ഉറി ഭീകരാക്രമണം കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളുടെ തിരിച്ചടി: നവാസ് ശെരീഫ്
ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കയ്യില്‍ യാതൊരു തെളിവുമില്ലെന്നും നവാസ് ശെരീഫ് പറഞ്ഞു
ഉറി ഭീകരാക്രമണം കശ്മീരിലെ സംഘര്‍ഷങ്ങളുടെ തിരിച്ചടിയായിരിക്കാമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. ഭീകരാക്രമണവുമായി പാകിസ്താന് ബന്ധമുണ്ടെന്ന ആരോപണം നവാസ്ഷെരീഫ് തള്ളി. അതിര്‍ത്തിയിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികതലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യകൈമാറിയ തെളിവുകള്‍ തള്ളിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭീകരാക്രമണം കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ക്രൂരതക്കുള്ള മറുപടിയായിരിക്കാമെന്ന് പ്രതികരിച്ചു
ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. കര-നാവിക-വ്യോമ സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ അതീവ ജാഗ്രത തുടരുകയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്ക് പുറമേ ചൈനീസ് അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി. ജമ്മു-കശ്മീരില്‍ കൂട്ടഅറസ്റ്റ് തുടരുകയാണ്. ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തിന് ശേഷം 3576 പേരെയാണ് സൈന്യം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്തവരില്‍ 345 പേര്‍ക്കെതിരെ കുപ്രസിദ്ധമായ പൊതുസുരക്ഷനിയമം ചുമത്തിയിട്ടുണ്ട്. ഹുറിയത്തിന്റെ നേതൃത്വത്തില്‍ ഇന്ന് 10 ഇടങ്ങളില്‍ ഫ്രീഡം റാലികള്‍ നടന്നു. ബാരമുല്ലയില്‍ ഇന്നലെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇരുപത്തിരണ്ടുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞ 78 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 88 ആയി.