മാറുന്ന ആരോഗ്യാവശ്യങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന ഫാര്‍മസിസ്റ്റുകള്‍, മാറ്റം അനിവാര്യമായ ആരോഗ്യ സംവിധാനങ്ങള്‍

ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും മുന്‍നിര ആരോഗ്യ ദൗത്യങ്ങളില്‍ എല്ലായ്‌പ്പോഴും അദൃശ്യരായി കഴിയുന്ന ഫാര്‍മസിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഏത് ആരോഗ്യ അടിയന്തിരാവസ്ഥയും നേരിടാന്‍ കഴിവുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട് - സെപ്റ്റംബര്‍ 25: ലോക ഫാര്‍മസിസ്റ്റ് ദിനം.

Update: 2024-09-24 14:39 GMT
Advertising

ലോകാരോഗ്യ സംഘടനയുടെ (WHO) പങ്കാളിയായ ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FPI), സെപ്റ്റംബര്‍ 25 ന് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ വിവിധ ജന സമൂഹങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ ഫാര്‍മസിസ്റ്റുകള്‍ക്കുള്ള പ്രധാന പങ്ക് തിരിച്ചറിയാനും അവരെ ആദരിക്കാനുമുള്ള അവസരമായി ഈ ദിനത്തെ അടയാളപ്പെടുത്തുന്നു.

ലോകാരോഗ്യ സംഘടന ഫാര്‍മസിസ്റ്റുകളെ 'നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ അവിഭാജ്യഘടകമായി' അംഗീകരിക്കുമ്പോഴും, ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളിലുടനീളം ഫാര്‍മസിസ്റ്റുകളുടെ വിദഗ്ധവും വിശാലവുമായ സാങ്കേതിക ജ്ഞാനത്തെ അംഗീകരിക്കുകയും വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്. ആഗോള ആരോഗ്യ സംവിധാനങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്കിനെക്കുറിച്ച് ഭിന്നധാരണകള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ പലതാണ്: വിദ്യാഭ്യാസ ഗുണനിലവാലത്തില്‍, സാങ്കേതിക വളര്‍ച്ചയില്‍, ആരോഗ്യ സംവിധാനങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ സ്വാധീനം, പൊതുജനങ്ങളുടെ അവബോധം, എന്നിവയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവ ചിലതാണ്. ഇത് വിവിധ രാഷട്രങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ക്കിടയില്‍ തൊഴില്‍ പരമായ അസമത്വങ്ങള്‍ക്ക് കാരണമാവുന്നു. വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വികസിത രാജ്യങ്ങളിലെ ഫാര്‍മസിസ്റ്റുകളുടെ തൊഴിലവസരങ്ങള്‍ വിശാലവും കൂടുതല്‍ വൈവിധ്യമാര്‍ന്നതും ആധുനികവുമാണ്. ഒരു രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ പക്വത അതിന്റെ സാമൂഹിക-സാമ്പത്തിക നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍ സാധ്യതകളെയും വൈദ്യശാസ്ത്ര മേഖലയുടെ വളര്‍ച്ചയെയും ഗണ്യമായി സ്വാധീനിക്കാന്‍ ഇക്കാര്യങ്ങള്‍ക്കാവും.

