കാടിറങ്ങുന്ന വന്യജീവികള്‍

കാടുകളിലും ചുറ്റുപാടും വന്‍തോതിലാണ് കാട്ടുതീ വര്‍ധിച്ചത്. കാട്ടുതീയില്‍ വന്‍തോതില്‍ പുല്‍മേടുകള്‍ നശിച്ചു. വേനല്‍ക്കാലത്ത് വരള്‍ച്ചയും കാടുകളില്‍ കൂടി വരികയാണ്. കാട്ടിനുള്ളിലേക്ക് കടന്നുള്ള വിനോദസഞ്ചാരവും കാടിന്റെ സ്വാഭാവിക അന്തരീക്ഷം തകര്‍ക്കും. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ വ്യാപിക്കുന്നത്. രാക്ഷസക്കൊന്നയും കൊങ്ങിണിയും പോലുള്ള അധിനിവേശ സസ്യങ്ങള്‍ ഉള്‍ക്കാടുകളില്‍ വരെയെത്തി കഴിഞ്ഞു. ആനകള്‍ക്കൊപ്പം മാന്‍, മയില്‍ പോലുള്ള ജീവികളുടെ വരവിന് ഇതെല്ലാം വഴിവെച്ചിട്ടുണ്ട്. കാടിനകത്തേക്ക് കന്നുകാലികളെ തീറ്റത്തേടാന്‍ വിടുന്നതും കടുവകളും പുലികളും നാട്ടിലേക്കിറങ്ങാന്‍ കാരണമാണ്.

Update: 2022-11-05 09:53 GMT

കാടും നാടും തമ്മില്‍ വേര്‍ത്തിരിക്കാന്‍ സാധിക്കാത്ത വിധം ഇഴചേര്‍ന്ന് കിടക്കുകയാണ് വയനാട്ടില്‍. ഒരിക്കലും അവസാനിക്കാത്ത മനുഷ്യ-വന്യമൃഗ സംഘര്‍ഷമാണ് ഈ ഇഴചേരലിന്റെ ആകെത്തുക. കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല, കുരങ്ങും മാനും മയിലുംവരെ മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥ.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ പലതരത്തിലാണ് ശല്യക്കാരാകുന്നത്. ചിലയിടങ്ങളില്‍ ആന വില്ലനാകുമ്പോള്‍ മറ്റിടങ്ങളില്‍ കുരങ്ങനായിരിക്കും വില്ലന്‍. കാട്ടുപന്നിയും മാനും മയിലും മോശക്കാരല്ല. വയനാടിന്റെ ആകെ വിസ്തീര്‍ണത്തിന്റെ 40 ശതമാനത്തോളം വനമാണ്. വനവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകള്‍ വയനാട്ടില്‍ കൂടുതലാണ്. വയനാട്ടിലേക്ക് മനുഷ്യരും കൃഷിയും എത്തിയ കാലംമുതല്‍ വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങളും തുടങ്ങിയിട്ടുണ്ട്. അപകടകാരികളായ കടുവകളെയും പുലികളെയും പിടികൂടി കൊല്ലാന്‍ ചെട്ടിമാര്‍, പതിയര്‍, കുറുമര്‍, കുറിച്ച്യര്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നരിക്കുത്ത് എന്ന ആചാരം നിലനിന്നതായി പഴമക്കാരുടെ മങ്ങാത്ത ഓര്‍മകളിലുണ്ട്. ശല്ല്യക്കാരായ ആനകളെ പിടിക്കാനും മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍, അന്നൊന്നും കാണാത്ത തരം സംഘര്‍ഷങ്ങളാണ് ഇന്ന് വയനാട്ടില്‍. ആനകള്‍ പതിവില്ലാത്തവിധം കൃഷിയിടങ്ങളിലെത്തി. കാട്ടുപന്നിയെയും മാനുകളെയും ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലും യഥേഷ്ടം കാണാം. കുരങ്ങുശല്യത്തില്‍ കര്‍ഷകര്‍ പച്ചക്കറി കൃഷിയും വാഴക്കൃഷിയും ഉപേക്ഷിച്ചു. കടുവകള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ ദിനംപ്രതിയെന്നോണമുണ്ടാകുന്നു. കാര്‍ഷിക മേഖലയും ക്ഷീരമേഖലയും ഉപജീവനമായ വയനാട്ടിലെ ജനങ്ങളുടെ ജീവിതം ഇതോടെ താറുമാറായി.

