255 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി
കേരളത്തില്‍നിന്നുള്ള ഓള്‍ കേരളാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ പാര്‍ട്ടി, നിശബ്ദ ഭൂരിപക്ഷം എന്നീ രണ്ടു പാര്‍ട്ടികള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
255 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികളെ മറയാക്കുന്നത് തടയുന്നതിന്റെ ഭാഗമായാണു നടപടി. പല പാര്‍ട്ടികളും പേപ്പറില്‍ മാത്രമെയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഈ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡി (സി.ബി.ഡി.ടി) ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇത്തരം പാര്‍ട്ടികള്‍ക്കു ലഭ്യമാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചു. 1961ലെ ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരം പാര്‍ട്ടികള്‍ക്ക് വിവിധ ഇളവുകള്‍ ലഭിക്കുന്നുണ്ട്. ഇത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
നടപടിക്കു വിധേയമായ പാര്‍ട്ടികള്‍ 2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഭാരവാഹി തെരഞ്ഞെടുപ്പു നടത്തുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേരളത്തില്‍നിന്നുള്ള ഓള്‍ കേരളാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ പാര്‍ട്ടി, നിശബ്ദ ഭൂരിപക്ഷം എന്നീ രണ്ടു പാര്‍ട്ടികള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.