ശശികല നിരാഹാര സമരത്തിലേക്കെന്ന് സൂചന, പനീര്‍ശെല്‍വത്തിന് പിന്തുണയേറുന്നു
മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ വൈകുന്നത് എഐഎഡിഎംകെയെ പിളര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ശശികല. ഇന്ന് വൈകുന്നേരം വരെ കാത്തിരുന്ന ശേഷം ജയലളിതയുടെ സ്മാരകത്തിന് സമീപം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് .....
തമിഴകത്തെ രാഷ്ട്രീയ നാടകവും അനിശ്ചിതത്വവും തുടരുന്നതിനിടെ ഗവര്‍ണറെ സമ്മര്‍ദത്തിലാക്കാന്‍ നിരാഹാര സമരത്തിലേക്ക് നീങ്ങാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ആലോചിക്കുന്നതായി സൂചന. ഇന്ന് വൈകുന്നേരം വരെ കാത്തിരുന്ന ശേഷം ജയലളിതയുടെ സ്മാരകത്തിന് സമീപം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് നീങ്ങാനാണ് ശശികല ആലോചിക്കുന്നത്. ഇതിനിടെ പനീര്‍സെല്‍വത്തിന് പിന്തുണയുമായി അഞ്ച് എഐഎഡിഎംകെ എംപിമാര‍് കൂടി രംഗത്തെത്തി. വെല്ലൂര്‍ എം പി ബി സെങ്കുട്ടുവന്‍, തൂത്തുക്കുടി എം പി ജയസിങ് ത്യാഗരാജ് എന്നിവരാണ് പിന്തുണ അറിയിച്ചത്. ഇതോടെ രണ്ട് രാജ്യസഭാംഗങ്ങളുള്‍പ്പെടെ പത്ത് എംപിമാരുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്. ഏഴ് എംഎല്‍എമാരുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്.
ഇതിനിടെ നിലവിലുള്ള അനിശ്ചിതാവസ്ഥ സംബന്ധിച്ച് ഗവര്‍ണര്‍ സോളിസിറ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി. തീരുമാനത്തിലെത്താന്‍ ഗവര്‍ണര്‍ക്ക് തന്‍റേതായ സമയമെടുക്കാമെങ്കിലും ഇത് നീളുന്നത് ശുഭകരമല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉപദേശമെന്നാണ് സൂചന.
ക്ഷമക്ക് ഒരു പരിധിയുണ്ടെന്നും കാത്തിരിപ്പ് നീണ്ടാല്‍ തങ്ങള്‍ ആലോചിച്ച് തീരുമാനം കൈകൊള്ളുമെന്നും ശശികല ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശമാണ് ശശികല ക്യാമ്പ് ഇന്നലെ അഴിച്ചുവിട്ടത്. എഐഎഡിഎംകെയെ പിളര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഗവര്‍ണറുടെ തീരുമാനം വൈകുന്നതെന്ന് ശശികല ആരോപിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തീരുമാനം ഉടനുണ്ടാകുമെന്നതിനാല്‍ കാത്തിരിക്കാനാണ് ഗവര്‍ണറുടെ തീരുമാനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ബദല്‍ നീക്കങ്ങളുമായി ശശികല രംഗത്തിറങ്ങിയത്. പനീര്‍ശെല്‍വം ക്യാമ്പിലേക്ക് കൂടുതല്‍ ഒഴുക്ക് ഉണ്ടായേക്കുമെന്ന ആശങ്കയും കടുത്ത തീരുമാനങ്ങളിലേക്ക് ശശികലയെ നയിക്കുന്നുണ്ടെന്നാണ് സൂചന.