വികസിത - അവികസിത രാജ്യങ്ങളിലുള്ള ഫാര്‍മസിസ്റ്റുകള്‍, ജനങ്ങളുടെ വിശ്വാസ്യതക്കുറവ്, മരുന്നുകളെ സംബന്ധിച്ച പരിമിതമായ അവബോധം, പുതിയ ടെക്‌നോളജിയോടും മരുന്നുകളോടുമുള്ള തെറ്റായ മുന്‍ധാരണകള്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള സഹകരണക്കുറവ് തുടങ്ങി പല സാമൂഹിക പ്രതിസന്ധികളേയും നേരിടേണ്ടി വരുന്നു. ക്ലിനിക്കല്‍, കമ്യൂണിറ്റി ഫാര്‍മസിസ്റ്റുകളുടെ സാധ്യതകള്‍ വികസിപ്പിക്കുന്നതിന് മാനവ വിഭവശേഷിയുടെയും സാമ്പത്തിക നിക്ഷേപങ്ങളുടെയും അഭാവവും വെല്ലുവിളിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഏകദേശം രണ്ട് ബില്യണ്‍ മനുഷ്യര്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ പ്രയാസപ്പെടുന്നു. വികസ്വര രാജ്യങ്ങളില്‍, സാമ്പത്തിക ബാധ്യത കുറഞ്ഞതും, എളുപ്പത്തില്‍ പ്രാപ്യമായതുമായ ആരോഗ്യ സംവിധാനമെന്ന നിലയ്ക്ക് ഫാര്‍മസികളുടെ സ്വാധീനം പ്രധാനമായിരിക്കെ തന്നെ, പല മരുന്നുകളുടെയും അവശ്യ ഘട്ടങ്ങളിലെ ലഭ്യതക്കുറവ്, ഫാര്‍മസിസ്റ്റുകള്‍ക്ക് മേലുള്ള അമിതമായ നിയമ നിയന്ത്രണങ്ങള്‍, താരതമ്യേന കുറഞ്ഞ പൊതുജന അവബോധം, ഈ മേഖലയില്‍ സര്‍ക്കാരുകളുടെ കുറഞ്ഞ നിക്ഷേപം എന്നിവ ഫാര്‍മസികളുടെ വിശാലമായ സാധ്യതകളിലേക്കുള്ള വഴിയില്‍ തടസ്സമാകുന്നു. ഇവ പരിഹരിച്ചു കൊണ്ടല്ലാതെ ഈ മേഖലയില്‍ ഒരു ചുവടുവെപ്പ് സാധ്യമല്ല.

ലോകാരോഗ്യ മേഖലയില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് മനസിലാക്കാന്‍, കോവിഡ് മഹാമാരിയോടുള്ള അവരുടെ പ്രതികരണത്തേക്കാള്‍ മികച്ച ഉദാഹരണമില്ല. 2019 ഡിസംബര്‍ അവസാനം, ലോകാരോഗ്യ സംഘടനയുടെ ചൈനീസ് ഓഫീസ്, വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമീഷന്റെ 'വൈറല്‍ ന്യുമോണിയ' കേസുകളെക്കുറിച്ച ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രസ്താവന നടത്തിയപ്പോള്‍, WHOയുടെ വേള്‍ഡ് എപ്പിഡെമിക് ഇന്റലിജന്‍സ് യൂണിറ്റ് ഇതിനകം തന്നെ പൂര്‍ണ്ണ ജാഗ്രതയിലായിരുന്നു. 2020 ന്റെ തുടക്കത്തില്‍, ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹങ്ങളെ ഏകോപിപ്പിച്ച്, മനുഷ്യരാശി ഇതുവരെ അഭിമുഖീകരിച്ച ഏറ്റവും ഭീതിജനകമായ പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുക്കുകയായിരുന്നു ലോകാരോഗ്യ സംഘടന.

ലോകമെമ്പാടുമുള്ള (വികസിത വികസ്വര രാജ്യങ്ങളില്‍) ഫാര്‍മസിസ്റ്റുകള്‍ കോവിഡ് പ്രതിരോധത്തില്‍ വഹിച്ച പങ്കില്‍ ചിലതും, കെട്ടുറപ്പില്ലാത്ത ആരോഗ്യ സംവിധാനങ്ങളെ അതിജയിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നമുക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളുമാണിവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഡിജിറ്റല്‍ യുഗം: ടെലി ഫാര്‍മസി

