തമിഴ്നാട്ടില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ എഐഡിഎംകെ നേതൃത്വം
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഞായറാഴ്ച അപ്പോളോ ആശുപത്രി പുറത്തുവിട്ടില്ല
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ഇന്നലെ ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയില്ല. മുഖ്യമന്ത്രി ചികിത്സയിലായതോടെ സംസ്ഥാനം നേരിടുന്ന ഭരണ പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ എഐഡിഎംകെ നേതൃത്വം. കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ജയലളിതയെ സന്ദര്‍ശിക്കും.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഞായറാഴ്ച അപ്പോളോ ആശുപത്രി പുറത്തുവിട്ടില്ല. ജയലളിത തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നുവെന്നാണ് ശനിയാഴ്ച രാത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ശ്വസന സഹായിയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുണ്ടെന്നറിയിക്കുന്ന വാര്‍ത്താകുറിപ്പില്‍ പക്ഷെ, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന പതിവു വാചകമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ ജയലളിതയെ കാണാന്‍ ചെന്നൈയിലെത്തും.
ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും അപ്പോളോയിലെത്തുന്നുണ്ട്. അതേസമയം, പാര്‍ട്ടിയിലും സര്‍ക്കാറിലും പരമോന്നത നേതാവായ ജയലളിതയുടെ ആശുപത്രി വാസം 17 ദിവസം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനം നാഥനില്ലാത്ത സ്ഥിതിയിലാണ്. ജയലളിതക്ക് പകരം ആളെ നിയമിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് കൈമാറുന്ന കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുകയാണ് എഐഡിഎംകെ നേതൃത്വം.