പ്രതിഷേധം: കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി സംവിധാനങ്ങള്‍ റദ്ദാക്കി
കശ്മീരില്‍ വിദ്യാര്‍ഥിനിയെ സൈനികന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി സംവിധാനങ്ങള്‍ റദ്ദാക്കി. നിരോധനാജ്ഞ തുടരുന്ന കശ്മീരില്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെയും ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും നേതൃത്വത്തില്‍ ബന്ദാചരിക്കുയാണ്.
കശ്മീരില്‍ വിദ്യാര്‍ഥിനിയെ സൈനികന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധ പ്രകടനത്തിന് നേരേ സൈന്യം നടത്തിയ വെടിവപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന പ്രതിഷേധപ്രകടനത്തിന് നേരേ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതില്‍ പരിക്കേറ്റാണ് ഒരാള്‍ മരിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദ് കശ്മീരില്‍ ഇന്നും തുടരുകയാണ്. നിരവധി യുവാക്കളെ സൈന്യം കരുതല്‍ തടങ്കലിലാക്കി. താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കി. വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും ഭാഗികമായി നിലച്ചു.
ഇതിനിടെ പീഡനത്തിരയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന വീഡിയോ വിവാദമായി. യൂണിഫോമിട്ട സാദാ കശ്മീരിയാണ് തന്നെ ആക്രമിച്ചതെന്ന് പറയുന്നതാണ് ഉറവിടം വ്യക്തമല്ലാത്ത വീഡിയോ. എന്നാല്‍ ഇത് പൊലീസ് കസ്റ്റഡിയില്‍ വെച്ച് തയാറാക്കിയതാണെന്നും ദൃശ്യം പുറത്ത് വിട്ടത് മനുഷ്യാവകാശലംഘനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.