മുംബൈയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അംബേദ്കര്‍ ഭവന്‍ തകര്‍ത്തു; പ്രതിഷേധം ശക്തം

Update: 2018-02-20 13:41 GMT
മുംബൈയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അംബേദ്കര്‍ ഭവന്‍ തകര്‍ത്തു; പ്രതിഷേധം ശക്തം
Advertising

ദലിത് സാഹിത്യം പ്രോത്സാഹിപ്പിക്കാന്‍ അംബേദ്കര്‍ അച്ചടിശാലയായി തുടങ്ങിയ മന്ദിരമാണ് അധികാരികള്‍ തകര്‍ത്തത്

മുംബൈയിലെ ദാദറില്‍ അംബേദ്കര്‍ ഭവന്‍ തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ദലിത് സാഹിത്യം പ്രോത്സാഹിപ്പിക്കാന്‍ അംബേദ്കര്‍ അച്ചടിശാലയായി തുടങ്ങിയ മന്ദിരമാണ് അധികാരികള്‍ തകര്‍ത്തത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് 500 പൊലീസുകാരുടെ അകമ്പടിയോടെ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംബേദ്കര്‍ മന്ദിരം പൊളിച്ചുനീക്കിയത്.

ദലിത് സാഹിത്യം പ്രോത്സാഹിപ്പിക്കുന്നിനും ജാതിവ്യവസ്ഥക്കെതിരായ പ്രചരണത്തിനുമായി ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങിയ അച്ചടിശാലയും ലൈബ്രറിയുമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പൊളിച്ചുനീക്കിയിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ എത്തിയ പൊലീസ് സംഘമാണ് അംബേദ്കര്‍ ഭവന്‍ അടിച്ചു തകര്‍ത്തത്. അംബേദ്കര്‍ തന്റെ എഴുത്തുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്ററും പൊലീസ് അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥ സംഘം നശിപ്പിച്ചു. അംബേദ്കര്‍ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ വിശാലമായ ലൈബ്രറി ഹാളും കണ്‍വെന്‍ഷന്‍ സെന്ററും ബുക്സ്റ്റാളുമടക്കം ദളിത് ചര്‍ച്ചയുടെ മുംബൈയിലെ മുഖ്യകേന്ദ്രമായി മാറിയിരിക്കുകയായിരുന്നു. നിരവധി പുരോഗമന അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ പരിപാടികള്‍ സ്ഥിരമായി നടത്താറുള്ളതും ഈ അംബേദ്കര്‍ ഭവനിലായിരുന്നു. ഇതാണ് യാതൊരു മുന്നറിയിപ്പും കൂടാതെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയിലെ ഭിവാഡ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഒരു ഭാഗത്ത് അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags:    

Similar News