കോവിഡ് മഹാമാരിയുടെ സമയത്ത്, ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി പുതിയ വെല്ലുവിളികള്‍ നേരിട്ടു. ആരോഗ്യ രംഗത്തെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ ആധുനിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി. മാനവരാശി ഇതുവരെ നേരിട്ടിട്ടില്ലാത്ത മഹാമാരിയില്‍ ഉലഞ്ഞു തുടങ്ങിയ ആരോഗ്യ മേഖലയെ, അടിയന്തിരമായ പ്രതിപ്രവര്‍ത്തനങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താലും അവര്‍ തിരിച്ചു പിടിച്ചു. വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളും മരുന്നുകളുടെ ഹോം ഡെലിവറിയും വാഗ്ദാനം ചെയ്തുകൊണ്ട് ടെലി-ഫാര്‍മസി ഒരു അവശ്യ സേവനമായി മാറി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ), വിവിധ ആരോഗ്യ സംവിധാനങ്ങളില്‍ ടെലി-ഫാര്‍മസി നടപ്പാക്കി, ഈ സേവനം അവതരിപ്പിച്ച മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി യുഎഇ മാറി. 2020 ഫെബ്രുവരിയില്‍ ആരോഗ്യ വകുപ്പ് (DOH), ഫാര്‍മസി മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. കൂടാതെ, ആരോഗ്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആദ്യത്തെ ലൈസന്‍സുള്ളതും അംഗീകൃതവുമായ മൊബൈല്‍ ആപ്ലിക്കേഷനായ '800 ഫാര്‍മസി' പുറത്തിറക്കി. യുഎഇയിലുടനീളം ഓവര്‍ ദി കൗണ്ടര്‍ (പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്ത) മരുന്നുകള്‍, സപ്ലിമെന്റുകള്‍, പ്രിസ്‌ക്രിപ്ഷനോടു കൂടി മാത്രം ലഭ്യമാവുന്ന മരുന്നുകള്‍, എന്നിവയുടെ 24/7 ഡെലിവറി വിവിധ മാനദണ്ഡങ്ങളോടു കൂടി വാഗ്ദാനം ചെയ്തു.

വിശ്വാസവും സഹകരണവും:

വികസ്വര രാജ്യങ്ങളുമായി യുഎസും യൂറോപ്പും എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് പരിശോധിക്കാം. കോവിഡ്-19 ന്റെ വിനാശകരമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ഓക്‌സിജന്റെയും ജീവന്‍രക്ഷാ മരുന്നുകളുടെയും ക്ഷാമം നേരിട്ട സന്ദര്‍ഭത്തില്‍ യുകെ വെന്റിലേറ്ററുകളും കോണ്‍സെന്‍ട്രേറ്ററുകളും അയച്ചു. യൂറോപ്യന്‍ യൂണിയന്‍ വൈദ്യസഹായം നല്‍കി. യുഎസ്, അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചു. കൂടുതല്‍ Astra Zeneca വാക്‌സിനുകളും മറ്റ് നിര്‍ണായക മരുന്നുകളും ഉത്പാദിപ്പിക്കാന്‍ ഇത് ഇന്ത്യയെ സഹായിച്ചു. യുകെയും യുഎസും സ്വന്തം പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്‌തെന്നും, മറ്റു രാജ്യങ്ങളെ എങ്ങനെ സഹായിച്ചെന്നും പരിശോധിക്കാം.

യൂറോപ്പിലെയും അമേരിക്കയിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇതിനകം തന്നെ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. UK യിലെ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള സാറാ ഗില്‍ബെര്‍ട്ടും സംഘവും, 10 വര്‍ഷത്തിലധികമായി കൊറോണ വൈറസുകളില്‍ ഗവേഷണത്തിലായിരുന്നു. ഇത് പിന്നീട് Astra Zeneca ഏറ്റെടുക്കുകയായിരുന്നു. അതേസമയം, ജര്‍മനിയില്‍, കാന്‍സര്‍ മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഉഗുര്‍ സാഹിനും ഓസ്ലെം ടെറെസിയും അടക്കമുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം, താരതമ്യേന അജ്ഞാതമായ സാങ്കേതികവിദ്യയിലൂടെ, എം-ആര്‍എന്‍എ (mRNA) അടിസ്ഥാനമാക്കിയുള്ള മോളിക്യൂളുകളില്‍ നിന്ന് അതിവേഗം ഉത്പാദിപ്പിക്കാവുന്ന കോവിഡ് വാക്‌സിനില്‍ പര്യവേക്ഷണം ചെയ്യുകയായിരുന്നു. ഈ വാക്‌സിന്‍ (BioNTECH COVID vaccine) പിന്നീട് ഫൈസര്‍ ഏറ്റെടുക്കുകയും വിതരണം ചെയ്യുകയും ലോകത്താകെയുള്ള കോവിഡ് രോഗികള്‍ക്കത് ആശ്വാസമാവുകയും ചെയ്തു. കോവിഡ് മഹാമാരിയെ മറികടക്കുന്നതില്‍, പ്രീ-ക്ലിനിക്കല്‍/ക്ലിനിക്കല്‍ ഗവേഷണങ്ങള്‍, മരുന്നുകളുടെ ഉല്‍പാദനം, ഗുണനിലവാരം സംബന്ധിച്ച പരിശോധനകള്‍ തുടങ്ങി എല്ലാ മേഖലയിലും ഫാര്‍മസിസ്റ്റുകളുടെ പങ്ക് നിര്‍ണായകമായിരുന്നു. 


