സുഹൃത്തിന്റെ അനധികൃത റിസോര്‍ട്ട് സംരക്ഷിക്കാന്‍ സച്ചിന്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടിയതായി ആരോപണം

Update: 2018-04-17 02:34 GMT
Editor : Ubaid
സുഹൃത്തിന്റെ അനധികൃത റിസോര്‍ട്ട് സംരക്ഷിക്കാന്‍ സച്ചിന്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടിയതായി ആരോപണം
Advertising

സച്ചിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഞ്ജയ് നാരംഗിന്റെ പങ്കാളിത്തതിലുള്ള റിസോര്‍ട്ടിനെതിരായ നടപടികള്‍ തടയാനാണ് കഴിഞ്ഞ വര്‍ഷം സച്ചിന്‍ പ്രതിരോധമന്ത്രിയെ കണ്ടത്.

പ്രതിരോധവകുപ്പിന്റെ സ്ഥലം കൈയേറി നിര്‍മ്മിച്ച സുഹൃത്തിന്റെ റിസോര്‍ട്ട് സംരക്ഷിക്കാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ സഹായം തേടിയതായി ആരോപണം. സച്ചിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഞ്ജയ് നാരംഗിന്റെ പങ്കാളിത്തതിലുള്ള റിസോര്‍ട്ടിനെതിരായ നടപടികള്‍ തടയാനാണ് കഴിഞ്ഞ വര്‍ഷം സച്ചിന്‍ പ്രതിരോധമന്ത്രിയെ കണ്ടത്.

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോർട്ട് നിർമാണത്തിനിടെ കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന് പ്രവർത്തനാനുമതി നിഷേധിച്ചത്. നിയന്ത്രിത നിർമാണങ്ങൾക്കുമാത്രം അനുമതിയുള്ള ഈ പ്രദേശത്ത് ടെന്നിസ് കോർട്ട് നിർമിക്കാനാണ് നാരംഗ് അനുവാദം തേടിയതെന്നും ഇതിന്റെ മറപറ്റി പിന്നീട് വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

പ്രശ്‌നത്തിലിടപ്പെട്ട സച്ചിന്‍ ആസ്‌ട്രേലിയയിലേക്കുള്ള തന്റെ യാത്ര പോലും മാറ്റിവച്ചാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ കണ്ടത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഴുവന്‍ സച്ചിനില്‍ നിന്ന് പ്രതിരോധമന്ത്രി കേട്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ അദേഹം തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

അതേ സമയം സുഹൃത്തിനായി പ്രതിരോധ മന്ത്രിയെ കണ്ടിരുന്നെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതിച്ചു. എന്നാല്‍ അതില്‍ തനിക്ക് സാമ്പത്തിക താല്‍പര്യമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മസൂറിയിലെ ലന്തോര്‍ കന്റോണ്‍മെന്റിലെ ഭൂമിയില്‍ സച്ചിന് യാതൊരു സാമ്പത്തിക താല്‍പര്യവുമില്ലെന്നും സഞ്ജയ് നരങിന് വേണ്ടിയാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നും സച്ചിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News