ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളിപാവയായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ അവഹേളിക്കുന്നുവെന്നാണ് ബിജെപിയുടെ മറുപടി.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനാരോപണത്തില്‍ ആരോപണപ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. രാഹുലിന്റെ അഭിമുഖ വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളിപാവയായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ അവഹേളിക്കുന്നുവെന്നാണ് ബിജെപിയുടെ മറുപടി.
മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതില്‍ വിദശീകരണം ആരാഞ്ഞ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതോടെയാണ് തുടക്കം. ബിജെപിയുടെ താല്‍പര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നതെന്നായിരുന്നു മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ കളിപ്പാവയായും പോഷക സംഘടനക്ക് സമാനമായും പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വോട്ട് ചെയ്തതിന് ശേഷം വാഹന റാലി നടത്തിയ മോദിക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും കോണ്‍ഗ്രസ് സംഘടിപ്പിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കോണ്‍ഗ്രസാണ് ഭരണ ഘടനയെ അവഹേളിക്കുന്നതെന്നാണ് ബിജെപിയുടെ മറുപടി. കോണ്‍ഗ്രസ് വിമര്‍ശത്തിനെതിരെ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തി പരാതി നല്‍കി.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.