ഫ്ലാറ്റ് വിവാദം; കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായി പുതിയ തെളിവുകള്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് ആയുധവ്യാപാരിയുമായി ബന്ധമുണ്ടെന്ന അരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് ആയുധവ്യാപാരിയുമായി ബന്ധമുണ്ടെന്ന അരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവും വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായത്.
2009 ൽ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ലണ്ടനിൽ ഫ്ലാറ്റ് വാങ്ങിയത് റോബര്‍ട്ട് വാദ്രക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയും ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഞ്ജയ് ഭണ്ഡാരിയും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിന്‍റെ പ്രധാന സഹായി അപ്പ റാവുവും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 355 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭണ്ഡാരിയുടെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് തെളിവുകള്‍ കണ്ടെത്തിയത്. ആയുധ ഇടപാടുകാരന്‍ മന്ത്രിയുടെ ഓഫീസില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയതിന്‍റെ തെളിവുകളും ലഭിച്ചതായാണ് വിവരം. ബി.ജെ.പി സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ നേതാവാണ് അശോക് ഗജപതി രാജു. അതിനിടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.