ഹൈദരാബാദ് പൊലീസ് അതിക്രമം: അധ്യാപകര്‍ കൂട്ട അവധിയില്‍

Update: 2018-04-05 08:03 GMT
Editor : admin
ഹൈദരാബാദ് പൊലീസ് അതിക്രമം: അധ്യാപകര്‍ കൂട്ട അവധിയില്‍
Advertising

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടഅവധി.

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടഅവധി. സര്‍വകലാശാലയിലെ 55ലധികം അധ്യാപകരാണ് ഒരു ദിവസത്തെ അവധി എടുത്ത് ഇന്ന് പ്രതിഷേധിക്കുന്നത്. പൊലീസ് ബലാത്സംഗ ഭീഷണി മുഴക്കിയെന്ന വിദ്യാര്‍ഥിനികളുടെ പരാതി ശരിയെന്ന് വസ്തുതാന്വേഷണ കമ്മീഷന്‍ സ്ഥിരീകരിച്ചു.

വൈസ് ചാന്‍സ്‌ലര്‍ അപ്പറാവു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിലാണ് പൊലീസ് അതിക്രമം ഉണ്ടായത്. അറസ്റ്റിലായ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 27 പേര്‍ക്ക് ഇന്നലെ മിയാപ്പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അധ്യാപകരുടെ കൂട്ട അവധി. ഇതില്‍ 40 ഓളം അധ്യാപകര്‍ എസ്‌സി, എസ്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ ചെര്‍ലപ്പള്ളി ജയിലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. പൊലീസ് നടപടി കേന്ദ്ര സര്‍ക്കാറിനെ പ്രീതിപ്പെടുത്താനാണെന്ന് ഷിന്‍ഡെ ആരോപിച്ചു.

അതിക്രമത്തെ കുറിച്ച് അന്വേഷിച്ച ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പ്രതിനിധികളടങ്ങുന്ന വസ്തുതാന്വേഷണ കമ്മീഷന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തെലങ്കാന ഡിജിപി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News