2020 പകുതിയോടെ ആഗോളതലത്തില്‍ കോവിഡ് പടരുമ്പോള്‍ മുന്‍നിര ആരോഗ്യപരിപാലന വിദഗ്ധര്‍ ചികിത്സാ മരുന്നുകള്‍ ലഭ്യമല്ലാതെ ഒരു യുദ്ധം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ശാസ്ത്രലോകം മുന്നോട്ട് വെച്ച മരുന്ന് Remdesivir എന്ന ആന്റിവൈറല്‍ ഡ്രഗായിരുന്നു. പക്ഷേ, ഇതിന് വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു: നേരത്തെ HIV ക്കെതിരെയുള്ള ക്ലിനിക്കല്‍ സ്റ്റഡീസില്‍ പൂര്‍ണ വിജയമാവാത്തത് കൊണ്ട് കോവിഡിനെതിരെ ഇതൊരു ലൈസന്‍സ്ഡ് ഡ്രഗായിരുന്നില്ല. അതുകൊണ്ട് തന്നെ Remdesivir നു ഈ സാഹചര്യത്തില്‍ വീണ്ടും ക്ലിനിക്കല്‍ ട്രയലുകളിലൂടെ കടന്നു പോവേണ്ടി വന്നു.

യുകെയില്‍, ആരോഗ്യ വകുപ്പും നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചും (NIHR) റെംഡെസിവിര്‍ പഠനം ഏകോപിപ്പിക്കുകയായിരുന്നു. എന്‍എച്ച്എസ് ആശുപത്രികളിലുടനീളം ക്ലിനിക്കല്‍ ട്രയല്‍സ് ഫാര്‍മസി ടീമുകള്‍, അന്വേഷണാത്മക മരുന്നുകളുടെ, സൈറ്റ് ലെവല്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. ഇന്‍വെസ്റ്റിഗേഷ്ണല്‍ ഡ്രഗിനെ അണുവിമുക്തമായ അന്തരീക്ഷത്തില്‍ പഠനത്തിന്റെ ഭാഗമാക്കുന്നത് വെല്ലുവിളികളേറെ നിറഞ്ഞ പദ്ധതിയായിരുന്നു. പഠനത്തെ പിന്തുണയ്ക്കാന്‍ വിദഗ്ധരായ ഫാര്‍മസിസ്റ്റുകള്‍ മുന്നോട്ടു വന്നു. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലൂടെ പരിചയ സമ്പന്നരായ ഫാര്‍മസിസ്റ്റുകള്‍ പരീക്ഷണ മരുന്നിന്റെ ഗുണനിലവാരം ഉറപ്പു വരുത്തല്‍, നിയമാവലികള്‍ തയ്യാറാക്കല്‍, മരുന്നിന്റെ സ്റ്റോറേജ്, രോഗികള്‍ക്ക് നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിലെ വൈവിധ്യവും സാങ്കേതികവുമായ പ്രവൃത്തികള്‍ ഏറ്റെടുത്തു നടപ്പാക്കി.

