ദില്‍സേ മുംബൈ... സീസണില്‍ ആദ്യ ജയവുമായി മുംബൈ ഇന്ത്യന്‍സ്

രാജസ്ഥാനുയര്‍ത്തിയ 159 റണ്‍സിന്‍റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെയാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്

Update: 2022-04-30 18:10 GMT
Advertising

ഒടുവില്‍ അത് സംഭവിച്ചു. ഒന്‍പത് മത്സരങ്ങള്‍ക്കിടയില്‍ മുംബൈ ഇന്ത്യന്‍സിന് സീസണില്‍ ആദ്യ ജയം. രാജസ്ഥാനുയര്‍ത്തിയ 159 റണ്‍സിന്‍റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെയാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. സൂര്യകുമാര്‍ യാദവിന്‍റെ മികച്ച ഇന്നിങ്സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ സൂര്യകുമാര്‍ യാദവ് 39 പന്തില്‍ 51 റണ്‍സ് നേടി.

തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായ മുംബൈ പതിവ് പല്ലവി ആവര്‍ത്തിക്കുമെന്ന് തോന്നിച്ചെങ്കിലും രക്ഷകനായി സൂര്യകുമാര്‍ യാദവെത്തുകയായിരുന്നു. വെറും രണ്ട് റണ്‍സാണ് രോഹിത്തിന് നേടാനായത്. ടീം സ്കോര്‍ 41ല്‍ എത്തിയപ്പോള്‍ മുംബൈക്ക് മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷനെയും നഷ്ടമായി. പിന്നീടൊത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ്-തിലക് കുമാര്‍ സഖ്യം മുംബൈയെ കരകയറ്റുകയായിരുന്നു. 

അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ ടീം സ്കോര്‍ 122ലെത്തിയപ്പോള്‍ സൂര്യകുമാറിന്‍റെ വിക്കറ്റ് വീണു. അതേ സ്കോറില്‍ തന്നെ തിലക് വര്‍മയും പുറത്തായി. 30 പന്തില്‍ 35 റണ്‍സ് നേടിയാണ് തിലക് വര്‍മ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ പൊള്ളാര്‍ഡും ടിം ഡേവിഡും ചേര്‍ന്ന് കൂടുതല്‍ നഷ്ടം വരുത്താതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 14 പന്തില്‍ 10 റണ്‍സ് നേടി പൊള്ളാര്‍ഡ് പുറത്തായപ്പോള്‍ ഒന്‍പത് പന്തില്‍ 20 റണ്‍സോടെ ടിം ഡേവിഡ് പുറത്താകാതെ നിന്നു

നേരത്തേ നിശ്ചിത  ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 158 റണ്‍സെടുത്തിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജോസ് ബട്‍ലര്‍ തന്നെയാണ് ഈ മത്സരത്തിലും രാജസ്ഥാന്‍ ബാറ്റിങിന്‍റെ ചുക്കാന്‍ പിടിച്ചത്. ആദ്യം പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബട്‍ലര്‍ 16 ആം ഓവറില്‍ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഹൃഥിക് ഷൊക്കീന്‍ എറിഞ്ഞ 16 ആം ഓവറില്‍ നാല് സിക്സറുകളാണ് ബട്‍ലര്‍ തൂക്കിയത്.

ടീം സ്കോര്‍ 26 ലെത്തിയപ്പോഴേക്കും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന് നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്ജു വെടിക്കെട്ടോടെയാണ് തുടങ്ങിയത്. രണ്ട് സിക്സറുകള്‍ പായിച്ച സഞ്ജുവിന് പക്ഷേ നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത സഞ്ജുവിനെ കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ടിം ഡേവിഡ് പിടികൂടുകയായിരുന്നു. സഞ്ജുവിന് പിന്നാലെയെത്തിയ ഡാരില്‍ മിച്ചല്‍ ബട്‍ലറിന് പിന്തുണ നല്‍കിയെങ്കിലും ഇരുവരും സ്കോര്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

ഒടുവില്‍ 20 പന്തില്‍ 17 റണ്‍സോടെ മിച്ചല്‍ മടങ്ങി. അതിനിടെ അര്‍ധസെഞ്ച്വറി കണ്ടെത്തിയ ബട്‍‍ലര്‍ പിന്നീട് ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റി. ഹൃഥിക് ഷൊക്കീന്‍ എറിഞ്ഞ 16 ആം ഓവറില്‍ നാല് സിക്സറുകള്‍ അടിച്ച ബട്‍ലര്‍ ഓവറിലെ അവസാന പന്തില്‍ സിക്സര്‍ ശ്രമത്തിനിടെ വിക്കറ്റാകുകയായിരുന്നു. ബട്‍ലര്‍ പോയതോടെ വീണ്ടും രാജസ്ഥാന്‍റെ സ്കോറിങ് താളം തെറ്റി. പിന്നീടെത്തിയ പരാഗും ഹെറ്റ്‍മെയ്റും പ്രതീക്ഷക്കൊത്തുയരാതിരുന്നതോടെ രാജസ്ഥാന്‍ സ്കോര്‍ 158ല്‍ അവസാനിച്ചു. 9 പന്തില്‍ 21 റണ്‍സെടുത്ത അശ്വിനാണ് ടീം സ്കോര്‍ 150 കടത്തിയത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News