നിര്‍ബന്ധിത വാര്‍ധക്യത്തെ തിരിച്ചുപിടിക്കാന്‍

ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ജനവിഭാഗത്തെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ യുവജന സംഘടനകള്‍ പ്രായപരമായി വികസിപ്പിക്കുകയായിരുന്നു വേണ്ടത്.

Update: 2023-01-24 06:43 GMT

യുവാക്കളാണ് നാടിന്റെ ശക്തി, അവരാണ് ഭാവിയെ നയിക്കുക, നാടിന്റെ ഭാഗദേയം അവര്‍ നിര്‍ണയിക്കും എന്നൊക്കെയുള്ള വാക്യങ്ങള്‍ യുവത്വത്തെ കുറിച്ച അഞ്ച് മിനിറ്റ് പ്രസംഗമത്സരത്തിലേക്ക് മാത്രമായി മനഃപാഠമാക്കാന്‍ സമൂഹം നിര്‍ണയിച്ച് നല്‍കിയവയാണോ? അതോ സമൂഹം യുവതയെ ഭയക്കുന്നുവോ? സമൂഹശാസ്ത്രത്തില്‍ അങ്ങനെയൊന്നുണ്ട് - എഫബിഫോബിയ (Ephebiphobia) - യുവത്വത്തോടുള്ള ഭയം. യുവജനങ്ങളുടെമേല്‍ ക്യത്യതയില്ലാത്തതും അതിശയോക്തിപരവും വൈകാരികവുമായ സ്വഭാവത്തെ ആരോപിച്ച് അതിനെ ഭയപ്പെടുക.

ഇപ്പോള്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 73.8, സത്രീകളുടെത് 78.7 എന്നിങ്ങനെയാണ്. ഏതാണ്ട് 29-30 വയസ് വര്‍ധിച്ചിരിക്കുന്നു. അതായത് 1980 കളില്‍ സമൂഹത്തിലെ മുതിര്‍ന്നവര്‍ എന്ന് കരുതപ്പെട്ടിരുന്ന അമ്പതും അന്‍പത്തിയഞ്ചും കവിഞ്ഞവര്‍ക്കും ഇപ്പോള്‍ അത്രത്തോളം മൂപ്പ് സമൂഹം അനുവദിച്ചു തരില്ല എന്നര്‍ഥം. അതുതന്നെയാണ് യാഥാര്‍ഥ്യവും.

രാഷ്ട്രീയം, മതം, ജാതി, ലിംഗം, വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം തുടങ്ങിയ മേഖലകളിലെല്ലാം ധാരാളം സംഘടനകളും പ്രസ്ഥാനങ്ങളും നാട്ടിലുണ്ട്. അവയ്ക്കൊക്കെയും യുവജന വിഭാഗങ്ങളുമുണ്ട്. ഈ യുവജന വിഭാഗങ്ങളില്‍ നിന്നും എത്ര പെട്ടെന്നാണ് യുവാക്കാള്‍ പ്രായപരിധി മറികടന്നെന്ന പേരില്‍ പുറത്താക്കപ്പെടുന്നത്. ഭരണഘടനയും സംഘടനാതത്വങ്ങളും ലംഘിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് പോലും മാപ്പെഴുതിക്കൊടുത്തും അച്ചടക്ക നടപടിയുടെ കാലാവധി പൂര്‍ത്തിയാക്കിയും തിരിച്ചെത്താനുള്ള അവസരമുണ്ടായിരിക്കെയാണ് വയസ്സെത്തിയതിന്റെ പേരില്‍ അന്യായമായി വസിഷ്ഠപൗര പദവിയിലേക്ക് അവരെ നാം തള്ളിയിടു(ക്കയറ്റു)ന്നത്. പെട്ടെന്നു തന്നെ വാര്‍ധക്യത്തിലെത്തിച്ചേരട്ടെ എന്ന ഒരാഗ്രഹം സമൂഹത്തിന്റെ ബലാബലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?


