മാവടി തങ്കപ്പനെന്ന അള്ളുങ്കൽ ശ്രീധരൻ

മാവടി തങ്കപ്പനായി അരനൂറ്റാണ്ടോളം ജീവിച്ച അള്ളുങ്കൽ ശ്രീധരന്റ കഥ

Update: 2022-09-21 13:38 GMT
Click the Play button to listen to article

അള്ളുങ്കൽ ശ്രീധരൻ-കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കുന്നവർ ഈ പേരും കേട്ടു കാണും. എ. വർഗീസ്, കുന്നിക്കൽ നാരായണൻ, മന്ദാകിനി, അജിത, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവർക്കൊപ്പം ആദ്യകാലത്ത് മലബാറിൽ നക്സൽ പ്രവർത്തനങ്ങളിൽ അള്ളുങ്കൽ ശ്രീധരനുമുണ്ടായിരുന്നു. എന്നാൽ, പിന്നിട് ശ്രീധരനെ കുറിച്ച് കേൾക്കുന്നത് ഇപ്പോഴാണ്. അര നൂറ്റാണ്ടുകാലം മറ്റൊരു പേരിൽ ജീവിച്ച അള്ളുങ്കൽ ശ്രീധരൻ ചർച്ചയാകുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് അദേഹം മരിച്ചതിന് ശേഷം, അദേഹത്തിന്റ മരണം ആദ്യകാല നക്സൽ പ്രവർത്തക അജിതയും മറ്റും സമൂഹമാധ്യമങ്ങളിലുടെ ലോകത്തെ അറിയിച്ചു.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് സമീപത്തെ മാവടിയെന്ന കുടിയേറ്റ ഗ്രാമത്തിൽ നിരപ്പേൽ തങ്കപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൊതുപ്രവർത്തകൻ അള്ളുങ്കൽ ശ്രീധരനെന്ന വിപ്ലവകാരിയാണെന്ന സത്യം വിശ്വസിക്കാൻ ഇനിയും ആ ഗ്രാമത്തിനായിട്ടില്ല. മാവടിയിൽ കുടിയേറ്റമാരംഭിച്ച നാൾ മുതൽ തങ്കപ്പൻ ഈ നാട്ടിലുണ്ട്. ആദ്യ കാലത്ത് സി.പി.എം പ്രവർത്തകനായും പിന്നിട് നിശബ്ദ പാർട്ടിക്കാരനായും. എന്നാൽ, മരണശേഷം താൻ ആരാണെന്ന സത്യം ലോകം അറിയണമെന്ന് അദേഹം ആഗ്രഹിച്ചിരുന്നിരിക്കണം. മരണത്തോടെയെങ്കിലും ഒളിവ് ജീവിതം അവസാനിക്കെട്ടയെന്ന് കരുതിയായിരുന്നിരിക്കണം തന്റെ യഥാർഥ പേരും മറ്റും ചിലരോടെങ്കിലും പറഞ്ഞതും അവരിൽ ചിലർ അജിതയേയും മറ്റും അറിയിച്ചതും.




 

1968ലാണ് പുൽപ്പള്ളി എം.എസ്.പി ക്യാമ്പ് ആക്രമിക്കപ്പെട്ടത്. പുൽപ്പള്ളി ദേവസ്വം ഭൂമിയിലെ കുടിയേറ്റം ഒഴിപ്പിക്കാൻ എത്തിയതായിരുന്നു എം.എസ്.പി. അന്നത്തെ ആക്രമണത്തിൽ വയർലസ് ഓപ്പറേറ്റർ കൊല്ലപ്പെട്ടു. തുടർന്ന് ആ സംഘം രക്ഷപ്പെട്ടു. വർഗീസ്, അജിത, തേറ്റാമല കൃഷ്ണൻകുട്ടി, മുഹമ്മദ്, സുകുമാരൻ തുടങ്ങിയവരും അള്ളുങ്കൽ ശ്രീധരന് പുറമെ ഉണ്ടായിരുന്നു. അടക്കാത്തോട്ടിൽ വെച്ച് അജിതയെ തിരിച്ചറിയുകയും ആ സംഘം പിടിക്കപ്പെടുകയും ചെയ്തു. വർഗീസും ശ്രീധരനും അടങ്ങുന്ന സംഘം പിന്നേയും ഒളിവിൽ തുടർന്നു. കക്കയങ്ങാട് നിന്നും സംഘം വഴി പിരിഞ്ഞു. കൂട്ടുവഴിയിൽ വെച്ചാണ് ശ്രീധരൻ പിടിക്കപ്പെടുന്നത്. പിന്നിട് ജയിൽ ജീവിതം കണ്ണുരിൽ പ്രത്യേക ബ്ലോക്കിലായിരുന്നു നക്സൽ തടവുകാർ. അവിടെ പ്രത്യേക കോടതിയിൽ കേസിന്റ വിചാരണയും. അള്ളുങ്കൽ ശ്രീധരനെ കോടതി വെറുതെ വിട്ടതോടെ പുൽപ്പള്ളിക്ക് മടങ്ങി.

ഭാര്യയും നാല് പെൺമക്കളുമായി കുടുംബ ജീവിതം നയിക്കുമ്പോഴും പോലീസ് നിരീക്ഷണമുണ്ടായിരുന്നു. പാലാ സ്വദേശിയായ അള്ളുങ്കൽ ശ്രീധരൻ പുൽപ്പള്ളിക്ക് കുടിയേറിയതാണ്, ഭാര്യ മുണ്ടക്കയം സ്വദേശിനിയും. അഞ്ചേക്കർ സ്ഥലമായിരുന്നു ഇവർക്ക്. ഇതിനിടെ, കീഴ്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയിരുന്നു. അതിൽ ശിക്ഷിക്കപ്പെടുമെന്ന സൂചന വന്നതോടെയാണ് ശ്രീധരൻ പുൽപ്പള്ളിയിൽ നിന്നും മുങ്ങുന്നത്. കീഴ്കോടതി വിധി വന്നു മൂന്ന് വർഷത്തിന് ശേഷമാണിത്. എത്തിപ്പെട്ടത് ഇടുക്കി ജില്ലയിലെ മാവടിയിലെ ഒരു ചായക്കടയിൽ. അവിടെ പുതിയൊരു പേര് സ്വീകരിച്ചു-തങ്കപ്പൻ.

