ആഫ്രിക്കന്‍ വംശജര്‍ ശല്യമെന്ന് ഗോവ മുഖ്യമന്ത്രി
ആഫ്രിക്കന്‍ വംശജരുടെ പെരുമാറ്റവും ജീവിതരീതിയും ശല്യമുണ്ടാക്കുന്നതാണ് എന്നാണ് പര്‍സേക്കറുടെ പ്രസ്താവന
രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിലുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങവേ വിവാദ പ്രസ്താവനയുമായി ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍. ആഫ്രിക്കന്‍ വംശജരുടെ പെരുമാറ്റവും ജീവിത രീതിയും ശല്യമുണ്ടാക്കുന്നതാണ് എന്നാണ് പര്‍സേക്കറുടെ പ്രസ്താവന. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പനജിയിലെ അസാഗോ ഗ്രാമത്തിലെ ഒരു യുവതി നല്‍കിയ പരാതി ഉന്നയിച്ചായിരുന്നു ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുടെ വംശീയ പ്രസ്താവന. നൈജീരിയന്‍ സ്വദേശി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആഫ്രിക്കന്‍ വംശജരുടെ പെരുമാറ്റവും ജീവിതരീതിയും ശല്യമുണ്ടാക്കുന്നതാണ് എന്നും പര്‍സേക്കര്‍ പറഞ്ഞു.
ആ സംഭവം സാമാന്യവല്‍ക്കരിക്കാനാകില്ല എങ്കിലും ഗോവന്‍ ജനത ആഫ്രിക്കക്കാരുടെ സാന്നിധ്യത്തില്‍ തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കക്കാരെക്കൊണ്ടുള്ള പ്രശ്നം ഗോവയില്‍ മാത്രമല്ല. രാജ്യത്താകമാനമുണ്ട്. ചെറിയ കേസുകളില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെട്ട് നിയമനടപടികളുടെ പേരില്‍ സംസ്ഥാനത്ത് സ്ഥിരമായി കഴിയുന്ന ഇവര്‍ ലഹരി മരുന്നിനടിമകളാണെന്നും പര്‍സേക്കര്‍ പറഞ്ഞു.