രാജീവ് ചന്ദ്രശേഖറിനെ ഭയക്കുന്നതാര്? ബെന്‍സലയുടെ ചോദ്യം മലയാളികളോടാണ്

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാവുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. എന്നാല്‍, അവ്‌നി ബന്‍സല അടക്കം നല്‍കിയ പരാതികളില്‍ തീരുമാനമെടുക്കാതെ കൈയൊഴിയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് കേസിന് പോകാമെന്ന് വിചിത്ര വിശദീകരണമാണ് പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയത്.

Update: 2024-04-29 14:22 GMT
Advertising

രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. പ്രമുഖരായ മൂന്ന് നേതാക്കളുടെ സ്ഥാനാര്‍ഥിത്വം ശക്തമായ ത്രീകോണ മത്സരത്തിലേക്കാണ് മണ്ഡലത്തെ എത്തിച്ചിരിക്കുന്നത്. എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരും കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനും തമ്മിലാണ് പ്രധാന മത്സരം. തുടര്‍ച്ചയായി മൂന്നു തവണ തിരുവനന്തപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശിതരൂരിന് പ്രധാന പ്രതിയോഗിയായി നിലകൊള്ളുന്നത് രാജീവ് ചന്ദ്രശേഖര്‍ ആണ്.

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് സാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഏതുവിധേനയും കേരളത്തില്‍നിന്ന് ഒരു എം.പിയുണ്ടാവുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം അനായാസം നേടിയെടുക്കാന്‍ കഴിയില്ല എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ശക്തനായ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള നീണ്ട തിരച്ചിലിനൊടുവിലാണ് സ്ഥാനാര്‍ഥിത്വം രാജീവ്  ചന്ദ്രശേഖറിലേക്ക് എത്തുന്നത്.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ വലിയതോതിലുള്ള പി.ആര്‍ വര്‍ക്കുകളാണ് രാജീവ് ചന്ദ്രശേഖറിനുവേണ്ടി മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് തന്റെ പി.ആര്‍ തിളക്കങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അപാകതകള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. യഥാര്‍ഥ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമീഷനില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നാണ് പരാതി. എന്നാല്‍, വളരെ ഗൗരവപ്പെട്ട ഒരു പരാതിയായിട്ടുപോലും മാധ്യമങ്ങള്‍ വിഷയം വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.

സുപ്രീംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അവനി ബെന്‍സലാണ് പരാതിയുമായി ആദ്യം രംഗത്തുവന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഇതേ പരാതിയുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തുവന്നു. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെ ആസ്തി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചു എന്നാണ് അവനി ബെന്‍സല്‍ ആരോപിക്കുന്നത്. തനിക്കും ഭാര്യക്കും കൂടി ആകെ 36 കോടി രൂപയുടെ ആസ്തിയാണ് ഉള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത്. എന്നാല്‍, 8000 കോടിയുടെ ആസ്തി

മറച്ചുവെച്ചു എന്നാണ് പരാതി. 2018-ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് 65 കോടിയായിരുന്നു ആസ്തി. ഏതാണ്ട് പകുതിയോളം ആസ്തി കുറഞ്ഞതായാണ് വെളിപ്പെടുത്തല്‍. സ്വന്തം പേരില്‍ 23.65 കോടിയും ഭാര്യയുടെ പേരില്‍ 12.47 കോടിയുമുള്ളതായാണ് സത്യവാങ്മൂലത്തിലുള്ളത്.

