ദലിതനായതിനാലാണ് തനിക്കെതിരെ നടപടിയുണ്ടായത്: ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട മന്ത്രി
സന്ദീപ് കുമാറിനെതിരെ വ്യക്തമായ തെളിവുകളാണ് ലഭിച്ചതെന്നും പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍
ദലിതനായതിനാലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് ഡല്‍ഹിയില്‍ ലൈംഗികാപവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മന്ത്രി സന്ദീപ് കുമാര്‍. താന്‍ ഇന്നും എന്നും ആം ആദ്മി പാര്‍ട്ടിയുടെ പടയാളിയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. ആ വീഡിയോയിലുള്ളത് താനല്ല. ആംആദ്മി പാര്‍ട്ടിയുടെ പേര് കളങ്കപ്പെടാതിരിക്കാനാണ് രാജിവെച്ചത്. പാര്‍ട്ടിയോടുള്ള വിധേയത്വവും ആത്മാര്‍ത്ഥതയും എന്നും ഉണ്ടാവുമെന്നും സന്ദീപ് കുമാര്‍ വ്യക്തമാക്കി.
വനിത-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാര്‍ രണ്ട് സ്ത്രീകളോടൊപ്പമുള്ള ദൃശ്യങ്ങളും ഫോട്ടോകളുമാണ് വിവാദമായത്. സിഡി പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളില്‍ സന്ദീപ് കുമാറിനെ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിനെതിരെ വ്യക്തമായ തെളിവുകളാണ് ലഭിച്ചതെന്നും പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. നടപടികള്‍ ട്വിറ്ററിലൂടെ അറിയിച്ച കെജ്‌രിവാള്‍ പിന്നീട് കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ സന്ദേശവും അയച്ചു.
അധികാരത്തിലെത്തിയതിന് ശേഷം നടപടി നേരിട്ട മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ് കുമാര്‍. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് ജിതേന്ദര്‍ തോമറിനോട് നിയമ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഭക്ഷ്യ പരിസ്ഥിതി മന്ത്രിയായിരുന്ന അസിം അഹമ്മദ് ഖാനെ പുറത്താക്കി.