ഡിജിറ്റല്‍ പണമിടപാടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മുഖപത്രം
ഇ വാലറ്റ് അടക്കമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കേന്ദ്രം പ്രചരണം ശക്തമാക്കവെ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മുഖപത്രം രംഗത്തെത്തി
രണ്ടായിരം രൂപ നോട്ടുകള് അഞ്ച് വര്‍ഷം കൊണ്ട് പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് സൈധ്യാന്തികനും ചാര്‍ട്ടഡ് അകൌണ്ടന്റുമായ എസ് ഗുരുമൂര്‍ത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യവും രംഗത്തെത്തി.
നോട്ട് അസാധുവാക്കല് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശകനായിരുന്നു എസ് ഗുരുമാര്‍ത്തിയെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇംഗ്ലീഷ് ചാനലായ ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ തുടര്‍ നടപടികള്‍ ഗുരമൂര്‍ത്തി വിശദീകരിച്ചത്. 86 ശതമാനത്തോളം വരുന്ന കറന്‍സികള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമ്പോഴുണ്ടാക്കുന്ന വിടവ് നികത്താനാണ് 2000 രൂപ നോട്ട് ഇറക്കിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ഇവ പിന്‍വലിക്കും. വരും നാളുകളില്‍ 500 രൂപയായിരിക്കും വലിയ നോട്ടെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപ ഇറക്കിയെങ്കിലും അതും കേന്ദ്രം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ചെയ്തു. ശേഷം ഇത് ആദ്യമായാണ് സര്‍ക്കാരിനോട് അടുത്ത കേന്ദ്രങ്ങളില് നിന്ന് 2000 രൂപ പിന്‍വലിക്കുന്ന കാര്യത്തില് ഔദ്യോഗിക പ്രതികരണം ഉണ്ടകുന്നത്. അതിനിടെ ഇ വാലറ്റ് അടക്കമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കേന്ദ്രം പ്രചരണം ശക്തമാക്കവെ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മുഖപത്രം രംഗത്തെത്തി. ഇത്തരം ഇടപാടുകള്‍ വര്‍ധിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രാജ്യ സുരക്ഷാ ഭീഷണിയെ മറികടക്കാന് സര്‍ക്കാര്‍ സൈബര് സുരക്ഷ വേണ്ടത്ര ശക്തമാക്കിയിട്ടുണ്ടോയെന്ന് ആര്എസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ ലേഖനത്തില്‍ ചോദിക്കുന്നു.