മിന്നലാക്രമണം: പ്രതിരോധമന്ത്രിയുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ സെക്രട്ടറി
അതിര്‍ത്തി കടന്ന് തീവ്രവാദി താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വ്യക്തമാക്കി
മിന്നലാക്രമണത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍. അതിര്‍ത്തി കടന്ന് തീവ്രവാദി താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം ആദ്യമായാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയതെന്നായിരുന്നു നേരത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അവകാശപ്പെട്ടത്.
പാര്‍ലമെന്ററി പാനലിന്റെ ചോദ്യോത്തരവേളയിലാണ് പ്രതിരോധമന്ത്രിയുടെ വാദത്തെ തള്ളി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ രംഗത്തെത്തിയത്. സെപ്തംബര്‍ 29ന് നടത്തിയ മിന്നലാക്രമണത്തെ കുറിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് എസ് ജയശങ്കറുടെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ മുന്‍പും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പരസ്യപ്പെടുത്തുന്നത് ആദ്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. മിന്നലാക്രമണം നടത്തിയ ഉടനെ പാക് ഡിജിഎംഒയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായും ആക്രമണത്തെക്കുറിച്ച് പരസ്യപ്പെടുത്തിയത് പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.
അതിര്‍ത്തിയില്‍ സാധാരണയായി നടക്കുന്ന ആക്രമണമല്ലെന്നും ആദ്യമായാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്നും നേരത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ പരസ്യപ്പെടുത്തിയിട്ടില്ല എന്നുമുള്ള കോണ്‍ഗ്രസിന്റെ വാദങ്ങളെ ശരിവെക്കുന്നതാണ് എസ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍. മിന്നലാക്രമണം പരസ്യപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.