കശ്മീരിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി

Update: 2017-12-19 05:34 GMT
Editor : Sithara
കശ്മീരിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി
Advertising

പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയായാണ് അതിര്‍ത്തിയില്‍ സൈനികനീക്കം ശക്തമാക്കിയത്

അതിര്‍ത്തിയില്‍ പാകിസ്താന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്നലെ പാക് സൈന്യം ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് മറുപടിയായാണ് തിരിച്ചടി. 2013 ന് ശേഷം നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ആക്രമാണ് ഇപ്പോള്‍ നടക്കുന്നത്.

ജമ്മു കശ്മീരിലെ മാച്ചിലില്‍ ഇന്നലെ നിയന്ത്രണരേഖ മറികടന്ന് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 3 സൈനികരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സൈന്യം തിരിച്ചടി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖകളില്‍ ഇന്ത്യ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. പൂഞ്ച്, രജോരി, കേല്‍, മാച്ചില്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈന്യത്തിന്റെ പ്രത്യാക്രമണം.
ഹെവി മോട്ടാര്‍ ഷെല്ലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം പാകിസ്താനെതിരെ തിരിച്ചടിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് നിയന്ത്രണരേഖയില്‍ വ്യാപകമായി ഇന്ത്യ ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്നലെ സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ച നടത്തുകയും പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റ ആക്രമണത്തില്‍ പാകിസ്താന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പാക് ആക്രമണത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 17 സൈനികരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയിലെ മഞ്ഞ് വീഴ്ചയുടെ മറവില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞുകയറ്റത്തിനും ശ്രമം നടക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News