പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവ്
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവുണ്ടായതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവുണ്ടായതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ നൂറ് കോടി ഡോളറിന്റെ കുറവുണ്ടായി എന്നാണ് കണക്കുകള്‍. 2009 ന് ശേഷം ആദ്യമായാണ് വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന തുകയില്‍ ഇടിവുണ്ടാകുന്നത്.
2014 ല്‍ 7000 കോടി യുഎസ് ഡോളറാണ് ലോകത്തെമ്പാടുമുള്ള വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍, 2015 ലെ കണക്കുകള്‍ പ്രകാരം ഇത് 6890 കോടി ഡോളറായി കുറഞ്ഞു. ലോകബാങ്കിന്റെ കുടിയേറ്റവും വികസനവും സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. കുറയുന്ന എണ്ണവില ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍നഷ്ടങ്ങളും ഇതിന്റെ കാരണങ്ങളിലൊന്നാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശത്തു നിന്ന് അയക്കുന്ന പണത്തിന്റെ തോത് കുറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക കേരളത്തിന്റെ സമ്പദ്ഘടനയെയായിരിക്കും. ശതകോടി ഡോളറിന്റെ കുറവുണ്ടായെങ്കിലും പ്രവാസികള്‍ മുഖേന ഏറ്റവും കൂടുതല്‍ വിദേശപണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. അതേസമയം, പ്രവാസികള്‍ അയക്കുന്ന പണത്തെ ആശ്രയിക്കുന്ന മിക്ക രാജ്യങ്ങളിലേക്കുള്ള വിദേശപണത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ വളര്‍ച്ചാ തോത് വല്ലാതെ ഇടിഞ്ഞു. ബംഗ്ലാദേശിലേക്ക് അയക്കുന്ന പണത്തിന്റെ വളര്‍ച്ചതോത് എട്ട് ശതമാനത്തില്‍ നിന്ന് രണ്ടരശതമാനമായി കുറഞ്ഞു. പാകിസ്ഥാനിലേക്കുള്ളത് 16.7 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായും കുറഞ്ഞു. ശ്രീലങ്കയിലേക്കുള്ളത് 9.6 ശതമാനത്തില്‍ നിന്ന് ദശാംശം അഞ്ചായും കുത്തനെ ഇടിഞ്ഞു.