മൃഗങ്ങള്‍ പതിവായി കാട് വിട്ടിറങ്ങാനുള്ള കാരണമെന്തായിരിക്കും? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുന്ന കാരണമെന്താണ്?

കാടിറങ്ങുന്ന കടുവകള്‍

രാത്രിയില്‍ മോഷ്ടാക്കളും മറ്റും വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചുവെന്ന് കേട്ടിട്ടുണ്ടാകും. വയനാട്ടിലെ തിരുനെല്ലിയില്‍ ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ഒരു വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചത് കള്ളനല്ല, കടുവയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് വീട്ടുടമസ്ഥയായ സാലിതയും സഹോദരിയുടെ മകന്‍ മൃദുനും രക്ഷപ്പെട്ടത്. അര്‍ധരാത്രി ശബ്ദം കേട്ട് നോക്കുമ്പോഴായിരുന്നു വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്ന കടുവയെ കണ്ടത്. ആദ്യം ഭയന്നുപോയെങ്കിലും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കടുവക്ക് നേരെ എറിഞ്ഞ് ഓടിപ്പോയി വാതില്‍ അടച്ചു. കടുവ വാതില്‍ പുറത്ത് നിന്ന് തള്ളി നോക്കിയെങ്കിലും അകത്ത് നിന്ന് ഇരുവരും ചേര്‍ന്ന് തള്ളിപ്പിടിച്ചത് കൊണ്ട് തുറന്നുവന്നില്ല. ബലമില്ലാതിരുന്ന വാതില്‍ കടുവ കൂടുതല്‍ ശക്തി പ്രയോഗം നടത്താത്തത് കൊണ്ട് മാത്രമാണ് തകരാതിരുന്നത്. ഈ സംഭവത്തിന് പിന്നാലെ വനം വകുപ്പ് കൂടുവെക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തിരുനെല്ലി പോലെ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് ഇത് ആദ്യമായിട്ടല്ല കടുവ ജനവാസമേഖലയിലെത്തുന്നത്; അവസാനമായിട്ടുമായിരുന്നില്ല.


സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലില്‍ ഒരുമാസത്തോളം ജനവാസമേഖലിയില്‍ ഭീതി വിതച്ച കടുവ ഒക്ടോബര്‍ അവസാനം വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത് ആശ്വാസത്തോടെയാണ് ജനങ്ങള്‍ കേട്ടത്. ചീരാലിലെ പണിക്കരുപടി, കുടുക്കി, വല്ലത്തൂര്‍, കരുവള്ളി, പഴൂര്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളാണ് കടുവ ഇരതേടാന്‍ തെരഞ്ഞെടുത്തത്. തോട്ടം മേഖലയായ ചീരാലില്‍ ഇതോടെ പകല്‍പോലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെയായി. വലിയ തോട്ടങ്ങളില്‍ കടുവ എവിടെയും ഒളിച്ചിരിക്കാമെന്നതിനാല്‍ തോട്ടപ്പണിക്ക് ആളെക്കിട്ടാതെയായി. ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ രാവിലെ കറക്കാന്‍ പറ്റാത്ത സ്ഥിതി. കടുവ നാട്ടിലെത്തിയപ്പോള്‍ തൊട്ട് രാത്രി തൊഴുത്തിന് മുന്നില്‍ തീയിട്ട് കാവലിരുന്ന പണിക്കരുപടിയിലെ ജോയിയുടെ പശുവിനെയും കടുവ പിടിച്ചു. 11 വളര്‍ത്തുമൃഗങ്ങളെ കടുവ ഒരുമാസംകൊണ്ട് കൊന്നു. മൂന്നെണ്ണത്തിനെ ആക്രമിച്ചെങ്കിലും അവ രക്ഷപ്പെട്ടു. വൈകീട്ട് നാലുമണി കഴിഞ്ഞാല്‍ ചീരാല്‍ ടൗണില്‍ പോലും ആളുകളെ കാണില്ല. കടുവാ പേടിയില്‍ 144 പ്രഖ്യാപിച്ചതോടെ ആളുകള്‍ തീരെ പുറത്തിറങ്ങാതെയായി. ചീരാലിലെ കടുവ ക്ഷീരമേഖലയെ മാത്രമല്ല അവതാളത്തിലാക്കിയത്. ഒരുമാസം കൊണ്ട് വ്യാപാരമേഖലയെയും താറുമാറാക്കിയെന്ന് ജനകീയസമിതി കണ്‍വീനറായ എം.എ സുരേഷ് പറയുന്നു. ഇതിനിടയില്‍ മാനന്തവാടി ജെസ്സിയിലും വനപാലകര്‍ കടുവയെ പിടികൂടിയിരുന്നു.

വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇവക്കാവശ്യമായ വിഭവങ്ങള്‍ കുറഞ്ഞതുമാണ് വന്യമൃഗശല്യത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. കടുവകള്‍ നാട്ടിലിറങ്ങുന്നത് കാട് ശോഷിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് ബാദുഷ പറയുന്നു. വയനാടിന്റെ ഭൂപ്രകൃതിയിലെ പ്രത്യേകതയും ഇതിന് കാരണമാണ്.

എല്ലാമേഖലയില്‍ നിന്നും കടുവയെ പിടിക്കണമെന്ന ആവശ്യം ശക്തമായി. അങ്ങനെയാണ് ജനങ്ങള്‍ ചേര്‍ന്ന് ജനകീയ സമിതി രൂപവത്കരിക്കുന്നത്. കടുവയെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കാനും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനും ജനകീയ സമിതിക്ക് കീഴില്‍ പ്രദേശവാസികള്‍ അണിനിരന്നു. സമരങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വന്യമൃഗ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ കിട്ടുന്ന നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ ജനകീയ സമിതിക്ക് സാധിച്ചത് വലിയ നേട്ടമായി. 60,000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയിലേക്കാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയത്. കടുവ ആദ്യം ആക്രമിച്ച് കൊന്ന കന്നുകാലികളുടെ ഉടമകള്‍ക്കെല്ലാം തുക കാലത്താമസമില്ലാതെ കിട്ടുകയും ചെയ്തു. ഇതോടെ ചീരാലില്‍ കൂട്ടില്‍ക്കുടുങ്ങിയ കടുവ പ്രദേശവാസികളുടെ സമരവീര്യത്തിന്റെ കൂടെ പ്രതീകമായി. തുടര്‍ന്നും വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ജനകീയ സമിതി പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം. ചീരാലിന് പിന്നാലെ ഇപ്പോള്‍ മീനങ്ങാടി കൃഷ്ണഗിരിയും കടുവാ ഭീതിയിലാണ്. ഒരുമാസത്തിലേറെയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടിക്കാന്‍ മയക്കുവെടി വെക്കാന്‍ ഉത്തരവായത് ജനങ്ങള്‍ക്ക് ആശ്വസമായി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂലയിലിറങ്ങിയ കടുവ ഒരുമാസത്തിനു മുകളിലാണ് ജനങ്ങളെ ഭീതിയുടെ കയത്തില്‍ നിര്‍ത്തിയത്. നിരീക്ഷണ ക്യാമറയിലൊന്നിലും പതിയാത്ത കടുവയുടെ സഞ്ചാരപാതത്തിനായി എല്ലാവരും ഇരുട്ടില്‍ തപ്പി. ഒരുമാസത്തില്‍ മൂന്ന് തവണമാത്രമായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ കടുവയെത്തിയത്. സ്ഥിരം ഇരതേടിയെത്തിയ സ്ഥലത്തിന്റെ പേര് കടുവയ്ക്കും വീണു, കുറുക്കന്‍മൂല കടുവ. മാനന്തവാടി പട്ടണത്തില്‍ കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള പയ്യമ്പള്ളി പുതിയടം വരെ അന്ന് കടുവയെത്തി. നഗരസഭയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും കടുവയെത്തിയ കുറുക്കന്‍മൂലയും ചെറൂരും മറ്റും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളാണ്. ആനയും കാട്ടുപന്നിയും സ്ഥിരമെത്തുന്ന സ്ഥലം. പയ്യമ്പള്ളി പോലെ മാനന്തവാടി പട്ടണത്തോട് അടുത്ത് കിടക്കുന്ന പ്രദേശത്ത് എന്നാല്‍ വന്യമൃഗങ്ങളെത്തുന്നത് വളരെ വിരളമാണെന്ന് പ്രദേശവാസിയായ കെ.വി സിനോജ് പറയുന്നു.


