കല്‍ക്കരി ലേലത്തില്‍ ഇന്ത്യക്ക് നഷ്ടം 381 കോടി രൂപ: സിഎജി
സംയുക്ത സംരംഭങ്ങളെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത് മത്സരസാധ്യത കുറച്ചു.
കല്‍ക്കരിപ്പാടം ലേലത്തില്‍ രാജ്യത്തിന് വീണ്ടും നഷ്ടമുണ്ടായതായി സി.എ.ജിയുടെ കണ്ടെത്തല്‍. കല്‍ക്കരിപ്പാടത്തിന്റെ വില കുറച്ചു കാണിച്ചതിലൂടെ 381 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി കണ്ടെത്തിയിരിയ്ക്കുന്നത്. കല്‍ക്കരിപ്പാടം ലേലത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു.
രാജ്യത്തെ ഇളക്കിമറിച്ച കല്‍ക്കരിപ്പാടം അഴിമതിക്കേസിനു ശേഷം ലേല നടപടികള്‍ സുതാര്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തത്. എന്നാല്‍ ഈ ലേലത്തിലും പൊതു ഖജനാവിന് വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കംപ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിയ്ക്കുന്നത്.
ഝാര്‍ഖണ്ഡിലെ മൊയ്‍ത്ര കോള്‍ ബ്ലോക്കിന്റെ വില കണക്കാക്കിയിരുന്നത് 1012 കോടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1264 കോടി രൂപ തറവില നിശ്ചയിച്ചാണ് ലേലം നടത്തിയത്. ഇത് കുറഞ്ഞവിലയാണെന്നാണ് സി.എ.ജി കണ്ടെത്തിയിരിയ്ക്കുന്നത്. മാത്രമല്ല, സംയുക്ത സംരഭങ്ങളെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത് മത്സര സാദ്ധ്യത കുറച്ചു.
കല്‍ക്കരിപ്പാടം ലേലത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൂടുതല്‍ വിശാലമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്നവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. നിശ്ചിത ചെലവുകള്‍ തിരിച്ചു പിടിയ്ക്കാത്തത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട കല്‍ക്കരി ഖനനത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന മുന്നറിയിപ്പും സി.എ.ജി നല്‍കുന്നു.