ഉറി ആക്രമണം: ഇന്ത്യ- പാകിസ്താന്‍ ബന്ധം പൊട്ടിത്തെറിയിലേക്കോ?

Update: 2018-03-02 01:13 GMT
ഉറി ആക്രമണം: ഇന്ത്യ- പാകിസ്താന്‍ ബന്ധം പൊട്ടിത്തെറിയിലേക്കോ?
Advertising

ആക്രമണകാരികള്‍ പാകിസ്ഥാന്‍കാരാണെന്ന് തെളിയിക്കാനായാല്‍ മാത്രമാണ് ഇനി സര്‍ക്കാറിന് പിടിച്ചു നില്‍ക്കാനാവുക.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാകിസ്താന്‍ ബന്ധം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന് സൂചന. കശ്മീരിനകത്തെ സാഹചര്യങ്ങളും കൂടുതല്‍ വഷളായേക്കും.

ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേര്‍ക്ക് നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സൂചന നല്‍കിയതോടെ ഇന്ത്യയുടെ അടുത്ത നീക്കമറിയാനായി രാജ്യം ഉറ്റുനോക്കുകയാണ്. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ രാജ്‌നാഥ് സിംഗ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോവില്ല എന്ന വ്യക്തമായ മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കി കഴിഞ്ഞു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സുരക്ഷാ വീഴ്ചയെ കുറ്റപ്പെടുത്തുന്ന പ്രതികരണമാണ് കൂടുതലും പുറത്തുവരുന്നത്. ആക്രമണകാരികള്‍ പാകിസ്ഥാന്‍കാരാണെന്ന് തെളിയിക്കാനായാല്‍ മാത്രമാണ് ഇനി സര്‍ക്കാറിന് പിടിച്ചു നില്‍ക്കാനാവുക. അതാകട്ടെ ഇന്ത്യക്കും പാകിസ്ഥാനുമടിയിലെ ബന്ധങ്ങളെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യും. സപ്തംബര്‍ 21ന് നടക്കുന്ന ഐക്യരാഷ്ട്രാ യോഗം ഇരുരാജ്യങ്ങളും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനാണ് വേദിയാവുക. ഈ യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവല്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാനും കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കാനുള്ള തയാറെടുപ്പിലായിരുന്നു.

അതേസമയം സ്വതവേ പരാജയപ്പെട്ട മോദി സര്‍ക്കാറിന്റെ കശ്മീര്‍ നയം പുതിയ സാഹചര്യത്തില്‍ കശ്മീരിനകത്തെ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ഭയവും ഉയരുന്നുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കൊണ്ട് സൈന്യത്തിനു നേര്‍ക്ക് ഇതുവരെ നടന്ന മറ്റെല്ലാ ആക്രമണങ്ങളെയും പിന്നിലാക്കുകയാണ് ഉറി സംഭവം. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കശ്മീരില്‍ ഇല്ലാതിരുന്ന ഫിദായീന്‍ ആക്രമണ ശൈലി മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഇപ്പോഴത്തെ സംഭവത്തിനുണ്ട്.

Tags:    

Similar News