മോദി ഭരണത്തില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 9

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികോപദ്രവങ്ങള്‍, അതിക്രമങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ വര്‍ധിച്ചു. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നിരന്തരമായ അടിച്ചമര്‍ത്തലിന് വിധേയരാവുന്നു. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 9

Update: 2024-05-30 10:54 GMT
Advertising

മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍?

> 'മഹിളാ സമ്മാന്‍'

> 'Beti Bachao, Beti Padhao'

> തൊഴിലവസരങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കും.

> സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ സംവരണം.

> ലിംഗന്യൂനപക്ഷങ്ങളുടെ പുരോഗമനത്തിനായുള്ള നിയമനിര്‍മാണം.

യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്

> പണപ്പെരുപ്പം കാരണം കുടുംബത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്ന സ്ത്രീകള്‍ കടുത്ത സമ്മര്‍ദത്തിലാണ്.

> വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും കുടിയേറ്റവും കാരണം, സ്ത്രീകള്‍ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വലിയ ഭാരം അനുഭവിക്കുന്നു.

> തുച്ഛമായ വിഭവങ്ങളുള്ള കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് സ്വയം ശോഷിച്ചുപോവുകയും അവരില്‍ പോഷകാഹാരക്കുറവ് വര്‍ധിക്കുകയും ചെയ്യുന്നു. പോഷകാഹാര സൂചിക പ്രകാരം, ആഗോളതലത്തില്‍ 126 രാജ്യങ്ങളില്‍ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യ 107-ാം സ്ഥാനത്താണ്.

> വര്‍ധിക്കുന്നതിന് പകരം, ഇന്ത്യയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയുകയാണ്. തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നതോടെ, നിലവില്‍ ലഭ്യമായ ജോലികള്‍ക്ക് കടുത്ത മത്സരം നടക്കുന്നു, ഇത് സ്ത്രീകളെ കൂടുതല്‍ പാര്‍ശ്വവത്കരിക്കുന്നതിലേക്ക് നയിക്കുന്നു.

> സ്ത്രീകള്‍ വികലവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ കൂടുതലായി ഏര്‍പ്പെടേണ്ടി വരുന്നു, അവര്‍ക്ക് പലപ്പോഴും വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ ജോലി ചെയ്യുന്ന സേവന അധിഷ്ഠിത ജോലികളില്‍ പോലും, സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസം ശരാശരി അയ്യായിരം രൂപ വേതനം എന്നത് തികച്ചും അപര്യാപ്തമാണ്.

> കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികോപദ്രവങ്ങള്‍, അതിക്രമങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ വര്‍ധിച്ചു. 2011 ല്‍ 2,28,650 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022 ആയപ്പോഴേക്കും ഇത് 4,28,278 കേസുകളായി ഉയര്‍ന്നു. ഇത്തരം സംഭവങ്ങളിലെ ഗണ്യമായ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

> 'ഇന്ത്യ സ്‌പെന്‍ഡ്' നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലൈംഗിക ന്യുന പക്ഷങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ നാലര ശതമാനം വര്‍ധിച്ചു.

> രാഷ്ട്രീയ സ്ഥാപനങ്ങളിലെ വനിതാ സംവരണം സംബന്ധിച്ച പ്രഖ്യാപനം നടന്നിട്ടുണ്ടെങ്കിലും അത് നടപ്പാക്കുന്നത് 2034 ന് ശേഷം മാറ്റിവച്ചിരിക്കുകയാണ്. ഇതും തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളെ കബളിപ്പിക്കാനുള്ള ശ്രമമല്ലേ?

> ലൈംഗിക ന്യൂനപക്ഷങ്ങള്‍ എതിര്‍ക്കുമ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ നിയമവും ചട്ടങ്ങളും നിയമസഭയില്‍ അംഗീകരിച്ചിട്ടുണ്ട്. 

എന്താണ് കാരണങ്ങള്‍?

> ബി.ജെ.പിയും സംഘ്പരിവാറും പ്രധാനമായും പുരുഷ മേധവിത്വമാണ് മുന്നോട്ട് വെക്കുന്നത്. അംബേദ്കര്‍ നിര്‍ദേശിച്ച 'ഹിന്ദു കോഡ് ബില്‍' പോലുള്ള സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളെ പോലും എതിര്‍ത്ത ചരിത്രം അവര്‍ക്കുണ്ട്. 'കുട്ടികളെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ഒരേയൊരു കടമയുള്ള സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴൊതുങ്ങണം' എന്ന് അവരുടെ പ്രത്യയശാസ്ത്രം ഊന്നിപ്പറയുന്നു.

> ബി.ജെ.പി നേതാക്കള്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നാവോ കേസില്‍ കുല്‍ദീപ് സിംഗ് ഉള്‍പ്പെടെ ആറ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. കശ്മീരിലെ കത്‌വ കേസില്‍ - ഒരു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് ബി.ജെ.പി ബന്ധമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടിരുന്നു. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ ബി.ജെ.പിയുമായി ബന്ധമുള്ള ഏഴ് ക്രിമിനലുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ബ്രിജ് ഭൂഷണ്‍ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഈ സംഭവങ്ങളില്‍ ഏറ്റവും പുതിയതാണ്. ബി.ജെ.പി അവരെയെല്ലാം പ്രതിരോധിക്കുകയും കുറ്റവാളികളെ പരസ്യമായി പിന്തുണയ്ക്കുകയോ പ്രശംസിക്കുകയോ ചെയ്തു. മാത്രമല്ല, മണിപ്പുരില്‍ സ്ത്രീകള്‍ പരസ്യമായി ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തപ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ഉണ്ടായത്. ഇത്തരം ഒരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നവര്‍ എന്തിനെയാണ് ഭയപ്പെടേണ്ടത്?

> വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അംഗീകരിക്കുകയും പൊതുസമ്മര്‍ദത്തിന് വഴങ്ങി നടപ്പാക്കുമെന്ന് നടിക്കുകയും ചെയ്ത ബി.ജെ.പി തിരഞ്ഞെടുപ്പിന് ശേഷം നിലപാട് മാറ്റുകയും ഒടുവില്‍ 2034 ന് ശേഷം മാത്രമേ ബില്‍ നടപ്പാക്കൂ എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു.

> ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച 'നല്‍സ വിധി' സര്‍ക്കാരിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് നടപ്പാക്കുന്നതിനുപകരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ പാസാക്കി അംഗീകാരം നേടുകയായിരുന്നു. ഇത് ഇതുവരെ രാജ്യസഭയില്‍ പാസാക്കിയിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളുടെ എല്ലാ സംഘടനകളും ഇതിനെ എതിര്‍ക്കുന്നു, കാരണം ലിംഗപരമായ ഐഡന്റിറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. ഇത് ഈ സമുദായത്തോടുള്ള അങ്ങേയറ്റം നിന്ദ്യമായ നിലപാടാണ്. മാത്രമല്ല, വിവാഹം, കുട്ടികളെ ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയ്ക്കുള്ള അവകാശവും ഈ ബില്‍ നിരസിക്കുന്നു.

> സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി യഥാര്‍ഥത്തില്‍ അവരെ വഞ്ചിക്കുകയും അവരുടെ ജീവിതത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയാണ്.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News