ഉത്തരാഖണ്ഡില്‍ മെയ് 10ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി
അയോഗ്യരാക്കപ്പെട്ട 9 വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആകില്ലെന്ന് കോടതി
ഉത്തരാഖണ്ഡില്‍ മെയ് 10ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം അയോഗ്യരാക്കപ്പെട്ട 9 വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിനായി സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം താല്‍ക്കാലികമായി മരവിപ്പിക്കും.
ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവേ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി കോടതിയെ അറിയിച്ചു. അതേസമയം സുപ്രിം കോടതി നിയോഗിക്കുന്ന നിരീക്ഷകന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നും എജി പറഞ്ഞു. ഇത് അംഗീകരിച്ചാണ് മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം വിപ്പ് ലംഘിച്ചതിന് അയോഗ്യരാക്കപ്പെട്ട 9 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിയോ തെറ്റോ എന്നത് ഈ ഘട്ടത്തില്‍ പരഗിണിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സഭയിലെ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താനും കോടതി നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടുടെപ്പ് നടപടികളുടെ ഭാഗമായി ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാഷ്ട്രപതി ഭരണം താല്‍ക്കാലികമായി മരവിപ്പിക്കും.