2021-2022 വര്‍ഷത്തില്‍ ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നികുതി ഇനത്തില്‍ 680 രൂപ യും 2021-2023ല്‍ 5,59,200 രൂപയുമാണ് നികുതിയടക്കേണ്ട വരുമാനമായി കാണിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ തന്റെ സമ്പത്ത് വിവരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലെ രേഖപ്പെടുത്തിയത് തെറ്റാണെന്നും അത് വ്യക്തമായും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി അഴിമതി നടത്താനുമുള്ള ശ്രമമാണെന്നും ബന്‍സാല്‍ ആരോപിക്കുന്നു. ജുപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അടക്കം തന്റെ പ്രധാന ആസ്തികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, സബ്സിഡിയറി കമ്പനികളിലെ ഷെയര്‍ ഹോള്‍ഡിംഗുകള്‍ വെളിപ്പെടുത്തുന്നുമുണ്ട്. 2019 ലും ഈ വിഷയത്തില്‍ ഇലക്ഷന്‍ കമീഷന് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് കമീഷന്‍ പരാതി സി.ബി.ഡി.ടിക്ക് Central Board of Direct Taxes (CBDT) അയച്ചു. എന്നാല്‍, ഇപ്പോഴും ഈ വിഷയത്തില്‍ നടപടിയൊന്നും ഉണ്ടായട്ടില്ലെന്നും ബെന്‍സല ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കമീഷന്റെ നിയമ പ്രകാരം, ഒരു സ്ഥാനാര്‍ഥി വ്യാജ സത്യവാങ് മൂലം സമര്‍പ്പിച്ചുവെന്ന് കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്കെതിരേ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ആ സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലത്തിലെ ക്രിമിനല്‍ കോടതിയെ സമീപിക്കണം എന്നായിരുന്നു നിയമം. പിന്നീട് തെരെഞ്ഞെടുപ്പ് കമീഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി. റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം എന്നാക്കി. ഇതുപ്രകാരം 2022 ല്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി കത്ത് അയച്ചു. 

തന്റെ ജോലി പൊതുപ്രവര്‍ത്തനമാണെന്നും സ്വന്തം പേരില്‍ ഒരു വാഹനം മാത്രമാണുള്ളതെന്നും സ്വന്തമായി വീടില്ലെന്നും തുടങ്ങിയ വിവരങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കൗട്ട് ബൈക്കാണ് കൈവശമുള്ള ഏക വാഹനമായി സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍, 2012-ല്‍ ദി ഫിനാന്‍ഷ്യല്‍ ടൈംസിന് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അഭിമുഖത്തില്‍ ലംബോര്‍ഗിനിയും ജെറ്റ് വിമാനവും തനിക്കുണ്ടെന്ന് രാജീവ് തന്നെ വെളിപ്പെടുത്തിന്നുണ്ട്. ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജൂപിറ്റര്‍ ഏവിയേഷന്‍ കമ്പനിയുടെ പേരിലാണ്.

കമ്പനിയുടെ പേര് പോലും തെരഞ്ഞെടുപ്പ് കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഓഹരി നിക്ഷേപമുള്ള കമ്പനികളുടെ പട്ടികയില്‍ നല്‍കിയിട്ടില്ല. സത്യവാങ്മൂലത്തില്‍ 52,761 രൂപ കൈവശവും എട്ടു ബാങ്കുളിലായി 10.38 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 3.25 കോടിയുടെ സ്വര്‍ണ നിക്ഷേപം സ്വന്തമായും 3.59 കോടിയുടെ സ്വര്‍ണ നിക്ഷേപം ഭാര്യയുടെ പേരിലുമുണ്ട്.

ബംഗളൂരിലെ കോറമംഗലയില്‍ 14.40 കോടി രൂപയുടെ ഭൂമിയുണ്ട്. സ്വന്തം പേരില്‍ 19.41 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 1.63 കോടി രൂപയുടെയും ബാധ്യത. ആറ് സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപവും മൂന്ന് സ്ഥാപനങ്ങളില്‍ പങ്കാളിത്ത നിക്ഷേപവുമുണ്ട്. ഭാര്യ അഞ്ജുവിന്റെ പേരില്‍ വിവാദമായ നിരാമയ റിട്രീറ്റ്സ് കോവളം പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ 15 സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തി തന്റെ ഉടമസ്ഥതയെ മറച്ചുവെക്കുന്ന തന്ത്രമാണ് അദ്ധേഹം സ്വീകരിച്ചിക്കുന്നത്. കമ്പനി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഒളിപ്പിച്ച കോടികളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം. 

