ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

Update: 2018-04-17 06:32 GMT
Editor : Sithara
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ
Advertising

കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. നിശ്ശബ്ദ പ്രചാരണ മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപിയും കോണ്‍ഗ്രസ്സും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് പ്രചാരണം നടത്തും.

ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പട്ടിദാര്‍ സമുദായത്തിന്റെ ശക്തി കേന്ദ്രമാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, കച്ച് മേഖലകള്‍. സൗരാഷ്ട്രയിലെ 48 സീറ്റുകള്‍ ഏറെ നിര്‍ണ്ണായകം. നിലവില്‍ ഇവിടെ ബിജെപിക്കുള്ള 30 സിറ്റിങ്ങ് സീറ്റുകളെങ്കിലും പട്ടിദാര്‍ സമുദായത്തിന്‍റെ പിന്തുണയുടെ ബലത്തില്‍ പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്‌ഘോട്ട് വെസ്റ്റ് മണ്ഡലത്തിലും ഇത്തവണ പോരാട്ടം ശക്തം. 2002ല്‍ മുഖ്യമന്ത്രിയാകാന്‍ മോദി തിരഞ്ഞെടുത്ത രാജ് കോട്ട് വെസ്റ്റ് ബിജെപിയുടെ എക്കാലത്തെയും സുരക്ഷിത മണ്ഡലമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്ന ജാം നഗര്‍ റൂറലിലും മത്സരം ശക്തമാണ്.

അതേസമയം കോണ്‍ഗ്രസിന് ഇത്തവണ വന്‍മുന്നറ്റമുണ്ടാക്കാനാകുമെങ്കിലും ബിജെപി തന്നെ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ബിജെപിക്ക് നേരിയ ആശ്വാസമേകുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 89 നിയമസഭാ മണ്ഡലങ്ങളിലായി ആകെ മത്സരരംഗത്തുള്ളത് 57 വനിതകള്‍ അടക്കം 977 സ്ഥാനാര്‍ത്ഥികളാണ്. നാളെ രാവിലെ 8 മണി മുതല്‍ 5 മണി വരെയാണ് വോട്ടെടുപ്പ്. കനത്ത സുരക്ഷാ വലത്തിലാണ് പോളിംഗ് ബൂത്തുകള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News