ഹമ്മര്‍ സ്‍കോര്‍പിയോ ആയി; ധോണിക്ക് 1.5 ലക്ഷം രൂപ പിഴ
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വാഹനപ്രേമം അങ്ങാടിപ്പാട്ടാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വാഹനപ്രേമം അങ്ങാടിപ്പാട്ടാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ധോണി ഉപയോഗിക്കുന്ന ആഢംബരവാഹനം ഹമ്മര്‍ ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചത് രജിസ്ട്രേഷന്‍ തട്ടിപ്പിലൂടെയാണ്. സ്‌കോര്‍പിയോ എന്ന പേരില്‍ ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. ഏതായാലും റാഞ്ചി ട്രാന്‍സ്‍പോര്‍ട്ട് വകുപ്പ് ധോണിക്ക് പിഴയിട്ടു. 1.59 ലക്ഷം രൂപ. 43 ലക്ഷം രൂപ വില വരുന്ന ഹമ്മര്‍, 15 വര്‍ഷത്തേക്കാണ് സ്‌കോര്‍പിയോ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്‍കോര്‍പിയോയുടെ നാലിരട്ടി വിലയാണ് ഹമ്മറിന്റേത്.
രജിസ്‌ട്രേഷന്‍ സമയത്ത് കാറിന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയം ഹമ്മര്‍ എന്നൊരു ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഹമ്മര്‍ എന്ന് എഴുതേണ്ടയിടത്ത് സ്‌കോര്‍പിയോ സെലക്ട് ചെയ്യുകയായിരുന്നു എന്ന് റാഞ്ചി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ഹമ്മര്‍ എന്നത് മാറ്റി സ്‌കോര്‍പിയോ ആക്കി കൊടുത്തത് ടൈപ്പിസ്റ്റിന്റെ തെറ്റാണ്. സ്‌കോര്‍പിയോയുടെ റജിസ്‌ട്രേഷന്‍ ചാര്‍ജ് 56,000 രൂപയാണ് എന്നാല്‍ ഹമ്മറിന്റേത് നാല് ലക്ഷവും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നായകന്റെ ബൈക്കുകളിലൊന്നിന്റെ നമ്പര്‍ പ്ലേറ്റില്‍ വന്ന പിശകിനെ തുടര്‍ന്ന് 450 രൂപ റാഞ്ചി ട്രാഫിക് പൊലീസ് പിഴ അടപ്പിച്ചിരുന്നു.