കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി 10.30-ഓടെ 46 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ട് മണിക്കൂറോളം ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്നു. രണ്ട് മണിക്കൂറിന് ശേഷം ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു. സംഘത്തില്‍ എത്ര ഭീകരരുണ്ടെന്ന് വ്യക്തമല്ല. പരിസരപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ശക്തമാക്കി. ശ്രീനഗറില്‍ നിന്ന് 54 കിമീ അകലെ ബാരാമുള്ള പട്ടണത്തിലെ ജബന്‍സ്പോറയിലാണ് ക്യാമ്പ്. രാഷ്ട്രീയ റൈഫിൾസിന് പുറമെ ബിഎസ്എഫും ഈ കേന്ദ്രമാണ് ഉപയോഗിക്കുന്നത്. ക്യാംപിന്റെ ഇരുവശത്തുനിന്നും ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. സൈനികർ ഉടൻ തിരിച്ചടിക്കുകയും ഭീകരർക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. സൈന്യത്തിന്റെ സുരക്ഷാ വലയം തകർക്കാൻ ഭീകരർക്ക് സാധിച്ചില്ല. ത്സലം നദീ ഭാഗത്തുനിന്നാണ് ഭീകരർ എത്തിയത് എന്നാണ് കരുതുന്നത്.
ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ജവാൻമാരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഎസ്എഫ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികൾ ചർച്ചചെയ്തു. നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം ഭീകരക്യാംപുകൾ ആക്രമിച്ച സംഭവത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. രാത്രി ഒന്‍പത് മണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.