കേണല്‍ പുരോഹിതിന് സൈനിക രേഖകള്‍ കൈമാറാന്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം
കേസില്‍ പുരോഹിതിന് നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകരമാകുന്ന രേഖകള്‍ കൈമാറാനാണ് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയത്.
മാലേഗാവ് സ്ഫോടനക്കേസില്‍ കുറ്റാരോപിതനായ കേണല്‍ പ്രസാദ് പുരോഹിതിന് കേസുമായി ബന്ധപ്പെട്ട സൈനിക രേഖകള്‍ കൈമാറാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദേശം.
കേസില്‍ പുരോഹിതിന് നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകരമാകുന്ന രേഖകള്‍ കൈമാറാനാണ് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം രാജ്യസുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും ബാധിക്കാത്ത വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം.
2008ല്‍ 6 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാലേഗാല് സ്‌ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും മോദി സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കേസില്‍ കുറ്റാരോപിതനായ കേണല്‍ പ്രസാദ് പുരോഹിതിന് നിരപാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കൈമാറാന്‍ പ്രതിരോധ മന്ത്രി മനോഹര് പരീക്കറാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്ഫോടനക്കേസുകളില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന പുരോഹിതിനെതിരെ ഇതുവരെയും കുറ്റപത്രം പോലും ഫയല്‍ ചെയ്തിട്ടുമില്ല.
എന്നാല്‍ രാജ്യസുരക്ഷക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഹാനീകരമാകാത്ത തരത്തിലുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം നല്‍കിയത് എന്നാണ് പരീക്കറുടെ പ്രതികരണം. സ്ഫോടക്കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും കാണിച്ച് പല തവണ പ്രതിരോധമന്ത്രിക്ക് കത്തയച്ച പരോഹിത് കഴിഞ്ഞ നവംബര്‍ 4ന് അയച്ച കത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അനുവാദവും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ സംജോത എക്സ്പ്രസ് സ്ഫോടന ക്കേസില്‍ പുരോഹിതിനെതിരെ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം എന്‍ഐഎ ഡയറക്ടര്‍ ശരത്കുമാര്‍ വ്യക്തമാക്കിയിരുന്നു.