ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിന് ഇന്ന് തുടക്കം
പതിനൊന്ന് മാസത്തിന് ശേഷമാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ചേരുന്നത്
ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേരിട്ട തിരിച്ചടികള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ജെഎന്‍യു, രോഹിത്ത് വെമുല, നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
പതിനൊന്ന് മാസത്തിന് ശേഷമാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ചേരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ബീഹാറില്‍ ഏറ്റ തിരിച്ചടി ഇതിന് തെളിവാണ്. ഇത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് യോഗം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ബിജെപിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് മറ്റൊരു പ്രധാന വിഷയം. കേന്ദ്രബജറ്റ് പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നുള്ള പ്രചാരണം നടത്തുന്നതിനും ബജറ്റ് തീരുമാനം നടപ്പിലാക്കുന്നതിനുമുള്ള പദ്ധതികള്‍ യോഗത്തില്‍ രൂപീകരിക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കും. അസഹിഷ്ണുത വിവാദത്തില്‍ ഉണ്ടായ തിരിച്ചടി ജെഎന്‍യു വിഷയം ഉയര്‍ത്തി കൊണ്ട് വന്ന് പ്രതിരോധിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ഇശ്റത്ത് ജഹാന്‍ വിഷയം നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കി എന്ന ആരോപണവും ബിജെപി രാഷ്ട്രീയപ്രചാരണവിഷമാക്കി ഉയര്‍ത്തി കൊണ്ടുവരും. രോഹിത്ത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലുണ്ടായ പാര്‍ട്ടി വിരുദ്ധമനോഭാവം മറികടക്കാന്‍ അംബേദ്ക്കറുടെ ജന്മദിനം പ്രമാണിച്ച് പത്ത് ദിവസത്തെ പ്രചാരണം നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ദലിത് ചേതന യാത്ര എന്ന പേരിലായിരിക്കും യാത്ര. ഏപ്രില്‍ - മെയ് മാസങ്ങളില്‍ കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനപ്രചാരണവിഷയങ്ങളെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമെടുക്കും.