പളനിസ്വാമി സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് നാളെ
ഒരാളെ പോലും തന്റെ പക്ഷത്തേയ്ക്ക് എത്തിയ്ക്കാനുള്ള ഒ. പനീര്‍ ശെല്‍വത്തിന്റെ നടപടികള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നില്‍
തമിഴ്‍നാട്ടില്‍ കെ. പളനിസ്വാമി സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വിശ്വാസ വോട്ട് തേടുക. ഇന്നലെ സത്യപ്രതിജ്ഞയ്ക്കു ശേഷവും പളനിസ്വാമിയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടിലാണുള്ളത്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായെങ്കിലും തമിഴ്‍നാട്ടിലെ രാഷ്ട്രീയം ചൂടുപിടിച്ചു തന്നെ. കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വിശ്വാസവോട്ടാണ് ഇപ്പോഴത്തെ ചര്‍ച്ച. ശനിയാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ സമ്മേളനത്തില്‍, പളമിസ്വാമി വിശ്വാസ വോട്ട് തേടും. പനീര്‍ശെല്‍വം ക്യാമ്പില്‍ കാര്യമായ നീക്കങ്ങള്‍ ഒന്നും തന്നെ, ഉണ്ടായിട്ടില്ല. ധര്‍മയുദ്ധം തുടരുമെന്ന പ്രഖ്യാപനം മാത്രം. എന്നാല്‍, സത്യപ്രതിജ്ഞ കഴിഞ്ഞ കുറച്ചു സമയത്തിനു ശേഷം പനീര്‍ശെല്‍വം താമസിച്ചിരുന്ന ഔദ്യോഗിക വസതിയ്ക്കു മുന്‍പില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലിസുകാരനടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാനുള്ള സാധ്യതകള്‍ മുന്പില്‍ കണ്ട്, പൊലിസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എം.എല്‍.എമാരെ, സത്യപ്രതിജ്ഞയ്ക്കു ശേഷവും റിസോര്‍ട്ടിലേയ്ക്കു തന്നെ മാറ്റി. സഭയില്‍ വിശ്വാസ വോട്ട് തേടുന്ന ദിവസം മാത്രമായിരിയ്ക്കും ഇനി എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്നു ചെന്നൈയിലേയ്ക്ക് എത്തുക. അത്രയേറെ കൃത്യമായ തിരക്കഥയാണ് പളനിസ്വാമി എഴുതി തയ്യാറാക്കി നടപ്പാക്കുന്നത്. ഒരാളെ പോലും തന്റെ പക്ഷത്തേയ്ക്ക് എത്തിയ്ക്കാനുള്ള ഒ. പനീര്‍ ശെല്‍വത്തിന്റെ നടപടികള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നില്‍.
എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കുന്നതിന് മുഖ്യമന്ത്രി പളനിസാമി വൈകിട്ടോടെ കൂവത്തൂരിലെ റിസോര്‍ട്ടിലെത്തും. എന്നാല് ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ ഓഫീസുകള്‍ ഉപരോധിക്കാനാണ് പനീര്‍ ശെല്‍വവും വിഭാഗത്തിന്റെ നീക്കം. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാര്‍ വൈകിട്ട് യോഗം ചേരും. നാളത്തെ അവിശ്വാസ പ്രമേയം സംബന്ധിച്ച തീരുമാനമെടുക്കാനമാണ് യോഗം. ഇതിനിടെ മൈലാപൂര്‍ എംഎല്‍എ നടരാജന്‍ പളനിസ്വാമിക്ക് വോട്ട്ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.