മേല്‍പറഞ്ഞ മേഖലകളില്‍ കേരളത്തിലെ ഇന്നത്തെ നേതൃത്വത്തിന്റെ ആത്മകഥകള്‍ വായിച്ചുനോക്കുക. ഏറ്റവും സുന്ദരമായ അനുഭവങ്ങള്‍ അവരുടെ യുവജന പ്രസ്ഥാന മണ്ഡലത്തിലായിരിക്കും. തങ്ങളുടെ യുവത്വത്തിന്റെ അകവും പുറവും ചുളിവുകള്‍ വീഴുംമുമ്പേ ഇറങ്ങിപ്പോരേണ്ടിവന്ന സങ്കടങ്ങളും അവിടെ നിങ്ങള്‍ക്ക് വായിച്ചു കേള്‍ക്കാനാവും. ആ സങ്കടക്കടല്‍ നേതാക്കള്‍ നീന്തിക്കടന്നവര്‍ തുടര്‍ന്നും നമ്മുടെ കാഴ്ചവട്ടത്തു തന്നെയുണ്ടാവും. അല്ലാത്തവരും സാധാരണക്കാലുമൊക്കെ പോയ് മറയുന്നു.

1980കള്‍ക്ക് മുമ്പാണ് കേരളത്തിലെ മിക്ക യുവജനസംഘടനകളും രൂപീകരിക്കപ്പെടുന്നത്. അതായത്, അവയ്ക്ക് തന്നെ ചുരുങ്ങിയത്, അന്‍പത് വയസ് പൂര്‍ത്തിയായി. ഒന്നും അവയായി രൂപപ്പെട്ടതല്ല. അവയുടെ മാതൃസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന വിപുലീകരണാര്‍ഥം രൂപം നല്‍കിയവയാണ്. അവയുടെയൊക്കെ ഉയര്‍ന്ന പ്രായപരിധി 35-40 വയസാണ്. പിന്നീട് വന്ന സംഘടനകളും പ്രായപരിധി നിര്‍ണയത്തില്‍ അതേവഴി സ്വീകരിച്ചു. എങ്ങിനെയാണ് 40 വയസ് എന്ന പ്രായപരിധിയിലേക്ക് എത്തുന്നത്. രൂപംകൊണ്ട സാമൂഹികാവസ്ഥയുടെ നിര്‍ണയമായിരിക്കുമല്ലോ അത്.


യുവത്വത്തിന് കൃത്യവും ഏകോപിച്ചതുമായ പ്രായപരിധി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ജീവശാസ്ത്രത്തിലും ആയുസിനെ പകുക്കുന്ന നേര്‍രേഖ പ്രായത്തിലൂടെ വരക്കുക അസാധ്യം. സ്ഥിതി വിവരക്കണക്കുക്കള്‍ തയാറാക്കുന്നതിന് അന്തര്‍ദേശീയ, ദേശീയ ഏജന്‍സികള്‍ നിശ്ചിത പ്രയാപരിധി നിശ്ചയിക്കാറുണ്ടെന്നത് ശരി. യഥാര്‍ഥത്തില്‍ യൂത്ത്/യംങ് എന്നത് സമൂഹം നിര്‍മിച്ച കാറ്റഗറിയാണ്. സമൂഹങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ് യുവത്വത്തിന്റെ നിര്‍വചനം. ബാല്യത്തിനും വാര്‍ധക്യത്തിനുമിടയില്‍ വ്യത്യസ്ത സംസ്‌കാരങ്ങളും സമൂഹങ്ങളും കാലവും വ്യക്തികള്‍ക്ക് നല്‍കുന്ന അര്‍ഥങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സാമൂഹിക സ്ഥാനമോ പദവിയോ ആണ് യുവത്വം.