അതേസമയം, ചികിത്സാ കേന്ദ്രങ്ങളില്‍ മറ്റൊരു വിഭാഗം ഫാര്‍മസിസ്റ്റുകള്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. വാര്‍ഡുകള്‍, ക്ലിനിക്കുകള്‍ (ക്ലിനിക്കല്‍ ഫാര്‍മസി), ഐപി- ഒപി ഫാര്‍മസികള്‍, ഉല്‍പാദന യൂണിറ്റുകള്‍, മെഡിസിന്‍സ് സേഫ്റ്റി വിഭാഗം, അഡ്വാന്‍സ്ഡ് തെറാപ്പികള്‍, ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, ക്വാളിറ്റി അഷ്വറന്‍സ്, മരുന്നുകളെ സംബന്ധിച്ച നിയമ നിര്‍മാണവും, അവയുടെ നടപ്പാക്കലും, സംഭരണ-വിതരണ ശൃംഖല എന്നിടങ്ങളിലെല്ലാം ഫാര്‍മസിസ്റ്റുകള്‍ നിര്‍ണായക സാന്നിധ്യമായി. 


മരുന്ന് ഗവേഷണം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ബജറ്റിന്റെ മികച്ച ഭാഗം നീക്കിവയ്‌ക്കേണ്ടത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അടിയന്തിരാവശ്യമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും മുന്‍നിര ആരോഗ്യ ദൗത്യങ്ങളില്‍ എല്ലായ്‌പ്പോഴും അദൃശ്യരായി കഴിയുന്ന ഫാര്‍മസിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഏത് ആരോഗ്യ അടിയന്തിരാവസ്ഥയും നേരിടാന്‍ കഴിവുള്ള ഒരു സംവിധാനം നമ്മള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

Highly Advanced Roles: Consultant-Pharmacist-led Clinics

2024 ല്‍, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ലണ്ടന്‍ NHS ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ ഫാര്‍മസി ഡിപാര്‍ട്‌മെന്റിലെ തൊഴിലാളികളുടെ എണ്ണം 600 ല്‍ അധികമാണ്. ഇത് പ്രാദേശിക ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ അവരുടെ പങ്കാളിത്തത്തിന്റെ ആഴവും പരപ്പും പ്രകടമാക്കുന്നു. ഒരു കണ്‍സള്‍ട്ടന്റ് ഫാര്‍മസിസ്റ്റ് നടത്തുന്ന ഒരു ഇന്‍-പേഷ്യന്റ്/ഔട്ട്-പേഷ്യന്റ് ക്ലിനിക്കിന് ഒരു കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായി താരതമ്യപ്പെടുത്താവുന്ന ക്ലിനിക്കല്‍ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഡോക്ടറും നഴ്‌സും, ക്ലിനിക്കല്‍ സയന്റിസ്റ്റും ഫാര്‍മസിസ്റ്റുമെല്ലാം ഉള്‍പ്പെടുന്ന ആധുനിക ആരോഗ്യ സംവിധാനങ്ങളിലാവട്ടെ, എല്ലാവരും ചേര്‍ന്നാണ് സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍, മികച്ച ചികിത്സാ തീരുമാനങ്ങള്‍ക്ക് ഫിസിഷ്യന് ഫാര്‍മസിസ്റ്റിന്റെ പിന്തുണ അത്യാവശ്യമാണ്. UK- യില്‍ നിരവധി എന്‍എച്ച്എസ് ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റ്-ഫാര്‍മസിസ്റ്റ് നയിക്കുന്ന ക്ലിനിക്കുകള്‍ സ്ഥാപിച്ചു, രോഗനിര്‍ണയത്തിലും ചികിത്സാ പദ്ധതികളുടെ വികസനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരെ അനുവദിക്കുന്ന ഈ പദ്ധതി, ദീര്‍ഘകാല രോഗാവസ്ഥകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനവരെ സഹായിക്കുന്നു. കണ്‍സള്‍ട്ടന്റ് ഫാര്‍മസിസ്റ്റുകള്‍ക്ക്, യുകെയുടെ ജനറല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ (ജിപിഎച്ച്‌സി) പ്രൊഫഷണല്‍ അംഗീകാരം നല്‍കുകയും, ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് അവരുടെ കഴിവുകള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുകയും ചെയ്യുന്നു.

