തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ
ഉത്പന്നങ്ങളെ തെറ്റായി അവതരിപ്പിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നുവെന്നുമുള്ള പരാതിയിലാണ് കോടതിയുടെ നടപടി
ബാബ രാംദേവിന്റെ പതഞ്ജലിയുടെ അഞ്ച് ആയുര്‍വേദ ഉത്പന്നങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനകം പതഞ്ജലി പിഴയടക്കണം.
പതഞ്ജലി ഉത്പന്നങ്ങളെ തെറ്റായി അവതരിപ്പിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നുവെന്നുമുള്ള പരാതിയിലാണ് കോടതിയുടെ നടപടി. 2012 കമ്പനിക്കെതിരെ ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം നല്‍കിയ കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്. പതഞ്ജലിയുടെ കടുകെണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, കടലപ്പൊടി, തേന്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ലാബ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ 52-53 വകുപ്പുകളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍ ആക്ടിലെ 23.1 സെക്ഷനും കമ്പനി ലംഘിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും കഴിഞ്ഞ ജൂലൈ മാസത്തില്‍ പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പതഞ്ജലി തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുക മാത്രമല്ല, മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആരോപണം.