ബംഗളൂരു മെട്രോയില്‍ ഹിന്ദി ബോര്‍ഡുകള്‍ വേണ്ടെന്ന് സിദ്ധരാമയ്യ
കർണാടകയിലെ ജനങ്ങളുടെ വികാരത്തിന് പ്രാധാന്യം നൽകണം
കർണാടകയിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ മെട്രോ സ്റ്റേഷനുകളിൽ ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മെട്രോ സ്റ്റേഷനുകളിൽ മൂന്ന് ഭാഷകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉചിതമല്ലെന്നും ഹിന്ദി ബോർഡുകൾ നിർബന്ധമല്ലെന്നും സിദ്ധരാമയ്യ കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ പറയുന്നു.
നിലവിലുള്ള രീതിയെ പറ്റി കേന്ദ്ര സർക്കാർ പുനരാലോചിക്കണമെന്നും ബംഗളൂരു മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച ഹിന്ദി ബോർഡുകൾ ഒഴിവാക്കാൻ മെട്രോ അധികൃതർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നഗര വികസന മന്ത്രാലയത്തിനയച്ച കത്തിൽ പറയുന്നു. കർണാടകയിൽ നടക്കുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടി ഉണ്ടായത്.
കർണാടകയിലെ ജനങ്ങളുടെ വികാരത്തിന് പ്രാധാന്യം നൽകണം, അവർക്ക് മനസിലാക്കാൻ സാധിക്കുന്ന ഭാഷകൾ ഉപയോഗിക്കുന്നതാണ് പ്രായോഗികമായ രീതി. അതുകൊണ്ടാണ് കന്ന ടയിലും ഇംഗ്ലീഷിലുമുള്ള സൂചനാ ബോർഡുകൾ ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു. ബംഗളൂരു മെട്രോയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ അധികാരമാണെന്നും അതിനാലാണ് സർക്കാർ തീരുമാനം നടപ്പാക്കിയത്.
കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് കർണാടകയിൽ ശക്തമായ പ്രക്ഷോഭം നടന്നു വരികയാണ്. ബംഗളൂരു മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടായിരുന്ന ഹിന്ദി ബോർഡുകൾ കന്നട സംഘടനകൾ നീക്കിയിരുന്നു.