എസ്ബിഐ - എസ്ബിടി ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

Update: 2018-04-15 18:19 GMT
എസ്ബിഐ - എസ്ബിടി ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
Advertising

എസ്ബിടി ഉള്‍പ്പെടെ 5 ബാങ്കുകള്‍ക്ക് എസ്ബിഐയുമായി ലയിക്കാം.

ബാങ്ക് ലയനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം 5 അസോസിയേറ്റ് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുക. വിവിധ സംസ്ഥാനങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് ലയന തീരുമാനം. ഭാരതീയ മഹിളാബാങ്കിനെ എസ്ബിഐയുമായി ലയിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക. ആഗോള‌തലത്തില്‍ ഏറ്റവും വലിയ 10 ബാങ്കുകളുടെ പട്ടികയില്‍ ഇതോടെ എസ്ബിഐ ഇടം പിടിക്കും. നിലവില്‍ 28 ലക്ഷം കോടി രൂപ ആസ്തിയുള്ള എസ്ബിഐ ലയനത്തോടെ 37 ലക്ഷം ‌കോടി രൂപ ആസ്തിയുള്ള സ്ഥാപനമാകും.

ലയനത്തിന് ശേഷം 22500 ശാഖകളും 58000 എടിഎമ്മുകളും 50 കോടി ഉപഭോക്താക്കളുമുള്ള ബാങ്കായി എസ്ബിഐ മാറും. ബാങ്കിങ് വിപണിയുടെ 25 ശതമാനവും എസ്ബിഐയുടെ കൈകളിലാകും. മഹിളബാങ്ക് എസ്ബിഐയുമായി ലയിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

എസ്ബിടിയെ ലയിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ പ്രതിഷേധമറിയിച്ചിരുന്നു. കേരളത്തിലെ വികസനതാല്‍പര്യങ്ങള്‍ക്ക് തടസ്സമാകുമെന്നും ജനങ്ങള്‍ക്ക് സേവനം നിഷേധിക്കപ്പെടുമെന്നുമുള്ള ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ലയനം പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ജീവനക്കാരുടെ ആരോപണം. ജീവനക്കാരുടെ സ്ഥാനകയറ്റത്തെയും ശമ്പളഘടനയെയും ഇത് പ്രതികൂലമായി ബാധിക്കും.

Tags:    

Similar News