കടുവ വന്ന ഓര്‍മ പ്രായമായവര്‍ക്ക് പോലുമുണ്ടാകില്ല. കുറുക്കന്‍മൂലയില്‍ പകല്‍ കവലകളില്‍ പോലും ആളില്ലാതെയായി. ഇടവഴികളില്‍ കൂടി ഒറ്റയ്ക്ക് നടക്കാന്‍ ആളുകള്‍ ഭയന്നു. മക്കളെ സ്‌കൂളുകളിലേക്ക് പറഞ്ഞ് വിടാന്‍ മാതാപിതാക്കള്‍ മുതിര്‍ന്നില്ല. സ്‌കൂളുകളിലേക്ക് പോയവര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കി. ജീവന്‍ പണയംവെച്ച് ക്ഷീരകര്‍ഷകര്‍ തൊഴുത്തില്‍ രാത്രി കാവലിരുന്നു. ചിലര്‍ കന്നുകാലികളെ വീട്ടിലെയോ സമീപത്തെ കെട്ടിടങ്ങളിലെയോ അടച്ചുറപ്പുള്ള മുറികളില്‍ കെട്ടിയിട്ടു. എന്നിട്ടും ഒരുമാസം കൊണ്ട് 18 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

150-ഓളം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും കുങ്കിയാനകളും ചേര്‍ന്ന് കാടും നാടുമിളക്കി കടുവയെ തിരഞ്ഞു. കൂടുകള്‍ വെച്ചു. നിരീക്ഷണക്യാമറുകളും ഡ്രോണും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയെ അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാം വിഫലമായി, കടുവ എവിടെയും കുടുങ്ങിയില്ല. ഒരുമാസം നാടുനടുക്കിയ കടുവ താനേ കാട്ടില്‍ കയറിപ്പോയി. ക്ഷീണിതനായ കടുവ ഭക്ഷണം കിട്ടാതെ ചത്തിരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറഞ്ഞത്.

