ലക്ഷ്മണരേഖ കടക്കരുതെന്ന് സുപ്രിംകോടതിക്ക് ശിവസേനയുടെ താക്കീത്

Update: 2018-03-02 15:35 GMT
Editor : Alwyn K Jose
ലക്ഷ്മണരേഖ കടക്കരുതെന്ന് സുപ്രിംകോടതിക്ക് ശിവസേനയുടെ താക്കീത്
Advertising

മഹാരാഷ്ട്രയിലെ ദഹി ഹന്ദി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മനുഷ്യ പിരമിഡിന് 20 അടിയില്‍ കൂടുതല്‍ ഉയരമുണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ശിവസേന രംഗത്തു വന്നത്.

വിശ്വാസത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി ആയാലും ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് ശിവസേനയുടെ താക്കീത്. മഹാരാഷ്ട്രയിലെ ദഹി ഹന്ദി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മനുഷ്യ പിരമിഡിന് 20 അടിയില്‍ കൂടുതല്‍ ഉയരമുണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ശിവസേന രംഗത്തു വന്നത്. ആഘോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പങ്കെടുക്കരുതെന്നും കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഗണേശോത്സവം, ദഹി ഹന്ദി, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതി ഇക്കാര്യത്തില്‍ അമിതമായി കൈകടത്തരുതെന്നും ശിവസേന പറയുന്നു. കോടതിയല്ല രാജ്യം ഭരിക്കേണ്ടതെന്നും അതിന് ഇവിടെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സര്‍ക്കാരുണ്ടെന്നും സേന പറഞ്ഞു. ഭരണം അവര്‍ നിര്‍വഹിച്ചോളും. സര്‍ക്കാരിനറിയാം ഏതാണ് ശരിയെന്നും തെറ്റെന്നും. ഇതിനെ പൊളിക്കാനോ ജനാധിപത്യത്തെ കൊലചെയ്യാനോ കോടതി ശ്രമിക്കരുത്. ഹിന്ദുക്കളുടെ ആചാരങ്ങളും ആഘോഷങ്ങളും പതിവു പോലെ നടക്കും. ഇത് തടയാന്‍ ശ്രമിച്ചാല്‍ അവരെ നേരിടാന്‍ ശിവസേന മുമ്പിലുണ്ടാകുമെന്നും മുഖപത്രമായ സാംമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

മഹാരാഷ്ട്ര സര്‍ക്കാറാണ് മനുഷ്യ പിരമിഡിന്റെ ഉയരം സംബന്ധിച്ച കാര്യത്തില്‍ കൃത്യത വേണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് മൂന്നിന് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ബോംബെ ഹൈകോടതി മനുഷ്യ പിരമിഡിന് 20 അടിയില്‍ കുടുതല്‍ ഉയരം പാടില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് കാണിച്ച് സാമൂഹിക പ്രവര്‍ത്തക സ്വാതി പട്ടീലും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബോംബെയില്‍ ആഗസ്റ്റ്, സെപറ്റംബര്‍ മാസത്തില്‍ കൊണ്ടാടുന്ന ആഘോഷമാണ് ദഹി ഹന്ദി. മനുഷ്യ പിരമിഡുകള്‍ നിര്‍മ്മിച്ച് തൈര് നിറച്ച് കെട്ടിയ കുടം പൊട്ടിക്കുന്ന ചടങ്ങ് ആഘോഷത്തിന്റെ ഭാഗമാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News