നിര്‍മ്മല സീതാരാമന്‍ ശ്രീനഗറില്‍; ഇന്ന് സിയാച്ചിനും സന്ദര്‍ശിക്കും
ദ്വിദിന സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിബിന്‍ റാവത്തും ഒപ്പമുണ്ട്
പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള നിര്‍മ്മല സീതാരാമന്റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടരുന്നു. ഇന്ന് ഇന്ത്യ - ചൈന അതിര്‍ത്തിയും സിയാച്ചിനും സന്ദര്‍ശിക്കും. അതിർത്തി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക ലക്ഷ്യം വച്ച് നടത്തുന്ന ദ്വിദിന സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിബിന്‍ റാവത്തും ഒപ്പമുണ്ട്.
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് നിര്‍മ്മല സീതാരാമന്‍ ശ്രീനഗറില്‍ എത്തിയത്. ഇന്ത്യാ - പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ സൈനിക മേധാവികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയും ലോകത്തിലെ ഉയർന്ന യുദ്ധമേഖലയായ സിയാച്ചിൻ ഗ്ലേസിയറും സന്ദര്‍ശിക്കും. സിയാച്ചിന്‍ സൈനികരുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ എന്‍എന്‍ വോറയെയും മുഖ്യമന്ത്രി മെഹബുബ മുഫ്തിയെയും കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുള്ള നിര്‍മ്മല സീതാരാമന്റെ ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ജമ്മുകശ്മീരില്‍ ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തി മേഖലകളും കനത്ത സുരക്ഷ വലയത്തിലാണ്.