കശ്മീര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു
കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ പാലോ മിഠായിയോ വാങ്ങാന്‍ പോയവരല്ലെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമാകുന്നു
കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ പാലോ മിഠായിയോ വാങ്ങാന്‍ പോയവരല്ലെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമാകുന്നു. മെഹബൂബയുടെ പരാമര്‍ശം പ്രശ്‌നത്തെ ആളിക്കത്തിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് കുറ്റപ്പെടുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ പരാമര്‍ശം. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ അടക്കം കൊല്ലപ്പെട്ടുവല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മെഹബൂബയുടെ മറുപടി.
രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള കശ്മീരികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പാകത്തില്‍ നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. മാനവികതയിലും ജനാധിപത്യത്തിലും കശ്മീരത്വത്തിലും വിശ്വസിക്കുന്ന ആരുമായും ചര്‍ച്ച നടത്തും. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സൈന്യം നിര്‍ബന്ധിതരാവുകയാണെന്നും ഉടന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.