കുറുക്കന്‍മൂലയിലെ കടുവയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട തേനക്കുഴിയില്‍ വിന്‍സിന് ആ നാളുകള്‍ ഇപ്പോഴും കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. വിന്‍സിന്റെ മൂന്ന് ആടുകളെയാണ് കടുവ കൊന്നത്. ഒരു പശുവിനെ മുറിവേല്‍പ്പിച്ചു. വിന്‍സിന്റെ വീട് പരിസരത്ത് കടുവ സ്ഥിരം വരാന്‍ തുടങ്ങിയതോടെ രാത്രി ഉറക്കമിഴിച്ചും കാവലിരുന്നു. എന്നിട്ടും പ്രധാന വരുമാനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടു. മുറിവേറ്റ പശുവിനെ ചികിത്സിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ അതിനെ പിന്നീട് വില്‍ക്കേണ്ടിവന്നു. 12,500 രൂപയാണ് ഒരു ആടിന് നഷ്ടപരിഹാരം കിട്ടിയത്. നഷ്ടപരിഹാരത്തുക കൂട്ടണമെന്ന് വകുപ്പ് മന്ത്രിക്കും മറ്റും ജില്ലാ വികസന സമിതി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും അത് തള്ളിക്കളഞ്ഞു. സംഭവത്തില്‍ എം.എല്‍.എ കാര്യമായി ഇടപ്പെട്ടില്ലെന്ന ആക്ഷേപവുമുയര്‍ന്നു. നഷ്ടപരിഹാരത്തുക കൂടുമെന്ന പ്രതീക്ഷയില്‍ പലരും അപേക്ഷ കൊടുക്കാന്‍ വൈകി. ഓണത്തിന് മുമ്പ് കൊടുത്ത അപേക്ഷകളില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സംഭവം നടന്ന് ഒരുവര്‍ഷമാകാനായിട്ടും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ഭാഗത്തുനിന്ന് അവഗണനയാണ് പാവപ്പെട്ട ക്ഷീരകര്‍ഷകര്‍ നേരിടുന്നത്. ഇനിയും വൈകിയാല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.


ആന മുതല്‍ കുരങ്ങുവരെ

ഒരുകാലത്ത് കാട്ടാനകളെയായിരുന്നു വയനാട്ടിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്നത്. പുന്നെല്ലിന്റെ മണമടിച്ചാല്‍ ഉള്‍ക്കാട്ടില്‍ നിന്നു ആന നാട്ടിലെത്തും. രാത്രി വയലില്‍ ഏറുമാടം കെട്ടി തീയിട്ടും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ കര്‍ഷകര്‍ തുരത്തി. നെല്ല് വിളവുകാലമാകുമ്പോഴും ചക്കയും മാങ്ങയും പഴുക്കുമ്പോഴും കാടിറങ്ങിയിരുന്ന ആനകളുടെ വരവ് പതിയെ കൂടാന്‍ തുടങ്ങി. ഒറ്റയ്ക്കും കൂട്ടമായും വന്ന് വ്യാപക കൃഷി നാശമുണ്ടാക്കുന്നത് പതിവായി. കാട്ടാനയുടെ ആക്രമണത്തില്‍ മരണങ്ങളും വയനാട്ടില്‍ കുറവായിരുന്നില്ല. വാഴക്കൃഷി ചവിട്ടി മെതിച്ചും തെങ്ങും കവുങ്ങും മരങ്ങളും പിഴുതെറിഞ്ഞും കൊലവിളി നടത്തുന്ന കൊമ്പന്മാരും ഒറ്റരാത്രികൊണ്ട് ഏക്കറുകണക്കിന് വയല്‍ മേഞ്ഞുപോകുന്ന ആനക്കൂട്ടങ്ങളും കര്‍ഷകരുടെയും സാധാരണക്കാരുടെയും പേടി സ്വപ്നമാണ്. ആനശല്യത്തില്‍ വീടും സ്ഥലവും വിറ്റുപോയവരും കൃഷി ഉപേക്ഷിച്ചവരും കുറേയുണ്ടെന്ന് തിരുനെല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് മാരാര്‍ ചൂണ്ടിക്കാട്ടുന്നു. പനവല്ലിയും ബേഗൂരും പോത്തുമൂലയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് തരിശ്ശിട്ട വയലുകളില്‍ ഇപ്പോഴും കൃഷിയിറക്കിയിട്ടില്ല. കാട്ടുപന്നികളുടെ വരവും ഇതിന് കാരണമാണ്.