ചന്ദ്രശേഖര്‍ തന്റെ മൊത്തം സ്ഥാവര ജംഗമ സ്വത്തായി ഏകദേശം 9.25 കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഇത് വസ്തുതാപരമായി തെറ്റാണ്. ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍, കമ്പനികളിലെയും മ്യൂച്വല്‍ ഫണ്ടുകളിലെയും യൂണിറ്റുകള്‍ എന്നിവയിലെ നിക്ഷേപങ്ങളിലായി ഏകദേശം 45 കോടി രൂപ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളില്‍ നിന്നും കമ്പനികളില്‍നിന്നും നിന്നും ലഭിക്കേണ്ട തുകകള്‍ - ആസ്തികള്‍ ഏകദേശം 41 കോടി രൂപയാണെന്നും എന്നാല്‍ അതും മൊത്ത മൂല്യത്തില്‍ ചേര്‍ത്തിട്ടില്ലെന്നും ബെന്‍സല പറയുന്നു. മൊത്തം ജംഗമ ആസ്തികള്‍ ഏകദേശം 9 കോടി രൂപ മാത്രമാണെന്ന് കാണിക്കുന്നത്. ഇതും വസ്തുതാപരമായി തെറ്റാണ്.

ജനപ്രാതിനിധ്യ നിയമം 1951, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ 1961 പ്രകാരം രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശം നിരസിക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിന് അധികാരമുണ്ട് എന്ന് ബെന്‍സല വാദിക്കുന്നു. ഒരു സത്യവാങ്മൂലത്തിന്റെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു റിട്ടേണിംഗ് ഓഫീസര്‍ ബാധ്യസ്ഥനാണ്. ഇല്ലെങ്കില്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടാം. സമര്‍പ്പിച്ചുകഴിഞ്ഞാല്‍, സത്യവാങ്മൂലം അപ്ലോഡ് ചെയ്യും. സത്യവാങ്മൂലത്തെ ചോദ്യം ചെയ്തുകൊണ്ട് ആര്‍ക്കും ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി സമര്‍പ്പിക്കാം. 2018 ല്‍ രാജീവ് ചന്ദ്രശേഖര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചു കൊണ്ടാണ് രാജ്യസഭ തെരഞ്ഞടുപ്പില്‍ വിജയിച്ചതെന്ന് അവനി ബെന്‍സല ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമീഷന്റെ നിയമ പ്രകാരം, ഒരു സ്ഥാനാര്‍ഥി വ്യാജ സത്യവാങ് മൂലം സമര്‍പ്പിച്ചുവെന്ന് കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്കെതിരേ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ആ സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലത്തിലെ ക്രിമിനല്‍ കോടതിയെ സമീപിക്കണം എന്നായിരുന്നു നിയമം. പിന്നീട് തെരെഞ്ഞെടുപ്പ് കമീഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി. റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം എന്നാക്കി. ഇതുപ്രകാരം 2022 ല്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി കത്ത് അയച്ചു. കത്തില്‍ പറഞ്ഞത് പ്രകാരം ഞങ്ങളുടെ പരാതി സ്വീകരിച്ചുവെന്നും വിശദാംശങ്ങള്‍ക്കായി സി.ബി.ഡി.റ്റിക്ക് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന്) അയച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാവുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. എന്നാല്‍, അവ്‌നി ബന്‍സല അടക്കം നല്‍കിയ പരാതികളില്‍ തീരുമാനമെടുക്കാതെ കൈയൊഴിയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് കേസിന് പോകാമെന്ന് വിചിത്ര വിശദീകരണമാണ് പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയത്.

സത്യവാങ്മൂലത്തിന്റെ പകര്‍പ്പുകള്‍ സഹിതം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് അയച്ചതിനാല്‍ വകുപ്പ് വിഷയത്തെ കുറിച്ച് പഠിക്കുമെന്നും അതോടൊപ്പം, റവന്യൂ വകുപ്പ് ആരോപണങ്ങളുടെയും പരാതിയുടെയും നിജസ്ഥിതി അറിയാനും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ശ്രമിക്കുമെന്നുമായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇന്നുവരെ നല്‍കിയ പരാതിയിന്മേല്‍ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. എന്ന് മാത്രല്ല രാജീവ് ചന്ദ്രശേഖര്‍ വീണ്ടും വ്യാജ സത്യവാങ്മൂലം നല്‍കി വീണ്ടും ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയിരിക്കുന്നു - ബെന്‍സല വ്യക്തമാക്കുന്നു

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാവുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. എന്നാല്‍, അവ്‌നി ബന്‍സല അടക്കം നല്‍കിയ പരാതികളില്‍ തീരുമാനമെടുക്കാതെ കൈയൊഴിയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് കേസിന് പോകാമെന്ന് വിചിത്ര വിശദീകരണമാണ് പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയത്. 

