പട്ടേല്‍ സംവരണ സമരം: ഗുജറാത്ത് സര്‍ക്കാര്‍ 95 ശതമാനം കേസുകളും പിന്‍വലിക്കുന്നു
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പട്ടേല്‍ സംവരണസമരവുമായി ബന്ധപ്പെട്ട് പട്ടേല്‍ സമുദായംഗങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 95 ശതമാനം കേസുകളും ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംവരണ പ്രക്ഷോഭത്തില്‍ വ്യാപകമായ സംഘര്‍ഷമായിരുന്നു അരങ്ങേറിയത്.
ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 2015 ജൂലൈ മാസം പട്ടേല്‍ സംവരണ പ്രക്ഷോഭം ആരംഭിച്ചത്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും 7 യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 40 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടായത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിനെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2015 ആഗസ്റ്റ് 25 ന് അഹമ്മദാബാദില്‍ നടന്ന റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവ പൂര്‍ണമായും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പട്ടേല്‍ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 438 കേസുകളില്‍ 416 എണ്ണം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ അടുത്തിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടേല്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കിയത്.