ഗുജറാത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യും? മുസ്‍ലിംകള്‍ ആശയക്കുഴപ്പത്തില്‍
മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി ഈ തെരഞ്ഞെടുപ്പിലും മുസ്‍ലിം വോട്ടിംഗ് ശതമാനം കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന് കഴിഞ്ഞിട്ടും കടുത്ത ആശയക്കുഴപ്പത്തിലാണ് സംസ്ഥാനത്തെ 10 ശതമാനം വരുന്ന മുസ്‍ലിം വോട്ടര്‍മാര്‍. വംശഹത്യാനന്തര ഗുജറാത്തില്‍ വ്യവസ്ഥാപിതമായ അരികുവത്കരിക്കപ്പെട്ട സമുദായത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ ചര്‍ച്ച ചെയ്യാനോ കോണ്‍ഗ്രസിന് പോലും താല്‍പര്യമില്ല എന്നതാണ് ഈ ആശയക്കുഴപ്പത്തിന്റെ കാതല്‍. അതുകൊണ്ട് തന്നെ മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി ഈ തെരഞ്ഞെടുപ്പിലും മുസ്‍ലിം വോട്ടിംഗ് ശതമാനം കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
അഹമ്മദാബാദിനടുത്തുള്ള ജുഹാന്‍ പുര. ഏതാണ്ട് 10 ലക്ഷത്തോളം മുസ്‍ലിംകള്‍ ഈ പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ജുഹാന്‍പുര ടൌണിലെ പ്രശസ്തമായ തവക്കല്‍ ചായക്കട പതിവ് പോലെ തിരക്കിലാണ്. ഒരു ചായ കുടിച്ച് രാഷ്ട്രീയം പറയാന്‍ പക്ഷെ ആര്‍ക്കും താല്‍പര്യമില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും ഒഴിഞ്ഞ് മാറി. സംസാരിച്ചവര്‍ക്ക് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണത്തെക്കുറിച്ച് ഒരുപാട് പരാതികളുണ്ട്. തങ്ങളനുഭവിക്കുന്ന അസ്ഥിത്വ പ്രതിസന്ധിയെക്കുറിച്ചും വിവരിക്കാനുണ്ട്. പക്ഷെ ഒരു ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിക്കാണ് പിന്തുണ?
തെരഞ്ഞെടുപ്പിനോടും രാഷ്ട്രീയത്തോടും ഗുജറാത്തിലെ മുസ്‍ലിമിന്റെ പൊതുമനസ്സാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് ഇരയായിട്ടും അതിന് ശേഷം മുഖ്യധാരയില്‍ നിന്ന് വ്യവസ്ഥാപിതമായി പിന്തള്ളിയിട്ടും സംസ്ഥാനത്തെ മുസ്‍ലിം ജീവിതം ഒരു രാഷ്ട്രീയ വിഷയമേ അല്ല കോണ്‍ഗ്രസിന് പോലും.
ബിജെപിയോടും കോണ്‍ഗ്രസിനോടുമുള്ള രോഷം മുസ്‍ലിംകളെ വോട്ടെടുപ്പ് ദിവസം വീട്ടില്‍ തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്‍ലിം വോട്ടിംഗ് ശതമാനം തുടര്‍ച്ചയായി കുറയുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ മുജാഹിദ് പറഞ്ഞു. 2012ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മുസ്‍ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഗുജറാത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.