നമ്മുടെ ശിവദാസന്‍; അവരുടെ ദാസുദാ
പശ്ചിമബംഗാളില്‍ ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ഒരു മലയാളിയുമുണ്ട്
പശ്ചിമബംഗാളില്‍ ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ഒരു മലയാളിയുമുണ്ട്. എടപ്പാള്‍ വടക്കേപ്പാട്ട് ശിവദാസന്‍ നായര്‍ എന്ന ബംഗാളികളുടെ ദാസുദാ. അസന്‍സോളിലെ ജമൂരിയ മണ്ഡലത്തിലാണ് ശിവദാസന്‍ നായര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്നത്. മമതാ ബാനര്‍ജി അടക്കമുള്ള പ്രമുഖ നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി അംഗവും അസന്‍സോള്‍ ജില്ലാ പ്രസിഡന്റുമായ ശിവദാസന്‍ നായരുടെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്.
എടപ്പാള്‍ മുക്കുതല പി.സി.എന്‍ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും പിന്നീട് ഐ.ടി.ഐയും പൂര്‍ത്തിയാക്കിയ ശിവദാസന്‍ നായര്‍, റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ പി.കൃഷ്ണന്‍കുട്ടി നായരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് അസന്‍സോളിലെത്തിയത്. പിന്നീട് ബംഗാളില്‍ സ്വന്തം ബിസിനസും കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബംഗാളികളില്‍ ഒരുവനായി മാറി. യൂത്ത് കോണ്‍ഗ്രസില്‍ സ്വന്തം നേതാവായിരുന്ന മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മമതയോടൊപ്പം നിന്നു. ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ സംസ്ഥാനത്തെ ഏറ്റവും ഉന്നതരായ 33 പേര്‍ മാത്രമുള്ള കോര്‍ കമ്മിറ്റിയില്‍ അംഗം. ദാസുദാ എന്ന് ബംഗാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ശിവദാസന്‍ നായരുടെ വസ്ത്രധാരണവും പ്രവര്‍ത്തനങ്ങളും പ്രചാരണവും എല്ലാം തനി ബംഗാളി രീതിയിലാണ്. വി.ശിവദാസന്‍ നായര്‍ പ്രചാരണ ബോര്‍ഡുകളില്‍ ഭി.ശിവദാസന്‍ ആവുന്നതില്‍ പോലുമുണ്ട് ഒരു ബംഗാളിത്തം.
സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് ജമൂരിയ മണ്ഡലം. സിറ്റിങ്ങ് എം.എല്‍.എ ഷഹനാരാ ഖാന്‍ ആണ് സി.പി.എം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സി.പി.എമ്മിന് പിന്തുണയും നല്‍കുന്നു. എങ്കിലും മമതാ ബാനര്‍ജി, മരുമകന്‍ അഭിഷേക് ബാനര്‍ജി, മുകുള്‍ റോയ്, സൂപ്പര്‍സ്റ്റാര്‍ ദേവ് എന്നിവരെല്ലാം ദാസുദായുടെ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയത് ഈ മണ്ഡലത്തിന്റെ കാര്യത്തില്‍ തൃണമൂല്‍ വെച്ചു പുലര്‍ത്തുന്ന പ്രതീക്ഷയുടെ തെളിവാണ്. ജയിച്ചാല്‍ ദാസുദാ മന്ത്രിയാണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത്.