ഗോവധനിരോധം രാജ്യവ്യാപകമാക്കുന്നു; കന്നുകാലി വില്‍പ്പന കര്‍ഷകര്‍ക്ക് മാത്രം
അടുത്ത മൂന്നു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും
ഗോവധ നിരോധനിയമം ഇന്ത്യയിലൊട്ടാകെ നടപ്പില്‍ വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടമെന്ന നിലയില്‍ കന്നുകാലി വില്‍പ്പന കര്‍ഷകര്‍ക്കിടയില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അറവുകാര്‍ക്ക് കാലികളെ വില്‍ക്കുന്നത് നിരോധിക്കും. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ്ഇതുസംബന്ധിച്ചുള്ള നിബന്ധകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കന്നുകാലി വ്യാപാരികൾക്കെതിരെ, പ്രധാനമായും മുസ്‍ലിംകള്‍ക്കെതിരെ ഹിന്ദു ഗോരക്ഷക സംഘങ്ങളുടെ നിരന്തരമായി അതിക്രമങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്ത് കന്നുകാലി വ്യാപാര നിയമം പരിഷ്കരിക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളവും ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധനിരോധനം നിലവില്‍ വന്നു കഴിഞ്ഞു.
1960ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമമാണ് പുതിയ കന്നുകാലി വ്യാപാര നിയമത്തിനായി കേന്ദ്രം പരിഷ്കരിക്കുന്നത്. കാര്‍ഷികാവശ്യത്തിനാണ് കന്നുകാലികളെ വാങ്ങുന്നതെന്നും കശാപ്പിനല്ലെന്നും ഉറപ്പുവരുത്തണമെന്നും നിബന്ധനയിലുണ്ട്. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളിൽ വിൽക്കാൻ പാടില്ല. കർഷകനാണെന്ന്തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്ക്മാത്രമേ കന്നുകാലികളെ നൽകാവൂ. ചെറുതും അനാരോഗ്യമുള്ളവയുമായ കാലികളെ വിൽക്കരുതെന്നും പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്.
കൂടാതെ, ഈ നിയമം കർക്കശമാക്കിക്കൊണ്ട്പരിസ്ഥിതി മന്ത്രാലയം പുതിയ ചില നിബന്ധനകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 50 കിലോമീറ്ററിനുള്ളിലും സംസ്ഥാന അതിർത്തികളിൽ നിന്ന് 25 കിലോമീറ്ററിനുള്ളിലും സ്ഥിതിചെയ്യുന്ന കന്നുകാലി ചന്തകൾക്ക് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കന്നുകാലിചന്തകള്‍ പലതും അതിര്‍ത്തികളോട് ചേര്‍ന്നാണുള്ളത്. അതുകൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളിലെ കന്നുകാലികച്ചവടക്കാര്‍ക്ക് അത് ഗുണകരമാകുന്നുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്ന് കാലികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. ജില്ലാ മൃഗസംരക്ഷണ കമ്മിറ്റിയുടെ അനുമതിയില്ലാതെ കന്നുകാലി ചന്തകൾ നടത്താനും അനുവദിക്കില്ല. ഈ കമ്മിറ്റിയുടെ തലപ്പത്ത് ഒരു മജിസ്ട്രേറ്റും, സര്‍ക്കാര്‍ അംഗീകൃത മൃഗസംരക്ഷണ സംഘടനയുടെ ഏതെങ്കിലും രണ്ട് പ്രതിനിധികളും അംഗങ്ങളായി ഉണ്ടായിരിക്കണം.
കന്നുകാലികൾക്ക്ആവശ്യത്തിന് വെളളം, ഫാൻ, കിടക്കാനുളള സൗകര്യം, റാമ്പുകൾ, വഴുക്കില്ലാത്ത നിലം, ഡോക്ടർമാരുടെ സേവനം, അസുഖമുളള കന്നുകാലികൾക്കായി പ്രത്യേക ഇടം എന്നിവയും ഫാമില്‍ ഒരുക്കണം. കന്നുകാലികളെ വാഹനത്തിൽ കൊണ്ടു വരുന്നതും പോകുന്നതുമെല്ലാം ശരിയായ രീതിയിലാണോ, അതിൽ അസുഖമുള്ളവയുണ്ടോ എന്നിവയെല്ലാം പരിശോധിക്കാൻ ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തുന്നുണ്ട്.
മരണപ്പെട്ട പരിസ്ഥിതി മന്ത്രി അനിൽ മാധവ്ദവെ നിയമത്തിന് അംഗീകാരം നൽകിയിരുന്നു. അടുത്ത മൂന്നു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരാനാണ്സാധ്യത.