സെക്കന്ററി ചികിത്സാ കേന്ദ്രങ്ങള്‍ (ആശുപത്രികള്‍)ക്കപ്പുറം, പ്രൈമറി കെയറിലും (കമ്യൂണിറ്റി ഫാര്‍മസി), ഫാര്‍മസിസ്റ്റുകള്‍ അവരുടെ സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നു. 2024 ല്‍ യുകെയുടെ ആരോഗ്യ വകുപ്പ് ഫാര്‍മസിസ്റ്റുകളുടെ നിര്‍ണായക പങ്ക് അംഗീകരിച്ചു കൊണ്ട്, പൊതുജനങ്ങള്‍ക്ക് അവരുടെ സാധാരണ അസുഖങ്ങളുടെ ചികിത്സയ്ക്ക് പൂര്‍ണമായും ഫാര്‍മസിസ്റ്റുകളുടെ സഹായം തേടാമെന്ന് വിജ്ഞാപനമായി. അണുബാധയുണ്ടാക്കാവുന്ന ഇന്‍സെക്ട് ബൈറ്റ്, ഷിംഗിള്‍സ് പോലുള്ള ചര്‍മ്മ രോഗങ്ങള്‍, സൈനസൈറ്റിസ്, തൊണ്ടവേദന, മൂത്രനാളിയിലെ സങ്കീര്‍ണ്ണമല്ലാത്ത അണുബാധ എന്നിവയുള്‍പ്പെടെ നിരവധി ചെറിയ രോഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഇപ്പോള്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനാവും. ഫാര്‍മസി ക്വാളിറ്റി സ്‌കീം വഴി മൂന്ന് ഗുണനിലവാര മാനങ്ങള്‍ - ക്ലിനിക്കല്‍ ഫലപ്രാപ്തി, രോഗിയുടെ സുരക്ഷ, രോഗിയുടെ അനുഭവം - മുന്‍നിര്‍ത്തി, കമ്യൂണിറ്റി ഫാര്‍മസികളുടെ പ്രവര്‍ത്തന നിലവാരത്തിനുള്ള അപ്രൈസല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നല്‍കുന്നു.

Fighting Global Challenges: Antimicrobial Resistance - ആഗോള വെല്ലുവിളികളോടുള്ള പോരാട്ടം

തൊഴിലിലെ വൈവിധ്യമാര്‍ന്നതും നൂതനവുമായ വിജ്ഞാനം, നിപുണത, എന്നിവ കണക്കിലെടുക്കുമ്പോള്‍, ഒരു രാജ്യത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും, അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും ഫാര്‍മസിസ്റ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ആന്റിബയോട്ടിക്കുകളുടെ സുരക്ഷിതമായ ഉപയോഗം, ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) ഫലപ്രദമായി അതിജീവിക്കല്‍, തുടങ്ങിയ ആഗോള ആരോഗ്യ മേഖലയിലെ, സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഫാര്‍മസിസ്റ്റുകള്‍ അവിഭാജ്യ ഘടകമാണ്. ലാന്‍സെറ്റ് പഠനമനുസരിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകാരോഗ്യ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് AMR. AMR-ന്റെ തുടര്‍ച്ചയായ വര്‍ദ്ധധനവ്. 2050 ല്‍ 1.91 ദശലക്ഷം മരണങ്ങള്‍ക്കും 8.22 ദശലക്ഷം എഎംആര്‍ അനുബന്ധ മരണങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യുകെയില്‍ ആന്റിമൈക്രോബിയല്‍ ഫാര്‍മസിസ്റ്റുകള്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റുകളുമായി സഹകരിച്ച് ആന്റിബയോട്ടിക്കുകളുടെ കൃത്യമായ തിരഞ്ഞെടുപ്പ്, ചികിത്സാ രീതികള്‍, എന്നിവയില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും എംആര്‍എസ്എ, ക്ലോസ്ട്രിഡിയം ഡിഫിസൈല്‍ തുടങ്ങിയ വിവിധ അണുബാധകളുമായി ബന്ധപ്പെട്ട ചികിത്സാ ഫലങ്ങളില്‍ സംയുക്ത ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു.

