കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു; അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കാനാണ് തന്‍റെ ശ്രമമെന്ന് മോദി

Update: 2018-02-16 21:13 GMT
Editor : Sithara
കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു; അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കാനാണ് തന്‍റെ ശ്രമമെന്ന് മോദി
Advertising

കോണ്‍ഗ്രസിന് വികസനമെന്നാല്‍ ഹാന്‍ഡ് പമ്പുകള്‍ വിതരണം ചെയ്യലാണെന്നും ബിജെപിക്ക് വികസനമെന്നാല്‍ നര്‍മദയില്‍ നിന്ന് വന്‍ പൈപ്പുകളിലൂടെ ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കലാണെന്നും മോദി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍. രാജ്യത്തെ കൊള്ളയടിക്കുകയാണ് ഇത്രയും കാലം കോണ്‍ഗ്രസ് ചെയ്തതെന്നും പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട മുതല്‍ തിരിച്ച് നല്‍കാനാണ് താനെത്തിയിരിക്കുന്നതെന്നും മോദി സൌരാഷ്ട്രയിലെ മോര്‍ബയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലുണ്ട്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. സൌരാഷ്ട്രയിലെ മോര്‍ബിയിലെ ആദ്യ റാലിയില്‍ മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന് വികസനമെന്നാല്‍ ഹാന്‍ഡ് പമ്പുകള്‍ വിതരണം ചെയ്യലാണെന്നും ബിജെപിക്ക് വികസനമെന്നാല്‍ നര്‍മദയില്‍ നിന്ന് വന്‍ പൈപ്പുകളിലൂടെ ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കലാണെന്നും മോദി പറഞ്ഞു.

രാജ്യത്തെ കൊള്ളയടിച്ചവരാണ് കോണ്‍ഗ്രസ്. അവ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജുനഗഡ്, ഭാവ്നഗര്‍ ജില്ലകളിലും സൂറത്തിനടത്തുള്ള നവസാരിയിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

ഗിര്‍, സോംനാഥ്, ജുനഗഡ്, അംരേലി ജില്ലകളിലായി ഇന്നും നാളെയും രാഹുല്‍ ഗാന്ധി പര്യടനം നടത്തും. സംസ്ഥാനത്തെ പ്രസിദ്ധമായ സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ദര്‍ശനം നടത്തും. സൌരാഷ്ട്ര ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ 9നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News