ചായക്കടയിൽ ജോലിയുമായി കഴിയവെയാണ് മാവടിയിൽ കുടിയേറ്റമാരംഭിക്കുന്നത്. തങ്കപ്പനും കുടിൽകെട്ടി. അപ്പോഴേക്കും മാവടിയിൽ നിന്നും വിവാഹവും കഴിച്ചിരുന്നു. ഇതിൽ രണ്ട് കുട്ടികളുണ്ട്. കൃഷിപ്പണിക്കിടെയാണ് പ്രാദേശിക സി.പി.എം നേതൃത്വവുമായി സഹകരിച്ചത്. ഇടക്കാലത്ത് നക്സൽ പ്രവർത്തകരുമായി ബന്ധം നിലനിർത്തി. അതൊക്കെ മാവടി തങ്കപ്പൻ എന്ന പേരിലായിരുന്നു. എന്നാൽ, ഭാര്യയോട് ആ രഹസ്യം പറഞ്ഞിരുന്നു. പേരും നാടും മാത്രമല്ല, വയനാടിലെ ഭാര്യ, മക്കൾ എന്നിവരെ കുറിച്ചും പറഞ്ഞു. വളരെ അടുത്ത ഒന്നു രണ്ട് പേരോടും ആ രഹസ്യം പറഞ്ഞതൊഴിച്ചാൽ, മരണം വരെ അതു വെളിപ്പെടുത്തിയില്ല. അസുഖമായശേഷം മക്കളോടും താൻ ആരാണെന്ന രഹസ്യം പറഞ്ഞു. അവരും പുറത്ത് പറഞ്ഞില്ല.


 



എ. വർഗീസ് വധവുമായി ബന്ധപ്പെട്ട് 1998ൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായൻ നടത്തിയ വെളിപ്പെടുത്തൽ മാധ്യമം വാരിക പ്രസിദ്ധികരിച്ചതിനെ തുടർന്ന് ആദ്യകാല നക്സൽ ചരിത്രം പത്രങ്ങൾ പ്രസിദ്ധികരിച്ച് വന്നിരുന്ന സമയത്താണ്, അള്ളുങ്കൽ ശ്രീധരൻ ജീവിച്ചിരിക്കുന്നുവെന്ന വിവരം മാധ്യമത്തിലും പ്രസിദ്ധികരിച്ചത്. ഇപ്പോഴത്തെ പേരും ജീവിച്ചിരിക്കുന്ന സ്ഥലവും നാടും ഒന്നും പറയാതെയുള്ള റിപ്പോർട്ട്. അന്നത്തെ ആ വാർത്ത സ്ഥിരിക്കപ്പെട്ടത് ഇപ്പോൾ മാത്രമാണ് എന്ന പ്രത്യേകതയുണ്ട്. അന്ന് ആ വാർത്തയെ സാങ്കൽപ്പികമെന്ന് പറഞ്ഞ് എഴുതി തള്ളിയവരുമുണ്ടാകാം.

ഒരാൾ അരനൂറ്റാണ്ട് കാലം ആർക്കും പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞുവെന്നതാണ് ചരിത്രം. ഇതിനിടെ, ഭാര്യയെയും മക്കളെയും കാണണമെന്നോ ബന്ധുക്കളുമായി ബന്ധം പുലർത്തണമെന്നോ ആഗ്രഹിച്ചില്ല. പഴയ സഹപ്രവർത്തകരുമായും ബന്ധപ്പെട്ടതായും ആരും പറഞ്ഞിട്ടില്ല. പുൽപ്പള്ളിയിലെ ഒരൊറ്റ ആക്ഷനിൽ മാത്രം പെങ്കടുത്തിട്ടുള്ള അള്ളുങ്കൽ ശ്രീധരനെ തെക്കൻ കേരളത്തിലെ നക്സൽ പ്രവർത്തകർക്കും പരിചയമില്ല. പഴയ സഹപ്രവർത്തകരും അന്വേഷിച്ചില്ല. ഇതൊക്കെ കാരണമായിരിക്കാം. എന്നാൽ, മരണത്തോടെ ആ മുഖംമൂടി മാറ്റപ്പെട്ടു. അരനൂറ്റാണ്ട് കാലത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് അള്ളുങ്കൽ ശ്രീധരനെന്ന പേരിൽ മുദ്രാവാക്യം വിളികളോടെ യാത്രാമൊഴി നൽകിയത്, അദേഹം അറിഞ്ഞില്ല. മാവടി തങ്കപ്പൻ മരണത്തോടെ ഇല്ലാതായി. ഇനി ഒാർമയിലുണ്ടാകുക അള്ളുങ്കൽ ശ്രീധരനായിരിക്കും.

മാവടിക്കാർ ഇനി ആ കഥ പറയും. അള്ളുങ്കൽ ശ്രീധരനെന്ന പഴയ വിപ്ലവകാരി മാവടി തങ്കപ്പനായി അരനൂറ്റാണ്ടോളം മാവടി ഗ്രാമത്തിൽ ജീവിച്ച കഥ.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - എം.ജെ ബാബു

contributor

Similar News