Emerging Therapies: അതിനൂതന ചികിത്സാ സംവിധാനങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക്

ജീനുകള്‍, മനുഷ്യകോശങ്ങള്‍, ടിഷ്യൂ എഞ്ചിനീയറിങ്ങ് ഉല്‍പന്നങ്ങള്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ മാധ്യമങ്ങള്‍ ഇംഗ്ലണ്ടില്‍ അഡ്വാന്‍സ്ഡ് തെറാപ്പി മെഡിസിനല്‍ പ്രൊഡക്ട്‌സ് (ATMPs) പ്രോഗ്രാമിന്റെ ഭാഗമാണ്. 2022 മുതല്‍ കൈമെറിക് ആന്റിജന്‍ റിസപ്റ്റര്‍ (സിഎആര്‍) - ടി സെല്‍ തെറാപ്പി പോലുള്ള നൂതനവും സങ്കീര്‍ണ്ണവുമായ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പദ്ധതികള്‍ NHS തയ്യാറാക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ വിവിധയിടങ്ങളിലെ രോഗികളിലേക്ക് കൃത്യമായി എത്തിക്കുന്നതിന് ഈ മേഖലയിലെ വിദഗ്ധരെ ആവശ്യമാണ്. കൂടാതെ ബന്ധപ്പെട്ട ദേശീയ നയരൂപീകരണത്തിലും പദ്ധതി നിര്‍വഹണത്തിലും അഗ്രഗണ്യരായ ഫാര്‍മസിസ്റ്റുകളെയും. പ്രാദേശിക തലത്തില്‍, അവര്‍ പ്രാദേശിക ATMPs കമ്മിറ്റിയുടെ ചുക്കാന്‍ പിടിക്കുകയും നയരൂപീകരണം, ഡോസ് കണക്കുകൂട്ടല്‍, ക്ലിനിക് ഡോസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. FDA (Food and Drug Administration), MHRA (Medicines and Healthcare Products Regulatory Agency) പോലുള്ള അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികള്‍ കൂടുതല്‍ എടിഎംപികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനാല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി അഡ്വാന്‍സ്ഡ് തെറാപ്പി ഇന്‍വെസ്റ്റിഗേഷണല്‍ ഉല്‍പ്പന്നങ്ങളുടെ (എടിഐഎംപി) വലിയ ഒഴുക്കുണ്ടാവുന്നു. ഈ പുതിയ ചികിത്സാ മേഖല മുഖ്യധാരയില്‍ വരികയും, അതിന്റെ ക്ലിനിക്കല്‍ സേവനങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് ശക്തമാവുകയും ചെയ്യും.

സര്‍ക്കാരുകളും പ്രൊഫഷണല്‍ ബോഡികളും:

ഫാര്‍മസിസ്റ്റുകളുടെ റോളില്‍ ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. ആരോഗ്യ സേവനങ്ങള്‍ നടപ്പാക്കുന്നതില്‍ വിദഗ്ധരുടെ ഒരു നിര ഉള്‍പ്പെടുന്നു. പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഘട്ടങ്ങളിലെല്ലാം, മരുന്നിന്റെ സുരക്ഷ പരമപ്രധാനമാണ്; മരുന്ന് ഒരു രോഗിയില്‍ എത്തുന്നതിന് മുമ്പുള്ള സുരക്ഷാ വലയമാണ് ഫാര്‍മസിസ്റ്റുകള്‍. ലോകത്തങ്ങോളമിങ്ങോളമുള്ള ഗവണ്‍മെന്റുകള്‍, നയ നിര്‍മാതാക്കള്‍, പ്രൊഫഷണല്‍ ബോഡികള്‍, രോഗികളും അവര്‍ക്കൊപ്പമുള്ളവരുമെല്ലാം ആരോഗ്യരംഗത്തെ ഫാര്‍മസിസ്റ്റുകളുടെ നിര്‍ണായക പങ്ക് തിരിച്ചറിയണം. ആഗോളതലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ വിപുലമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ വിവിധ തലങ്ങളില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


ലേഖകര്‍:

| Moncy Mathew, Highly Specialist Clinical Trials Pharmacist, Guy's and St Thomas' NHS Foundation Trust, London, UK

| Muhsina Mubaraka, Pharmacist, Dubai


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മോന്‍സി മാത്യു | മുഹ്‌സിന മുബാറക

Writers

Similar News