ജയ് ശ്രീറാം വിളിച്ചില്ല; നാലാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മഹാദേവ് ശര്‍മ്മ(10) രണഘട്ട് സബ് ഡിവിഷണൽ ആശുപത്രിയില്‍ ചികിത്സയിലാണ്
ജയ് ശ്രീറാം എന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് നാലാം ക്ലാസുകാരനെ ബി.ജെ.പി പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാദേവ് ശര്‍മ്മ(10) രണഘട്ട് സബ് ഡിവിഷണൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബംഗാളിലെ നാഡിയയില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ബി.ജെ.പി പ്രവര്‍ത്തകനും പ്രാദേശിക വനിതാ നേതാവ് മിഥുവിന്‍റെ ഭര്‍ത്താവുമായ മഹാദേബ് പ്രമാണിക് ആണ് കുട്ടിയെ ഉപദ്രവിച്ചത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. ഫുലിയ എന്ന സ്ഥലത്ത് ചായക്കട നടത്തുകയാണ് പ്രമാണിക്. കടയുടെ മുന്നിലൂടെ പോയ കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകനായ ശ്യാം ചന്ദ് ശര്‍മയുടെ മകനാണ് മഹാദേവ്.
17 ന് നടന്ന വോട്ടെടുപ്പിനിടെ ശര്‍മയും പ്രമാണികുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് പ്രമാണിക് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ മുഖത്തും തലയിലും പിന്‍ഭാഗത്തുമെല്ലാം മര്‍ദ്ദിച്ചതിന്‍റെ പാടുകളുണ്ട്. മഹാദേവിന്‍റെ നില തൃപ്തികരമാണെങ്കിലും മര്‍ദ്ദനമേറ്റ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരിക്കുകയാണ് പ്രമാണിക്.