മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 5 സീറ്റില്‍ ഒതുങ്ങി ബിജെപി, കോണ്‍ഗ്രസിന് 21 സീറ്റ്
മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.
മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തുകളിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 102 സീറ്റുകളില്‍ അഞ്ച് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസ് 21 സീറ്റ് നേടി കരുത്ത് തെളിയിച്ചു. എന്‍സിപിയും ശിവസേനയും 20 സീറ്റുകള്‍ വീതം നേടി.
തീരദേശ മേഖലയായ കുദാല്‍ നഗര്‍ പഞ്ചായത്തിലെ വിജയം കോണ്‍ഗ്രസിന് അഭിമാന നേട്ടമായി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ലെ ഉപതെരഞ്ഞെടുപ്പിലും കൈവിട്ടുപോയ പ്രതാപം വീണ്ടെടുക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ റാണെക്ക് കുദല്‍ നഗര പഞ്ചായത്തിലെ വിജയം സഹായമായി. കുദല്‍ നഗരപഞ്ചായത്തില്‍ 17 സീറ്റില്‍ ഒമ്പത് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ഇവിടെ ബിജെപി ഒരു സീറ്റില്‍ മാത്രമായി ഒതുങ്ങി. ഇതേസമയം, ഇവിടെ ശിവസേന ആറു സീറ്റുകള്‍ നേടി. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനെ ഇറക്കിയായിരുന്നു ഇവിടെ ബിജെപി പ്രചരണം നടത്തിയിരുന്നത്. അതേസമയം, ഉസ്മാനാബാദിലെ ലോഹാറ നഗര പഞ്ചായത്തില്‍ ശിവസേന ഒമ്പതു സീറ്റുമായി നേട്ടം കൊയ്തപ്പോള്‍ എന്‍സിപി നാലും കോണ്‍ഗ്രസ് മൂന്നും സീറ്റുകള്‍ നേടി. എന്നാല്‍ ഇവിടെ ബിജെപിക്ക് നിലംതൊടാനായില്ല.