ഇളക്കം തട്ടാത്ത ഉയര്‍ന്ന പ്രായപരിധിക്ക് പകരം ക്രമാനുഗതമായി, വര്‍ധിപ്പിച്ച് സമൂഹത്തിന്റെ അകാല വാര്‍ധക്യത്തെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കണം. ചുരുങ്ങിയത് വര്‍ക്കിംങ് ഫോഴ്സ് (59 വയസ് വരെ) വിഭാഗത്തെയെങ്കിലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

യുവജന സംഘടനകള്‍ രൂപീകരിക്കപ്പെട്ട ദശകങ്ങളില്‍ 50 വയസോ അതിന് താഴെയോ ആയിരുന്നു കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 50 വയസിന് മുകളിലുള്ളവര്‍ നന്നേ കുറവ് എന്നാണല്ലോ അതിനര്‍ഥം. ദേശീയ തലത്തില്‍ ഇതിനേക്കാള്‍ താഴെയായിരുന്ന ആയുര്‍ദൈര്‍ഘ്യം. അത്തരമൊരു സാഹചര്യത്തില്‍ യുവജന സംഘടനകള്‍ രൂപീകരിക്കപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട ഉയര്‍ന്ന പ്രായപരിധി 40 എന്ന് തന്നെ മനസ്സിലാക്കാനാവും. അതായത് ജനസംഖ്യയുടെ ബഹുഭൂരിഭാഗവും 40 വയസിന് താഴെയുള്ളവരായിരുന്നു. സാമൂഹ്യ സ്വാധീനം വര്‍ധിപ്പിക്കാനും പരിപാടികള്‍ വിപുലപ്പെടുത്താനും പുതിയ തലമുറയെ ആകര്‍ഷിക്കാനും ഉദ്ദേശിച്ചുകൊണ്ട് യുവജന സംഘടനകള്‍ രൂപീകരിക്കുമ്പോള്‍ സ്വീകരിക്കേണ്ട ഉയര്‍ന്ന പ്രായപരിധി തന്നെയാണ് 40. ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാന്‍ അവയ്ക്ക് സാധിക്കുന്നു.


എന്നാല്‍, തുടര്‍ന്നിങ്ങോട്ട് പൊതുജനാരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തിന്റെ ഫലമായി സംസ്ഥാനത്തെ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. ഇപ്പോള്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 73.8, സത്രീകളുടെത് 78.7 എന്നിങ്ങനെയാണ്. ഏതാണ്ട് 29-30 വയസ് വര്‍ധിച്ചിരിക്കുന്നു. അതായത് 1980 കളില്‍ സമൂഹത്തിലെ മുതിര്‍ന്നവര്‍ എന്ന് കരുതപ്പെട്ടിരുന്ന അമ്പതും അന്‍പത്തിയഞ്ചും കവിഞ്ഞവര്‍ക്കും ഇപ്പോള്‍ അത്രത്തോളം മൂപ്പ് സമൂഹം അനുവദിച്ചു തരില്ല എന്നര്‍ഥം. അതുതന്നെയാണ് യാഥാര്‍ഥ്യവും. അവരേക്കാള്‍ 30 വര്‍ഷം മുതിര്‍ന്ന വലിയൊരു സമൂഹം അപ്പുറത്ത് നില്‍ക്കുന്നുണ്ട്. അന്‍പതും അന്‍പത്തിയഞ്ചുമൊന്നും ഇന്നൊരു പ്രായമായി ആരും കണക്കാക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്ന കാര്യമെടുക്കുക. അന്‍പത്തിയാറാം വയസ്സില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പോലും നന്നേ ചെറുപ്പമെന്ന് നാട്ടിലെ വര്‍ത്തമാനമാണല്ലോ. ഇത്ര പെട്ടെന്ന് പെന്‍ഷനായോ എന്ന ചോദ്യം സ്വാഭാവികമാണ്. ശാരീരിക അവശതകള്‍ കൊണ്ട് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങുന്നവരും കുറഞ്ഞു. റിട്ടയര്‍മെന്റില്ലാത്ത സ്വയംതൊഴില്‍, വ്യാപാര, കച്ചവട, വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ അറുപതിലും അറുപത്തിയഞ്ചിലുമൊക്കെ തൊഴില്‍ശക്തിയുടെ ഭാഗമായി കര്‍മനിരതരായിരിക്കെയാണ് 'താന്‍ വൃദ്ധനായിരിക്കുന്നു, ഇനി വിശ്രമ ജീവിതം നയിച്ചോളൂ' എന്നുപദേശിച്ച് ഉല്‍പാദനപരമല്ലാത്ത വാര്‍ധക്യ ജനസംഖ്യയിലേക്ക് നമ്മുടെ പെന്‍ഷന്‍ സംവിധാനം അന്‍പത്തിയാറാം വയസില്‍ തന്നെ തള്ളിവിടുന്നത്. സമാനമായ രീതിയില്‍,  ചോരത്തിളപ്പും ആവേശവും വിപ്ലവചിന്തയും നിന്നിലസ്തമിച്ചിരിക്കുന്നു, ഇനി മാറ്റങ്ങള്‍ ആഗ്രഹിക്കാത്ത, അശുഭ ചിന്തകളെ താലോലിക്കുന്നവനായി നീ മാറുക എന്നാണ് ചെറുപ്പം വിട്ടുമാറാത്ത യുവത്വത്തോട് യുവജന സംഘടനകള്‍ പറയുന്നത്. ശാരീരികമായോ മാനസികമായോ തളര്‍ച്ച ബാധിക്കാത്ത നേതാക്കളും അനുയായികളുമായ വലിയൊരു വിഭാഗത്തെ സ്വാഭാവിക വാര്‍ധക്യമെത്തും മുമ്പേ നിര്‍ബന്ധിത വാര്‍ധക്യത്തിന് എറിഞ്ഞുകൊടുക്കുകയാണ് യുവജന സംഘടനകള്‍ ചെയതത്.

