ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം: പിഡിപി-ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദവുമായി പിഡിപി-ബിജെപി നേതാക്കള്‍ ഇന്ന് സംയുക്തമായി ഗവര്‍ണറെ കാണും.
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദവുമായി പിഡിപി-ബിജെപി നേതാക്കള്‍ ഇന്ന് സംയുക്തമായി ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തില്‍ ഇരുപാര്‍ട്ടികളും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഗവര്‍ണറെ കണ്ട ശേഷം, സത്യപ്രതിജ്ഞാ തിയതി നിശ്ചയിക്കും.
ബിജെപിയുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനും, മെഹ്ബൂബ മുഫ്തിയെ നിയമസഭ കക്ഷി നേതാവായി നിശ്ചയിക്കാനും പിഡിപി തീരുമാനിച്ചതിന് പിന്നാലെ, ബിജെപി നിയമസഭ കക്ഷി യോഗം ഇന്നലെ പിഡിപിയെ പിന്തുണക്കാന്‍ ഔദ്യോഗിമായി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദവുമായി മെഹബൂബ മുഫ്തി ഇന്നലെ തന്നെ ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് അവസാന നിമിഷം മാറ്റി വെച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തുന്നതിനാണ് ഇന്നലെ ഗവര്‍ണറെ കാണുന്നത് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയുക്ത മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ബിജെപി നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട നിയുക്ത ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് എന്നിവര്‍ സംയുക്തമായി ഇന്ന് വൈകിട്ട് 3.30ഓടെ ഗവര്‍ണറെ കാണുമെന്ന് പിഡിപിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന എംഎല്‍എമാരും ഇവര്‍ക്കൊപ്പം ഉണ്ടാകും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സത്യപ്രതിജ്ഞക്കുള്ള സമയവും ഇന്ന് നിശ്ചയിക്കപ്പെട്ടേക്കും. ജമ്മു കാശ്മീരിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായാണ് മെഹ്ബൂബ അധികാരമേല്‍ക്കാന്‍ പോകുന്നത്.