിനെ നേരിട്ടത്. 77 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ സാക്ഷാല്‍ കെ.ജി മാരാരായിരുന്നു സി.പി.എം പിന്തുണയുള്ള സ്ഥാനാര്‍ഥി.
1989 ലാകട്ടെ ജനതാദള്‍, ബി.ജെ.പി എന്നിവയുമായി നേരിട്ട് സഖ്യമില്ലെങ്കിലും പരസ്പരം മത്സരിക്കാതെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏകോപിത നിലപാടില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും അതുവരെ രണ്ട് സീറ്റുള്ള ബി.ജെ.പിക്ക് 89 സീറ്റുകളായി ലോക്‌സഭയില്‍ അംഗസംഖ്യ ഉയര്‍ത്താനും കഴിഞ്ഞത് ജനതാദളും ഇടതുപാര്‍ട്ടികളും തെലുങ്കുദേശം ഡി.എംകെ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന ദേശീയ മുന്നണിയുടെ പിന്തുണയാണ്.
ആ തെരഞ്ഞെടുപ്പു കാലത്ത് ഇ.എം.എസിന് ഡല്‍ഹിയിലും തിരുവനന്തപുരത്തും വോട്ടുണ്ടായിരുന്നു. എവിടെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇ.എംഎസ് വോട്ടു ചെയ്യുക എന്ന് അന്ന് തമാശ പ്രചരിച്ചിരുന്നു. ഡല്‍ഹിയിലാണെങ്കില്‍ താമര ചിഹ്നത്തില്‍ എല്‍.കെ അദ്വാനിക്ക് വോട്ട് ചെയ്യണം. തിരുവനന്തപുരത്താണെങ്കില്‍ ത്രാസ് ചിഹ്നത്തില്‍ ഒ.എന്‍.വി കുറുപ്പിന് വോട്ട് ചെയ്യണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ എവിടെ പോകണം എന്നതായിരുന്നു ആ തമാശ.
1989 ലെ വി.പി സിംഗ് സര്‍ക്കാര്‍ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും പുറത്തുനിന്ന് പിന്താങ്ങിയ സര്‍ക്കാരായിരുന്നു. സര്‍ക്കാരിന്റെ കോമണ്‍ മിനിമം പരിപാടി മോണിറ്റര്‍ ചെയ്യുന്ന സമിതിയില്‍ വാജ്‌പേയി എല്‍.കെ അദ്വാനി എന്നിവരോടൊപ്പം സാക്ഷാല്‍ ഇ.എം.എസും ഉണ്ടായിരുന്നു.
ഇപ്പോള്‍ അതൊന്നും പക്ഷേ പ്രസക്തമല്ല. ഏറെ വെള്ളവും മണ്ണും ഒക്കെ ഒലിച്ചുപോയി. ബി.ജെ.പിയെ പാരജയപ്പെടുത്താന്‍ ചേരാവുന്ന എല്ലാവരും ഒത്തുചേരുക എന്നതിലാണ് ഇന്ന് രാജ്യത്തെ പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് വൈരുധ്യങ്ങളുണ്ടെങ്കിലും ഇന്‍ഡ്യാ മുന്നണി എന്ന മതേതര ജനാധിപത്യ സഖ്യം രൂപപ്പെട്ടത്. കേരളത്തില്‍ പക്ഷേ ഗ്വാഗ്വാ വിളിയാണ്. അതിരു വിട്ടതും നിലവാരം താണതുമായ പ്രയോഗങ്ങള്‍ മുഖ്യമന്ത്രിയടക്കം നടത്തുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്കും സി.പി.എം മുന്നണിക്കും പരസ്പരം മത്സരിക്കേണ്ടത് രാഷ്ട്രീയ അനിവാര്യതയാണ്. അതു മനസ്സിലാക്കി സൗഹൃദ മത്സരം എന്ന അന്തരീക്ഷം ഉയര്‍ത്തുന്ന ഉന്നത രാഷ്ട്രീയ നിലാപാട് പക്ഷേ കാണുന്നില്ല.
കേരളത്തിന് പുറത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യാനും പ്രചരണം നടത്താനും സി.പി.എമ്മുകാരും തിരിച്ച് ചുരുക്കം ഇടങ്ങളിലാണെങ്കിലും അരിവാളിന് വോട്ട് ചെയ്യാനും പ്രചരണം നടത്താനും കോണ്‍ഗ്രസ്സുകാരും പ്രയത്‌നിക്കുന്ന കാലമാണ് എന്ന വസ്തുത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മറക്കാനാവുന്നതല്ല. ബി.ജെ.പിയുമായി സഖ്യം ചേരാത്തവരാര് എന്നതാവണോ കേരളത്തിലെ ചര്‍ച്ചാ വിഷയം.