ആനശല്യത്തെ പോലെ ജനങ്ങളെ വലയ്ക്കുന്ന മറ്റൊന്ന് കുരങ്ങ് ശല്യമാണ്. 40-50 പേരുള്ള കൂട്ടം വന്നാല്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ നാശമാക്കും. നെല്ല് ഒഴിച്ച് എല്ലാ കൃഷിയും കുരങ്ങന്മാര്‍ നശിപ്പിക്കും. കുരങ്ങു ശല്യം കാരണം ഇഞ്ചിക്കൃഷി അമ്പേ ഉപേക്ഷിച്ചതായി ചീക്കല്ലൂര്‍ പാടശേഖരസമിതിയിലെ വിന്‍സെന്റ് ചീക്കല്ലൂര്‍ പറയുന്നു. അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്നത് പോലും ആളുകള്‍ ഒഴിവാക്കി. തെങ്ങില്‍ നിന്നും കവുങ്ങില്‍ നിന്നും ആദായം കിട്ടുമെന്ന പ്രതീക്ഷ പലയാളുകളും ഉപേക്ഷിച്ചു. നഗരപ്രദേശങ്ങളും കുരങ്ങ് ശല്യത്തില്‍ നിന്ന് ഒഴിയുന്നില്ല. വ്യാപാരശാലകളിലും മറ്റുമെത്തിയുള്ള അതിക്രമങ്ങള്‍ പലവിധം. കല്‍പറ്റയില്‍ ഫോറസ്റ്റ് ഓഫീസ് വനം വകുപ്പ് കാര്യാലയത്തില്‍ പരാതി പറയാന്‍ വിളിച്ചാല്‍ ജീവനക്കാര്‍ക്കും പറയാനുണ്ടാകുക ഓഫീസിലെ കുരങ്ങു ശല്യത്തെ കുറിച്ചായിരിക്കും.

മാനും മയിലും ഇപ്പോള്‍ കര്‍ഷകര്‍ക്ക് ഉപദ്രവകാരികളായ ജീവികളുടെ കൂട്ടത്തിലാണ്. കാടുകളില്‍ നിന്ന് തീറ്റത്തേടിയിറങ്ങുന്ന മാനുകള്‍ കന്നുകാലികളുടെ പുല്ലുകള്‍ കൂടിയാണ് തിന്നുതീര്‍ക്കുന്നതെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.




നാട്ടിലേക്കുള്ള വഴി

2012-ലാണ് ആദ്യമായി വയനാട്ടിലെ കല്ലൂര്‍, നായ്ക്കട്ടി ഭാഗത്ത് കൂടുവെച്ച് കടുവയെ പിടികൂടുന്നത്. അന്ന് ബയോളജിസ്റ്റുകളും പരിസ്ഥിതി ശാസ്ത്രജ്ഞരും പ്രദേശത്തെത്തി നടത്തിയ പഠനത്തില്‍ എല്ലാ വര്‍ഷവും വയനാട്ടില്‍ കടുവകള്‍ ജനവാസമേഖലയിലെത്താന്‍ സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍. ബാദുഷ പറയുന്നു. ഇത് അക്ഷരം പ്രതി ശരിവെക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റുകളിലുള്ളതിനേക്കാള്‍ കടുവകള്‍ വയനാട്ടില്‍ എങ്ങനെയെത്തുന്നു? ആനയും മാനും വരെ എങ്ങനെ മനുഷ്യന് ശത്രുക്കളാകുന്നു?

വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇവക്കാവശ്യമായ വിഭവങ്ങള്‍ കുറഞ്ഞതുമാണ് വന്യമൃഗശല്യത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. കടുവകള്‍ നാട്ടിലിറങ്ങുന്നത് കാട് ശോഷിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് ബാദുഷ പറയുന്നു. വയനാടിന്റെ ഭൂപ്രകൃതിയിലെ പ്രത്യേകതയും ഇതിന് കാരണമാണ്. നാഗര്‍ഹോള ദേശീയോദ്യാനം, ബന്ദിപ്പൂര്‍ ദേശീയോദ്യാനം, മുത്തങ്ങ വന്യജീവി സങ്കേതം, മുതുമല വന്യജീവി സങ്കേതം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം എന്നിങ്ങനെ മൂന്ന് വന്യജീവി സങ്കേതങ്ങളും രണ്ട് ദേശീയോദ്യാനവും വയനാടിന് ചുറ്റുമുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലെത്താനുള്ള പാരിസ്ഥിതിക കാരണങ്ങള്‍ ജനങ്ങളോ സര്‍ക്കാരോ ചര്‍ച്ച ചെയ്യാതെ പോകുന്നു. സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും അനുയോജ്യമല്ലാത്ത മരങ്ങള്‍ വെച്ചുപിടിപ്പിച്ചതും ഗൗരവമായി തിരുത്തപെടേണ്ട തെറ്റുകളാണ്.

ആനകളുടെ എണ്ണം കൂടിയതും അവയുടെ ഇഷ്ടഭക്ഷണമായ മുള നശിച്ചതും ആനകളെ നാട്ടിലേക്കെത്തിച്ചു. 2004-14 വരെയുള്ള കാലത്ത് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുകയും പൂത്താല്‍ ജീവിതചക്രം അവസാനിക്കുകയും ചെയ്യുന്ന മുളകളുടെ നാശത്തിന് കാരണമായി പറയപ്പെടുന്നത്. സമീപ വര്‍ഷങ്ങളില്‍ വയനാടന്‍ കാടുകളിലും ചുറ്റുപാടും വന്‍തോതിലാണ് കാട്ടുതീ വര്‍ധിച്ചത്. കാട്ടുതീയില്‍ വന്‍തോതില്‍ പുല്‍മേടുകള്‍ നശിച്ചിരുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ചയും കാടുകളില്‍ കൂടി വരികയാണ്. കാട്ടിനുള്ളിലേക്ക് കടന്നുള്ള വിനോദസഞ്ചാരവും കാടിന്റെ സ്വാഭാവിക അന്തരീക്ഷം തകര്‍ക്കും. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ വ്യാപിക്കുന്നത്. രാക്ഷസക്കൊന്നയും കൊങ്ങിണിയും പോലുള്ള അധിനിവേശ സസ്യങ്ങള്‍ ഉള്‍ക്കാടുകളില്‍ വരെയെത്തി കഴിഞ്ഞു. ആനകള്‍ക്കൊപ്പം മാന്‍, മയില്‍ പോലുള്ള ജീവികളുടെ വരവിന് ഇതെല്ലാം വഴിവെച്ചിട്ടുണ്ട്. കടുവകളും പുലികളും നാട്ടിലെക്കിറങ്ങാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം കാടിനകത്തേക്ക് കന്നുകാലികളെ തീറ്റത്തേടാന്‍ വിടുന്നതും കാരണമാണ്.

ജനങ്ങളുടെ ജീവനും സ്വത്തും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വനത്തിനെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത്. വനത്തിലേക്കുള്ള മനുഷ്യന്റെ കടന്നുക്കയറ്റം ഒഴിവാക്കിയാല്‍ ഒരുപരിധി വരെയെങ്കിലും സംഘര്‍ങ്ങള്‍ കുറക്കാന്‍ സാധിക്കും. വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുന്നതിനോടൊപ്പം വനസംരക്ഷണത്തിനുള്ള ബോധവത്കരണവും സര്‍ക്കാര്‍ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം പ്രശ്‌നം ഇതിലും രൂക്ഷമായി മാറുകയേ ഉള്ളു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഗീതു രാജേന്ദ്രന്‍

Media Person

Similar News