ഇതിനിടെ ബെന്‍സല സാമൂഹിക മാധ്യമം എക്‌സ് വഴി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടു. ' രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയുടെ പേരിലും 15 ലക്ഷം രൂപ വിലവരുന്ന കള്ളപ്പണം വിദേശത്ത് ഒളിപ്പിച്ചിട്ടുണ്ടെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ ഓരോന്നായി തിരികെ കൊണ്ടുവരുമെന്നും പറഞ്ഞ് 2014-ല്‍ അധികാരത്തില്‍ വന്നതാണ് മോദി. എന്നാല്‍, നാളിതുവരെയായി ഇതുവരെ ഒരു രൂപ പോലും തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു അവസാന അവസരം നല്‍കുകയാണ് ' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അഞ്ച് കമ്പനികളുടെ വിവരങ്ങള്‍ ബെന്‍സല പുറത്തുവിട്ടിരിക്കുന്നത്. ഇനിയെങ്കിലും ഒരന്വേഷണത്തിന് ഉത്തരവിടാനോ എത്ര കള്ളപ്പണം കൊണ്ടുവന്നുവെന്ന് പ്രസിദ്ധീകരിക്കാനോ തയ്യാറാകുമോ എന്ന ചോദ്യംകൂടി അവര്‍ ഉന്നിക്കുന്നു. 

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥയിലുള്ള ഹോള്‍ഡിംഗ് കമ്പനിയായ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ്, ഈസ്റ്റ് റോക്ക് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ്, റിവര്‍സൈഡ് പാര്‍ട്ടിസിപ്പേഷന്‍ ലിമിറ്റഡ്, നിരാമയ ഹോള്‍ഡിങ്, നിരാമയ ഇന്റര്‍നാഷ്ണല്‍ എന്നീ അഞ്ച് കമ്പനികളുടെ ലിസ്റ്റാണ് ബെന്‍സല പുറത്തുവിട്ടത്. മൊറീഷ്യസിലും ലക്‌സംബര്‍ഗിലുമുള്ള കുപ്രസിദ്ധ കേന്ദ്രങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നുകൂടി ബെന്‍സല എക്‌സിലൂടെ ആരോപിക്കുന്നു.

വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനത്തെ ബെന്‍സല രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നിരന്തരമായി തെരഞ്ഞെടുപ്പ് കമീഷനെയും ജനങ്ങളെയും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്‍. അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളോടുകൂടി പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഇലക്ഷന്‍ കമീഷന്‍ തയ്യാറായിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദേശ പത്രിക തള്ളേണ്ട ജില്ലാ കലക്ടറും നടപടിയെടുത്തില്ല. എന്നാല്‍, ഈ ലംഘനങ്ങളെ തുറന്നുകാട്ടേണ്ട കേരളത്തിലെ മാധ്യമങ്ങള്‍ മൗനം അവലംഭിക്കുന്നുവെന്ന്, കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ മലയാളം വാര്‍ത്താ ചാനലുകളില്‍ നടത്തിയ പ്രൈം ഡിബേറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് അവ്‌നി ബന്‍സല്‍ കുറ്റപ്പെടുത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച വ്യാജ സത്യവാങ്മൂലം ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും മലയാളം ചാനലുകള്‍ അത് ചര്‍ച്ചചെയ്യാന്‍ തയ്യാറായില്ല. മലയാള ചാനലുകള്‍ ആരെയാണ് ഭയക്കുന്നത്. സ്വന്തം മുഖം കണ്ണാടിയില്‍ നോക്കാതെ അവര്‍ ആരെയാണ് 'ഗോദി മീഡിയ' എന്ന് വിളിക്കുന്നത് - അവ്‌നി ബന്‍സല്‍ ചോദിക്കുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News