1961 മുതലുള്ള കണക്കുകളെടുത്താല്‍ 15 മുതല്‍ 59 വയസുവരെയുള്ളവരുടെ ശതമാനവും കൂടിക്കൊണ്ടിരിക്കുകയാണ്. 1961 ല്‍ 52 ശതമാനമായിരുന്നെങ്കില്‍ 2011 സെന്‍സസ് പ്രകാരം 64 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ 2011 സെന്‍സസ് അനുസരിച്ച് 15 - 40 പ്രായ ഗ്രൂപ്പില്‍ പെട്ടവര്‍ 39 ശതമാനം മാത്രമാണ്. മാത്രമല്ല, 1961 മുതല്‍ കേരള ജനസംഖ്യയില്‍ 0-14 ഗ്രൂപ്പിന്റെ അനുപാതം വന്‍തോതില്‍ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 1961 ല്‍ 43 ശതമാനമായിരുന്നത് 2011 ല്‍ 23 ശതമാനമാണ്. അതിനര്‍ഥം തൊഴില്‍ സേനയുടെ ഇളം തലമുറ സമീപ കാലങ്ങളില്‍ ഇനിയും വന്‍തോതില്‍ കുറയുമെന്നാണ്.


യഥാര്‍ഥത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ജനവിഭാഗത്തെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ യുവജനസംഘടനകള്‍ പ്രായപരമായി വികസിപ്പിക്കുകയായിരുന്നു  വേണ്ടത്. ഇളക്കം തട്ടാത്ത ഉയര്‍ന്ന പ്രായപരിധിക്ക് പകരം ക്രമാനുഗതമായി, വര്‍ധിപ്പിച്ച് സമൂഹത്തിന്റെ അകാല വാര്‍ധക്യത്തെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കണം. ചുരുങ്ങിയത് വര്‍ക്കിംങ് ഫോഴ്സ് (59 വയസ് വരെ) വിഭാഗത്തെയെങ്കിലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. കേവല ഘടനയില്‍ മാത്രമല്ല, അതിനനുസരിച്ച് അജണ്ടകളും പ്രവര്‍ത്തന പരിപാടികളും മാറ്റം വരുത്തുന്നതോടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും യുവത്വം തിരിച്ച് പിടിക്കാന്‍ കേരളത്തിനാവും. അതിന് തയാറാകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഭാവി കേരളത്തെ നിര്‍ണയിക്കാനാവും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. നജാത്തുല്ല

Writer

Similar News