വനിതാസുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ക്ക് ജീവപര്യന്തം

Update: 2017-02-21 10:05 GMT
Editor : admin
വനിതാസുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ക്ക് ജീവപര്യന്തം
Advertising

കീനന്‍ സാന്റോസ് (24), റൂബന്‍ ഫെര്‍ണാണ്ടസ് (29) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം

വനിതാ സുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം. കീനന്‍ സാന്റോസ് (24), റൂബന്‍ ഫെര്‍ണാണ്ടസ് (29) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് നാല് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ജിതേന്ദ്ര റാണ, സുനില്‍ ബോധ്, സതീഷ് ദുല്‍ഹജ്, ദീപക്ക് തിവാല്‍ എന്നിവര്‍ക്ക് മുംബൈയിലെ പ്രത്യേക വനിതാ കോടതിയാണ് ശിക്ഷ വിധിച്ചത്.

2011 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. അന്ധേരിയിലെ റസ്റ്റോറന്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കീനനും റൂബനുമൊപ്പം ഉണ്ടായിരുന്ന പെണ്‍സുഹൃത്തിനെ ജിതേന്ദ്ര റാണ ശല്യപ്പെടുത്തി. ഇക്കാര്യം ഇരുവരും ചോദ്യംചെയ്തതോടെ റാണ മൂന്ന് കൂട്ടുകാരുമായി തിരിച്ചെത്തി. മാരക ആയുധങ്ങളും ഇവര്‍ കരുതിയിരുന്നു. ഇരുവരെയും പ്രതികള്‍ ആക്രമിച്ചു. നാല് തവണ കുത്തേറ്റ കീനന്‍ തൊട്ടടുത്ത ദിവസവും റൂബന്‍ 10 ദിവസത്തിനു ശേഷവുമാണ് മരിച്ചത്. അടുത്ത ദിവസം തന്നെ പ്രതികള്‍ പിടിയിലായി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ വിധിക്കണമെന്ന പബ്ലിക് പ്രൊസിക്യൂട്ടറുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്ന് കീനന്റെ പിതാവ് പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News