വനിത മോട്ടോര്‍ സൈക്കിളിസ്റ്റ് വീനു പലിവാല്‍ അപകടത്തില്‍ മരിച്ചു
വീനു സഞ്ചരിച്ചിരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്...
ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളേയും യാത്രകളേയും ജീവനുതുല്യം സ്‌നേഹിച്ച വീനു പാലിവാല്‍ എന്ന യാത്രികക്ക് റോഡപകടത്തില്‍ ദാരുണാന്ത്യം. തന്റെ ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ രാജ്യം ചുറ്റുകയെന്ന സ്വപ്‌ന യാത്രക്കിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ വെച്ചുണ്ടായ അപകടത്തിലാണ് 44കാരിയായ വീനു പാലിവാലിന് ജീവന്‍ നഷ്ടമായത്.
ഭോപ്പാലിലേക്കുള്ള യാത്രാമധ്യേ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെല്‍മെറ്റും ജാക്കറ്റും നീ പാഡുകളും അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നെങ്കിലും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. മറ്റൊരു ബൈക്കറായ ദിപേഷ് തന്‍വാറിനൊപ്പമാണ് വീനു തന്റെ സ്വപ്‌ന സഞ്ചാരത്തിനിറങ്ങിയത്. മറ്റൊരു ബൈക്കില്‍ വീനുവിനൊപ്പമുണ്ടായിരുന്ന ദിപേഷും ചേര്‍ന്നാണ് അപകടം നടന്ന ഉടനെ അവരെ ആശുപത്രിയിലെത്തിച്ചത്.
മണിക്കൂറില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പറപ്പിച്ചാണ് വീനു പാലിവാല്‍ ശ്രദ്ധേയയാകുന്നത്. തന്റെ ഇന്ത്യാ യാത്രയെ ഡോക്യുമെന്ററിയാക്കാനും അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ജയ്പൂര്‍ സ്വദേശിനിയായ വീനു കോളജ് കാലത്താണ് ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത്. സുഹൃത്തുക്കളായിരുന്നു വീനുവിന്റെ ബൈക്ക് പ്രേമത്തിന്റെ ഇന്ധനം. ജയ്പൂരില്‍ സ്വന്തമായി റെസ്‌റ്റോറന്റും ഇവര്‍ നടത്തിയിരുന്നു.
പൊടുന്നനെ ഒരു ദിവസം കൊണ്ട് ആരംഭിച്ചതായിരുന്നില്ല വീനു പാലിവാലിന്റെ ഹാര്‍ലി ഡേവിസണ്‍ യാത്രകള്‍. ബൈക്ക് പ്രേമിയായ പിതാവ് തന്നെയായിരുന്നു വീനുവിന്റെ മാതൃക. വീനുവിന്റെ ഹാര്‍ലി കമ്പത്തോട് എതിര്‍പ്പുള്ളയാളായിരുന്നു ഭര്‍ത്താവ്. ഈ ബന്ധം തന്നെ വേര്‍പ്പെടുത്തിയാണ് വീനു തന്റെ ഹാര്‍ലി ഡേവിസനോടും യാത്രകളോടുമുള്ള ഇഷ്ടം പ്രഖ്യാപിച്ചത്.